Site iconSite icon Janayugom Online

ഇലഞ്ഞിപ്പൂ മണമുള്ള പാട്ടുകള്‍

“കൂട്ടിരിക്കാൻ പാട്ടുകളുണ്ട്
ഓർത്തുവച്ച രാഗങ്ങളുണ്ട്
ഇന്നുമെന്നിൽ സ്വപ്‌നങ്ങൾ തൻ
തൊങ്ങലുകൾ ബാക്കിയുണ്ട്.. ”

എൺപതുകളുടെ തുടക്കത്തിലാണ്. ഡിസംബറിലെ ഒരു നനുത്ത പ്രഭാതം. അടുക്കളയിലെ റേഡിയോയിൽ നിന്നും ഒഴുകിയെത്തുന്ന ജാനകിയമ്മയുടെ മധുര സ്വരം.
“സുന്ദരരാവിൽ ചന്ദനമുകിലിൽ
മന്ത്രങ്ങളെഴുതും ചന്ദ്രികേ
അനുരാഗത്തിൻ ആദ്യനൊമ്പരം
ആത്മനാഥനൊടെങ്ങിനെ പറയും”

ചുട്ടുപൊള്ളുന്ന ദോശക്കല്ലിലേക്ക് മാവൊഴിക്കുന്നതിനിടയിൽ തന്റെ പ്രിയ ഗാനത്തിന്റെ വരികൾ ഏറ്റുമൂളുന്ന അപ്പച്ചിയുടെ കണ്ണുകളിലെ ഭാവം ഒരു പത്തുവയസ്സുകാരിക്ക് വായിക്കാവുന്നതിനപ്പുറമായിരുന്നു. ആ വരികളുടെ സ്രഷ്ടാവിനെക്കുറിച്ച് ചിന്തിക്കാനുള്ള പക്വതയും അന്നവൾക്കില്ലായിരുന്നു. കുറച്ചു കൂടി മുതിർന്നപ്പോൾ അപ്പച്ചി എപ്പോഴും മൂളുന്ന ആ വരികളുടെ അർത്ഥവും ആ കണ്ണുകളിൽ മിന്നിമറയുന്ന ഭാവവും അവൾക്ക് മനസ്സിലായി. ഒരു ഇടവപ്പാതിക്കാലത്ത് കോരിച്ചൊരിയുന്ന മഴയുടെ താളത്തിനൊത്ത് വികാരനിർഭരമായി അപ്പച്ചി ആ കഥ പറയുമ്പോൾ ആ ഗാനം ശ്രീകുമാരൻ തമ്പി അപ്പച്ചിക്കു വേണ്ടി എഴുതിയതുപോലവൾക്കു തോന്നി. ഇന്നും ആ ഗാനം കേൾക്കുമ്പോൾ തോന്നാറുണ്ട് അന്നെന്റെ കണ്ണുകളിൽ പടർന്ന നനവ് ഇന്നും മായാതെ നിൽക്കുന്നതായി.
ശ്രീകുമാരൻ തമ്പി… വിശേഷണങ്ങൾകൊണ്ട് അടയാളപ്പെടുത്താനാവാത്ത ഇതിഹാസം. കവി, കഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്രഗാനരചയിതാവ്, സംഗീത സംവിധായകൻ, നിർമ്മാതാവ്, സംവിധായകൻ. ഇതിലെല്ലാമുപരി ആരോടും സ്വന്തം നിലപാട് വെട്ടിത്തുറന്ന് പറയുന്ന ധിക്കാരി… മലയാളിയുടെ പുണ്യം. മലയാളി തന്റെ ഹൃദയത്തിലേറ്റിയ ഹൃദയരാഗങ്ങളുടെ കവിയ്ക്ക് വിശേഷണങ്ങളനവധിയാണ്. എന്നാൽ ആസ്വാദക മനസ് പ്രണയാതുരമാക്കുന്ന ആയിരക്കണക്കിന് പ്രണയഗാനങ്ങളുടെ സ്രഷ്ടാവ് വിശേഷണങ്ങൾക്കതീതനാണ്.
1960- ൽ പ്രഥമ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തുമ്പോൾ തമ്പിക്ക് പ്രായം 20 വയസ്സ്. അവിടുന്നങ്ങോട്ട് സിനിമയും സാഹിത്യരചനയും പരസ്പരം ലയിച്ചുചേർന്ന് ഏതാണുമെച്ചമെന്ന് വേർതിരിക്കാനാവാത്ത ജൈത്രയാത്ര. 26–ാം വയസ്സിൽ പാട്ടെഴുതാൻ തുടങ്ങിയ പയ്യൻ ഏഴു വർഷം കഴിഞ്ഞപ്പോൾ 33–ാം വയസ്സിൽ നിർമാണവും സംവിധാനവും തുടങ്ങുന്നു. എൺപത്തിരണ്ടിന്റെ നിറവിൽ എത്തിനിൽക്കുമ്പോൾ, ആസ്വാദക ലക്ഷങ്ങൾ നെഞ്ചിലേറ്റിയ, മലയാളിയുടെ മനസ്സ് പ്രണയാതുരമാക്കിയ അദ്ദേഹത്തിന്റെ ചുരുക്കം ചില ഗാനങ്ങളിലൂടെ, എന്റെ പ്രിയ ഗാനങ്ങളിലൂടെ ഒരു യാത്ര.
പതിനെട്ടാമത്തെ വയസ്സിൽ തന്റെ പ്രണയിനിയെക്കുറിച്ച് ഒരു കൗമാരക്കാരൻ എഴുതിയ ഗാനമാണ് “കരിനീലക്കണ്ണുള്ള പെണ്ണേ…” എന്നു തുടങ്ങുന്ന ഗാനം. തന്നെ വിട്ടുപോയ പ്രണയിനിയെക്കുറിച്ചോർക്കുമ്പോൾ അന്ന് താനെഴുതിയ ആ ഗാനത്തിലെ അവസാന വരികളോർത്ത് ഇന്ന് അഭിമാനം കൊള്ളുന്നുവെന്ന്. പറയാൻ ശ്രീകുമാരൻ തമ്പിയ്ക്കല്ലാതെ മറ്റാർക്കാണ് കഴിയുക.

