മുസ്ലിംലീഗിനെ മുൻനിർത്തി എല്ലാ തീവ്ര മത വര്‍ഗീയ ശക്തികളെയും കൂട്ടിയോജിപ്പിച്ച് ജനങ്ങൾക്കിടയിൽ ഇടതുപക്ഷത്തിനെതിരെ തെറ്റിധാരണ പരത്താനുള്ള പരിശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി. ഭരണം പിടിക്കാനുള്ള വെപ്രാളത്തിൽ ജമാ അത്ത് ഇസ്ലാമി അടക്കമുള്ള തീവ്ര മത രാഷ്ട്രവാദികൾക്ക് നല്ല സർട്ടിഫിക്കേറ്റ് നൽകുന്നതിന്റെ വക്താവായിരിക്കുന്നു വിഡി സതീശൻ. എൽഡിഎഫ് മധ്യമേഖല ജാഥയുടെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യാന്തര തീവ്രവാദികളുടെ പടങ്ങൾ ഉയർത്തി സമരം നടത്തിയ ഇക്കൂട്ടരുടെ മതേതരത്വവും ദേശസ്നേഹവും നാട്ടുകാർക്ക് ബോധ്യമുള്ളതാണ്. അധികാരത്തിനായി എന്തു നെറികേടിനും മടിയില്ലാതെ കള്ളം പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നവരെ കേരള ജനത എക്കാലവും അധികരത്തിന് പുറത്തിരുത്തിയിട്ടുണ്ട്, പിപി സുനീർ ചൂണ്ടിക്കാട്ടി.
ഇന്ത്യ അമേരിക്കൻ കരാർ രാജ്യത്തിന്റെ പരമാധികാരത്തിനുനേരെയുള്ള ആക്രമണമാണ്. കാർഷിക മേഖലയ്ക്കും സാമ്പത്തിക വ്യവസ്ഥയ്ക്കും നേരെയുള്ള കയ്യേറ്റവും, അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ യുഎസിന് വലിയ ഇളവുകൾ നൽകി. ഇന്ത്യൻ നയങ്ങൾ തീരുമാനിക്കുന്നത് അമേരിക്കയെന്ന നിലയാണ് ഇപ്പോൾ.
മോഡി ഭരിക്കുന്ന ബിജെപി സർക്കാരിന്റേത് ട്രംപിന് മുന്നിലെ നാണംകെട്ട കീഴടങ്ങലാണ്. കരാറിന്റെ പൂർണ വിവരങ്ങൾ പാർലമെന്റിൽ വയ്ക്കാൻ കഴിയുന്നില്ല. ട്രംപ് ഏകപക്ഷീയമായി കരാറിന്റെ വ്യവസ്ഥകൾ നിശ്ചയിക്കുന്നു. വ്യാപാര കരാറിന്റെ പേരിൽ അമേരിക്കയുടെ സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പരമാധികാരം മോഡി സർക്കാർ പൂർണ്ണമായി അടിയറവ് വെക്കുകയാണ്, പി പി സുനീർ കൂട്ടിച്ചേർത്തു.
മുസ്ലിംലീഗിനെ മുൻനിർത്തി തീവ്രമതവര്‍ഗീയ ശക്തികളെ കൂട്ടിയോജിപ്പിച്ച് ഇടതുപക്ഷത്തിനെതിരെ തെറ്റിധാരണ പരത്തുന്നു: പി പി സുനീർ

