കള്ളപ്പണവും കള്ളനോട്ടും തടയാനെന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച നോട്ടുനിരോധനം വിഫലമായി. രാജ്യത്ത് പ്രചാരത്തിലിരിക്കുന്ന 4.57 ലക്ഷം കോടിയുടെ കറന്‍സി നോട്ടുകളില്‍ മൂന്ന് ശതമാനത്തിലേറെ കള്ളനോട്ടുകളാണെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്ക്. നോട്ടുനിരോധനം വിപരീതഫലം സൃഷ്ടിച്ച് സമ്പദ്ഘടനയുടെ നിയന്ത്രണം തന്നെ കള്ളപ്പണക്കാരും കള്ളനോട്ടടിക്കാരും ഏറ്റെടുത്ത ഭീതിജനകമായ അവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കണക്കുകള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ പ്രചാരത്തിലുള്ള കറന്‍സികളില്‍ 2.28 ലക്ഷം കോടി രൂപയുടെ വര്‍ധനവുണ്ടായെന്നാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 26ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്ക്. കറന്‍സികളുടെ പ്രചാരണത്തിന് ആനുപാതികമായി കള്ളനോട്ടുകളുടെ പ്രചാരവും വര്‍ധിക്കുന്ന ആശങ്കാജനകമായ പ്രതിഭാസം. കള്ളനോട്ടുകളില്‍ നാലു ശതമാനത്തിന്റെ വര്‍ധന.
കേന്ദ്രസര്‍ക്കാരും കള്ളനോട്ടുകളുടെ ആശങ്കാജനകമായ ആധിക്യം സമ്മതിക്കുന്നുവെങ്കിലും വ്യാജ കറന്‍സികളുടെ വ്യാപ്തി മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. ഡിസംബര്‍ 18ന് കേന്ദ്ര ധനസഹ മന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ സമര്‍പ്പിച്ച കണക്കനുസരിച്ച് കള്ളനോട്ടുവേട്ട മന്ദീഭവിച്ചിരിക്കുകയാണ്. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 2017 മുതല്‍ 21 വരെ 35 കള്ളനോട്ടു കേസുകളാണെടുത്തിട്ടുള്ളതെന്ന കണക്കുതന്നെ സംശയാസ്പദം. വ്യാജനോട്ട് വേട്ട വഴിപാടായി ചുരുങ്ങുന്നുവെന്നര്‍ഥം. 2019 ല്‍ രജിസ്റ്റര്‍ ചെയ്തത് വെറും 14 കേസുകള്‍. ഈ വര്‍ഷമായപ്പോള്‍ ഡിസംബര്‍ വരെ ഒറ്റ കേസുമാത്രം. 35 കേസുകളിലായി 135 പേരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. രാജ്യത്ത് കള്ളനോട്ടു കേസുകളില്‍ പത്തു വര്‍ഷത്തിനുള്ളില്‍ അറസ്റ്റിലായവരുടെ സംഖ്യ 13,538 ആണെങ്കില്‍ മോഡി ഭരണത്തിന്‍ കീഴില്‍ അറസ്റ്റിലായവര്‍ കേവലം 35. കള്ളനോട്ടുകളുടെ അച്ചടി വ്യാപകമാകുന്നതു തടയാന്‍ കറന്‍സികളിലെ സെക്യൂരിറ്റി കോഡ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ അത്യാധുനികമാക്കുമെന്ന ഉറപ്പും കേന്ദ്ര സര്‍ക്കാര്‍ നല്കുന്നുണ്ട്. എന്നാല്‍ നോട്ടുകളുടെ അച്ചടി സമ്പ്രദായം പരിഷ്കരിക്കാന്‍ തല്ക്കാലം ഉദ്ദേശ്യമില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്.
രാജ്യത്ത് ഏറ്റവുമധികം പ്രചാരത്തിലുള്ള 500 രൂപ നോട്ടുകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 31 ശതമാനത്തിന്റെ വര്‍ധന ഈ വര്‍ഷം ഉണ്ടായതായി റിസര്‍വ് ബാങ്ക് പറയുന്നു. ഈ കണക്കില്‍ കള്ളനോട്ടുകളുടെ കണക്ക് ഉള്‍പ്പെടുന്നില്ലെന്ന റിസര്‍വ് ബാങ്കിന്റെ കുമ്പസാരം വിചിത്രം. പ്രചാരത്തിലുള്ള നോട്ടുകളുടെ നാലിലൊന്നും 500 രൂപ നോട്ടുകളാണ്. കഴിഞ്ഞ വര്‍ഷം വിവിധ ബാങ്കുകളിലെത്തിയ കറന്‍സിയില്‍ 3.9 ശതമാനവും കള്ളനോട്ടുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാങ്കുകളിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം കണ്ടുപിടിക്കപ്പെട്ടത് 25.3 കോടിയുടെ വ്യാജ കറന്‍സികള്‍. സംസ്ഥാനങ്ങളിലെ പൊലീസ് അടക്കമുള്ള വിവിധ ഏജന്‍സികള്‍ പിടികൂടിയത് മുന്നൂറോളം കോടിയുടെ കള്ളനോട്ടുകളാണ്. കഴിഞ്ഞ മാസം കൊച്ചിയില്‍ പൊലീസ് നടത്തിയ ഒരൊറ്റ റെയ്ഡില്‍ പിടികൂടിയത് 1.8 കോടിയുടെ വ്യാജ കറന്‍സി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല്പതോളം കള്ളനോട്ടടി ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.