“ഒരു ദു: ഖരാത്രിയിൽ നീയെൻ
രഥമൊരു മണൽക്കാട്ടിൽ വെടിഞ്ഞു
അതു കഴിഞ്ഞോമനെ നിന്നിൽ..
പുത്തൻ അനുരാഗ സന്ധ്യകൾ പൂത്തു… ”

( മധുര ഗീതങ്ങൾ വോളിയം 1) ഒരു കൗമാരക്കാരന് എങ്ങനെ ഈ വരികളെഴുതാൻ കഴിയുന്നെന്ന് അദ്ദേഹത്തിനൊപ്പം ആസ്വാദകരും അത്ഭുതപ്പെടുന്നു.
1966ൽ തിരുവനന്തപുരത്തെ മെരിലാൻഡ് സ്റ്റുഡിയോ ഉടമയുംനിർമ്മാതാവുമായിരുന്ന പി സുബ്രഹ്മണ്യത്തിന്റെ ‘കാട്ടുമല്ലിക’ എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചു കൊണ്ടാണ്ചലച്ചിത്രലോകത്തേക്കുള്ള ശ്രീകുമാരൻ തമ്പിയുടെ ചുവടുവയ്പ്. തുടർന്ന് 68 ൽ ആ തൂലികയിൽ വിരിഞ്ഞ നിത്യഹരിത പ്രണയ ഗാനം
‘ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിൻ കഥ പറയൂ… (പാടുന്ന പുഴ) കവിക്കന്ന് പ്രായം 27. കാലത്തെ അതിജീവിച്ചു കൊണ്ട് ആ ഗാനമിന്നും കാമുക ഹൃദയങ്ങളിൽ ഒരു പ്രണയ പുഷ്പമായി പരിമളം പടർത്തുന്നു.. ഈ ഗാനം മൂളാത്തവരായി മലയാളക്കരയിൽ ആരുണ്ട്.?
തൊട്ടടുത്ത വർഷം ദക്ഷിണാ മൂർത്തി സ്വാമിയുടെ സംഗീതത്തിൽ ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിൻ ചിരിയിലലിയുന്നെൻ ജീവരാഗം’ എന്ന എക്കാലത്തെയും ഹിറ്റ്. തൂലികയിൽ വിരിയുന്നതെന്തും ഹിറ്റാവുന്ന മാജിക് ശ്രീകുമാരൻ തമ്പിക്ക് മാത്രം സ്വന്തം.
ഡെയ്ഞ്ചർ ബിസ്ക്കറ്റ് എന്ന ചിത്രത്തിൽ ദക്ഷിണാ മൂർത്തി സ്വാമി ഖരഹരപ്രിയരാഗത്തിൽ ചിട്ടപ്പെടുത്തി ഗാന ഗന്ധർവൻ അനശ്വരമാക്കിയ ഗാനം.

“ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു
കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ
നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു…”
ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽ
അർജ്ജുനനായ് ഞാൻ അവൾ ഉത്തരയായി.. ”

കുട്ടിക്കാലത്ത് മഹാഭാരതകഥ മനസ്സിലായിത്തുടങ്ങിയ കാലഘട്ടത്തിൽ എത്രയോ രാത്രികളിൽ ഈ വരികൾ എന്റെ ഉറക്കം കെട്ടുത്തിയിട്ടുണ്ട്. എന്നെങ്കിലുമൊരിക്കൽ ശ്രീകുമാരൻ തമ്പിയോടിത് നേരിട്ട് ചോദിക്കണമെന്നാഗ്രഹിച്ച അല്പജ്ഞാനിയായ കുട്ടി പിൽക്കാലത്ത് ഡെയ്ഞ്ചർ ബിസ്ക്കറ്റ് കണ്ടപ്പോൾ ആ വരികളുടെ അർത്ഥവ്യാപ്തിക്കു മുന്നിൽ പകച്ചു നിന്നു പോയി.

“അത് കഴിഞ്ഞാട്ടവിളക്കണഞ്ഞുപോയ്,
എത്രയെത്ര അജ്ഞാതവാസമിന്നും തുടരുന്നു ഞാൻ…”

നസീറും, ഷീലയും, സാധനയും ഇന്നലെയെന്ന പോലെ മനസ്സിൽ തെളിയുന്നു.
1973 ൽ പുറത്തിറങ്ങിയ ‘ഉദയം’ എന്ന ചിത്രത്തിൽ സിന്ധുഭൈരവി രാഗത്തിൽ ദക്ഷിണാമൂർത്തി സ്വാമി ചിട്ടപ്പെടുത്തി യേശുദാസ് അനശ്വരമാക്കിയ ഗാനം. രാഘവന്റെ അസാധ്യമായ അഭിനയമികവ് കൂടിയായപ്പോൾ ഒരു കാലഘട്ടത്തിൻ്റെ ഓളമായി മാറി ആ വശ്യസുന്ദര ഗാനം…

“എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ
എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ
എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ…” ( ഉദയം 1977)

ഏകാന്ത സുന്ദരരാത്രികളിൽ കാമുകിമാരെ ഓർത്ത് ഒരിയ്ക്കലെങ്കിലും ഈ പാട്ട് മൂളിയിട്ടില്ലാത്ത കാമുക ഹൃദയങ്ങളുണ്ടാവുമോ…? ഒരു കാട്ടരുവിപോലെ കാമുക ഹൃദയങ്ങളിലേക്ക് ഒഴുകിയെത്തുന്ന മെലഡി. ഏത് വരിയാണ് മനോഹരമെന്ന് പറയാനാവാത്ത മനോഹര രചന.

“എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം…
സുന്ദര വാസന്ത മന്ദസമീരനായ്
നിൻ ജാലകങ്ങളെ തൊട്ടുണർത്താം… ”

സുന്ദരവാസന്ത മന്ദസമീരനായ് പ്രണയിനിയുടെ ജാലകങ്ങളെ തൊട്ടുണർത്തുന്ന കാമുകൻ. എത്ര മനോഹരമായ കൽപന. കുംഭമാസനിലാവു മാത്രം കൂട്ടിനുണ്ടായിരുന്ന എത്രയോ രാത്രികളിൽ സുന്ദരവാസന്ത മന്ദസമീരനായ് എന്റെ ജാലകങ്ങളെ തൊട്ടുണർത്തുന്ന ഒരു കാമുകനെ ഞാനും സങ്കല്പിച്ചിട്ടുണ്ട്. ശ്രീകുമാരൻ തമ്പിക്കല്ലാതെ മറ്റാർക്കാണ് ഇങ്ങനെ എഴുതാൻ കഴിയുക.

“ആലപ്പുഴ പട്ടണത്തിൽ അതിമധുരം വിതറിയോളെ
കണ്ണും കണ്ണും കടം പറഞ്ഞു കടംകഥയിൽ മനം പുകഞ്ഞു
കൊതിപ്പിച്ചു കടന്നതെന്തേ കുട്ടനാട്ടുകാരീ
എന്നെ കൊതിപ്പിച്ചു കടന്നതെന്തേ കുട്ടനാട്ടുകാരീ. ”
എന്ന് പ്രണയിനിയെക്കുറിച്ചെഴുതിയ കവി പിരിഞ്ഞുപോയ പ്രണയിനിക്ക് മംഗളം നേരുന്നതിങ്ങനെ.
“എവിടെയാണെങ്കിലും നിന്റെ സങ്കല്പങ്ങൾ
ഏഴു വർണ്ണങ്ങളും വിടർത്തട്ടെ… ”
(ഹൃദയം ഒരു ക്ഷേത്രം 1976).

ഇതിലും ഹൃദയസ്പർശിയായി പിരിഞ്ഞു പോയ പ്രണയിനിക്ക് എങ്ങനെ മംഗളം നേരാനാവും. പ്രണയനൈരാശ്യം തീർക്കാൻ ആസിഡും പെട്രോളുമായി നടക്കുന്ന റ്റോക്സിക് കാമുകന്മാർക്ക് സ്വന്തമാക്കൽ മാത്രമല്ല വിട്ടുകൊടുക്കലും പ്രണയമാണെന്ന് ഇതിലും നന്നായി എങ്ങനെ പറഞ്ഞു കൊടുക്കാനാവും. ഉമ്മറക്കോലായിൽ ഒരു ഗ്ലാസ് കട്ടനുമായി ചടഞ്ഞുകൂടി തമ്പി സാറിന്റെ ഈ വരികൾ അവളെയോർത്ത് ഞാനെത്രയോ തവണ പാടിയിട്ടുണ്ടെന്ന് പറഞ്ഞ, ആ വരികളെഴുതിയ തമ്പി സാറിന്റെ വിരലുകളിൽ മരിക്കുന്നതിന് മുമ്പ് എനിക്കൊന്ന് ചുംബിക്കണമെന്ന് പറഞ്ഞ കൂട്ടുകാരന്റെ മുഖം ഇതെഴുതുമ്പോൾ എങ്ങനെയാണ് ഓർക്കാതിരിക്കുക. എനിക്കു വേണ്ടിയല്ലേടോ തമ്പി സാർ ദശാബ്ദങ്ങൾക്ക് മുമ്പ് ഈ വരികൾ കോറിയിട്ടതെന്ന അവന്റെ ചോദ്യം എങ്ങനെ എന്റെ കാതുകളിൽ മുഴങ്ങാതിരിക്കും?
പ്രണയഗാനങ്ങളെക്കാൾ പ്രണയനഷ്ടമാണ് പലപ്പോഴും ശ്രീകുമാരൻ തമ്പിയുടെ രചനകളിൽ കടന്നു വരുന്നത്. യുവജനോത്സവത്തിലെ ശ്രീകുമാരൻ തമ്പി — രവീന്ദ്രൻ കൂട്ടുകെട്ടിൽ പിറന്ന അനശ്വര ഗാനം.

“ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ
പുഞ്ചിരിച്ചു
ഈറൻ മുകിൽ മാലകളിൽ
ഇന്ദ്രധനു സ്സെന്ന പോലെ…
നീയരികിലില്ലയെങ്കിലെന്തു നിന്റെ നിശാസ്വങ്ങൾ
രാഗമാലയാക്കി വരും കാറ്റെന്നെ തഴുകുമല്ലോ…”

ഏതു തിരക്കിനിടയിലും ഈ പാട്ട് കേട്ടാൽ ഒന്നു ശ്രദ്ധിക്കാറില്ലേ? ഉള്ളിൽ ഒരു കത്തൽ തോന്നാറില്ലേ? നേടുന്നവന്റെ ആഹ്ലാദത്തെക്കാൾ നഷ്ടപ്പെടുന്നവന്റെ വേദനയ്ക്ക് തന്നെയല്ലേ മനുഷ്യ മനസിനെ സ്പർശിക്കാനാവുക. പുതിയ തലമുറപോലും ഈ ഗാനം നെഞ്ചിലേറ്റുന്നതും അതുകൊണ്ടുതന്നെയല്ലേ?
ആസ്വാദകഹൃദയം പ്രണയാതുരമാക്കുന്ന വരികൾ പിറന്ന ആ തൂലികയിൽ വിടർന്ന അധികമാരും ഓർക്കാത്ത ഒരു മനോഹരഗാനമുണ്ട് ‘അനുഭൂതികളുടെ നിമിഷം’ എന്ന സിനിമയിൽ. ശ്രീകുമാരൻ തമ്പയുടെ രചനയ്ക്ക് എ ടി ഉമ്മറിന്റെ സംഗീതം.

 

“ഉറക്കുപാട്ടിന്നുടുക്കു കൊട്ടി
ഓമനപ്പൂന്തെന്നൽ
ഉറങ്ങും കാമുകി രജനീഗന്ധി
ഉറക്കും കാമുകൻ പൗർണ്ണമി പൗർണ്ണമി.. ”

അയൽക്കാരിയിലൂടെ ഒഴുകിയെത്തി ഇന്ദ്രിയങ്ങളിൽ പടർന്ന ഇലഞ്ഞിപ്പൂമണം എങ്ങനെ മറക്കും. ദേവരാജൻ മാഷിന്റെ സംഗീതത്തിൽ ഗാനഗന്ധർവ്വൻ അസാധ്യമായി ആലപിച്ച മാസ്മരിക ഗാനം.
“ഇലഞ്ഞിപ്പൂമണം ഒഴുകി വരുന്നു
ഇന്ദ്രിയങ്ങളിലതു പടരുന്നു…” ശ്രീകുമാരൻ തമ്പി ‑ദേവരാജൻ കൂട്ടുകെട്ടിൽ വിരിഞ്ഞ ക്ലാസിക് പ്രണയഗാനം. വിൻസന്റും ജയഭാരതിയുമാണ് രംഗത്ത്. ഈ പാട്ടിന്റെ മാസ്മരികതയിൽ ആകൃഷ്ടയായ ഒരു ജർമൻ വനിത തന്റെ നായ്ക്കുട്ടിക്ക് ഇലഞ്ഞിയെന്ന് പേരിട്ടതായൊരു കഥ കേട്ടിട്ടുണ്ട്. ഇലഞ്ഞിപ്പൂമണം തേടിയലഞ്ഞ ഒരു കൗമാരം എനിക്കുമുണ്ടായിരുന്നു. ഇന്നിതെഴുമ്പോൾ ആ ഗാനമൊന്ന് കേൾക്കാതിരിക്കാൻ എനിക്കാവുന്നില്ലല്ലോ… ഒരിയ്ക്കൽ കേട്ടാൽ വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന ഒരുതരം അഡിക്ഷൻ. എപ്പോൾ കേട്ടാലും വല്ലാത്തൊരു നൊമ്പരം എന്തേ മനസ്സിൽ പടരുന്നു. ഗൃഹാതുരത്വമുണർത്തുന്ന ആ വരികൾ തന്നെയാണ് കാരണം.

