Site iconSite icon Janayugom Online

വലയെറിഞ്ഞ് ചെല്‍സി: റഹീം സ്റ്റെര്‍ലിങ്, റിച്ചാര്‍ലിസണ്‍, ജൂള്‍സ് കോണ്ടെ തുടങ്ങിയവര്‍ പട്ടികയില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വന്‍ താരനിരയെ സ്വന്തമാക്കാന്‍ തയാറെടുത്ത് ലണ്ടന്‍ ക്ലബ്ബായ ചെല്‍സി. എതിരാളികളായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌ട്രൈക്കറായ റഹീം സ്റ്റെര്‍ലിങ്ങിനെ ടീമിലെത്തിക്കാനാണ് പുതിയ ഉടമകളുടെ നീക്കം. കഴിഞ്ഞ വര്‍ഷം ഒരു മികച്ച സ്‌ട്രൈക്കറുടെ അഭാവം ചെല്‍സിയിലുണ്ടായിരുന്നു. വന്‍ തുക മുടക്കി വീണ്ടും ടീമിലെത്തിച്ച റൊമേലു ലുക്കാക്കു വേണ്ടവിധത്തില്‍ തിളങ്ങാതായത് ചെല്‍സിയുടെ കീരീടസാധ്യതകളെ ഏറെ പ്രതികൂലമായി ബാധിച്ച ഘടകങ്ങളിലൊന്നായിരുന്നു. ഹക്കിം സിയെച്ച്, ക്രിസ്റ്റ്യന്‍ പുലിസിച്ച്, ടിമോ വെര്‍ണര്‍ തുടങ്ങിയ മുന്നേറ്റനിരയ്ക്കും ഗോളടിയില്‍ മികവ് കാട്ടാനായിരുന്നില്ല. ഇതിന് പരിഹാരം കണ്ടെത്തുകയാണ് ചെല്‍സിക്ക് അടുത്ത സീസണിലേക്ക് ഏറ്റവും അവശ്യമായ ഘടകം. ലുക്കാക്കു ഇറ്റാലിയന്‍ ലീഗിലേക്ക് മടങ്ങുമെന്നും ഏകദേശം ഉറപ്പായിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി മുന്നോട്ടുവയ്ക്കുന്ന സ്റ്റെര്‍ലിങ്ങിന്റെ വില 60 മില്യണ്‍ യൂറോയാണെന്ന് ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ നല്‍കുന്ന ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത വര്‍ഷം വരെയാണ് താരത്തിന്റെ സിറ്റിയുമായുള്ള കരാര്‍. ചെല്‍സിയാകട്ടെ ട്രാന്‍സ്ഫര്‍ സീസണില്‍ ഇതുവരെ വലിയ ഇടപാടുകളൊന്നും നടത്തിയിട്ടുമില്ല. റഹീം സ്റ്റെർലിങ് ചെൽസിയിലേക്ക് ചേക്കേറാൻ തയാറാണെന്ന് ഇഎസ്‌പിഎൻ റിപ്പോര്‍ട്ട് ചെയ്തു. താരത്തിന് ക്ലബ്ബ് വിടണമെങ്കിൽ മാഞ്ചസ്റ്റർ സിറ്റി അതിനു തടസം നിൽക്കില്ലെന്നും സൂചനയുണ്ട്. 339 മത്സരത്തില്‍ നിന്നും 131 ഗോളാണ് സ്‌റ്റെര്‍ലിങ് സിറ്റിക്കായി നേടിയത്. കഴിഞ്ഞ അഞ്ച് പ്രിമിയര്‍ ലീഗ് സീസണുകളിലും 10 ഗോളിന് മുകളില്‍ നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. മറ്റൊരു സിറ്റി താരമായ ഗബ്രിയേൽ ജീസസിനെയും ചെല്‍സി പരിഗണിക്കുന്നുണ്ട്. എവർട്ടണിന്റെ ബ്രസീലിയൻ സ്‌ട്രൈക്കറായ റിച്ചാർലിസനെ ചെൽസിയിലെത്തിക്കാനും സാധ്യതയുണ്ട്. അതേസമയം ആഴ്‌സണലും താരത്തിനു വേണ്ടി രംഗത്തുണ്ട്. ഇതിനുപുറമെ ബാഴ്സലോണയുടെ ഒസ്മാനെ ഡെംബലെയും ചെല്‍സിയുടെ പട്ടികയിലുണ്ട്.

Eng­lish sum­ma­ry; sports updates

You may also like this video;

Exit mobile version