“പകൽക്കിനാവിൻ പനിനീർമഴയിൽ
പണ്ടു നിൻ മുഖം പകർന്ന ഗന്ധം… ” 

ഇങ്ങനൊക്കെ എഴുതാൻ ഇനിയൊരാളുണ്ടാവുമോ?
1974ൽ ‘ചന്ദ്രകാന്തം’ എന്ന സിനിമയ്ക്കു വേണ്ടി എഴുതിയ വരികൾ. എം എസ് വിശ്വനാഥന്റെ സംഗീതത്തിൽ ജാനകിയമ്മ പാടി അനശ്വരമാക്കിയ ഗാനം. സുന്ദരിയായ ജയഭാരതിയുടെ ഭാവാഭിനയവും കൂടിയായപ്പോൾ ആ ഗാനവും മലയാളി നെഞ്ചോട് ചേർത്തു.
“ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാൻ
ഒരാവണിത്തെന്നലായ് മാറീ… ” ഈ ഗാനത്തെ വെല്ലാൻ ഇനി ഏതോ ജന്മത്തിൽ മലയാണ്മ മറ്റൊരെഴുത്തുകാരനെ ഗർഭം ധരിച്ചു പ്രസവിക്കേണ്ടിയിരിക്കുന്നു എന്ന് ഗിരീഷ് പുത്തഞ്ചേരി ഹൃദയസരസ്സിന്റെ ഗുരുദക്ഷിണയിൽ പറയുന്നുണ്ട്.
1983 ൽ സൂര്യപ്രകാശ് നിർമ്മിച്ച് അമ്പിളി തിരക്കഥയും, സംഭാഷണവും, സംവിധാനവും നിർവ്വഹിച്ച ‘വീണപൂവിലെ’ നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു ദുഃഖസിംഹാസനം നൽകി… ” എന്ന ഗാനം. രചിച്ച ഗാനങ്ങളിൽ അറം പറ്റിപ്പോയെന്ന് അദ്ദേഹം തന്നെ ഒരിയ്ക്കൽ പറഞ്ഞതായൊരോർമ്മ. പ്രണയിനിയെ കൈവിടേണ്ടി വന്ന കാമുകഹൃദയങ്ങൾ ഏറ്റെടുത്ത നൊമ്പരമുണർത്തുന്നവരികൾ. ഇന്നും കേൾക്കുമ്പോൾ മനസ് കൂടെ പാടിപ്പോവും. ഹൈസ്ക്കൂൾ പഠനകാലത്താണ് നാട്ടിൻ പുറത്തെ ഒരു എയിഡഡ് വിദ്യാലയം. കഥാരചനാ മത്സരം നടക്കുകയാണ്. കഥയ്ക്കൊരു പേര് കണ്ടെത്താനാവുന്നില്ല. സമയം കഴിയുന്നു എന്ന അനൗൺസ്മെന്റ്. അപ്പോഴതാ യുവജനോത്സവ ഹാളിൽ നിന്നൊഴുകിയെത്തുന്നു ഈ ഗാനം. മറ്റൊന്നുമാലോചിക്കാതെ കഥയ്ക്ക് പേരിട്ടു, ‘നഷ്ടസ്വർഗ്ഗങ്ങളേ വിട…’ ആ കഥയ്ക്ക് ഒന്നാം സമ്മാനം കിട്ടിയത് ഒരു ചിരകാല സ്മരണ.
“സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയിൽ
ഒരം ചുംബനം തന്നാൽ പിണങ്ങുമോ നീ…” എന്നു പാടിയ കവി ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരുമെന്നും കരയുമ്പോൾ കൂടെ കരയാൻ നിഴൽ മാത്രമേയുള്ളൂ എന്നുമുള്ള ജീവിതയാഥാർത്ഥ്യത്തിലേക്കും നമ്മളെ നയിക്കുന്നു.

“സ്വന്തമെന്ന പദത്തിനെന്തർത്ഥം
ബന്ധമെന്ന പദത്തിനെന്തർത്ഥം
സ്വന്തങ്ങൾ ബന്ധങ്ങൾ
വെറും ജലരേഖകൾ… ”

എന്ന് പാടി വീണ്ടും ബന്ധങ്ങളുടെ അർത്ഥശൂന്യത വരച്ചുകാട്ടുന്നു.
സംഗീതബോധമുള്ള കവിയും കാവ്യബോധമുള്ള സംഗീതസംവിധായകനും വേണം. എന്നാലേ കാലത്തെ അതിജീവിക്കുന്ന ഗാനങ്ങൾ പിറക്കൂ എന്നു ശ്രീകുമാരൻ തമ്പി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
എന്നാൽ സംഗീത സംവിധായകൻ ആരുമാവട്ടെ, ഗായകൻ ആരുമാവട്ടെ ശ്രീകുമാരൻ തമ്പിയുടെ വരികൾ എന്നും സൂപ്പർ ഹിറ്റാണ്. പ്രണയം, പ്രണയഭംഗം, ഭക്തി, താരാട്ട്… ഭാവം എന്തുമാവട്ടെ തമ്പിയുടെ തൂലികയിൽ വിടർന്നാൽ ആസ്വാദകനിലേക്ക് ഇലഞ്ഞിപ്പൂമണം ഒഴുകിയെത്തും. ഇന്ദ്രിയങ്ങളിൽ അതു പടരുക തന്നെ ചെയ്യും.
മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകൾക്കു നൽകപ്പെടുന്ന ജെ സി ഡാനിയേൽ പുരസ്കാരം, തകഴി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയെങ്കിലും ആ ചലച്ചിത്ര ഇതിഹാസം വേണ്ട രീതിയിൽ അടയാളപ്പെടുത്താൻ മലയാളക്കരക്കായോ? ദശാബ്ദങ്ങളായി സംഗീതാസ്വാദകർക്കു മുന്നിൽ പ്രണയ–വിരഹങ്ങളുടെ സുരഭില സൗന്ദര്യം അക്ഷരങ്ങളിലൂടെ അടയാളപ്പെടുത്തുന്ന ആ ഹൃദയസരസിൽ നിന്നും ഇനിയുമിനിയും പ്രണയ പുഷ്പങ്ങൾ വിരിയട്ടേയെന്ന് ഓരോ മലയാളിയും പ്രാർത്ഥിക്കുന്നു.
മൂവായിരത്തിലേറെ ചലച്ചിത്ര ഗാനങ്ങൾ. അതിൽ നിന്നും കുറച്ചു ഗാനങ്ങൾ തിരഞ്ഞെടുക്കുകയെന്നാൽ കടലിൽ നിന്ന് ഒരു കൈക്കുമ്പിൾ വെള്ളം കോരുന്നതുപോലെയാണ്. എങ്കിലും ആ ഗാനശേഖരത്തിൽ നിന്നൊരിഷ്ട ഗാനം തിരഞ്ഞെടുക്കാൻ പറഞ്ഞാൽ തെല്ലും സംശയമില്ലാതെ ഇന്നും ഞാൻ പറയും എന്റെ പ്രിയ ഗാനം ”സുന്ദരരാവിൽ ചന്ദനമുകിലിൽ…” തന്നെയാണ്. എന്തെന്നാൽ “Behind every girl’s favorite song is an untold story.”

Exit mobile version