Site iconSite icon Janayugom Online

ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് 90.58 കോടി രൂപയുടെ ബഡ്ജറ്റ്

ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയിൽ 12 ഡിഗ്രി കോഴ്സുകളും അഞ്ച് പി ജി കോഴ്സുകൾ തുടങ്ങുന്നതിനും ഇക്കൊല്ലം തന്നെ ആസ്ഥാന മന്ദിരം നിർമിക്കുന്നതിനും തുക വകയിരുത്തിയ ബഡ്ജറ്റിന് അംഗീകാരം. സർവ്വകലാശാലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി 83.49 കോടി രൂപ വരവും 90.58 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് സർവകലാശാല ആസ്ഥാനത്ത് വൈസ് ചാൻസലർ പി എം മുബാറക് പാഷയുടെ അധ്യക്ഷതയിൽ സിൻഡിക്കേറ്റ് അംഗവും ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനറുമായ അഡ്വ. ബിജു കെ മാത്യു അവതരിപ്പിച്ചു.
കോഴ്സുകളുടെ നടത്തിപ്പിനും വിദൂര വിദ്യാഭ്യാസത്തിനുള്ള യുജിസി അംഗീകാരവും ഇതര അക്കാദമിക പ്രവർത്തനങ്ങൾക്കുമായി 1.50 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്. തദ്ദേശസ്ഥാപന പ്രതിനിധികൾക്കുള്ള സർട്ടിഫിക്കറ്റ് കോഴ്സ്, സർട്ടിഫിക്കറ്റ് കോഴ്സുകളുടെ പട്ടിക തയ്യാറാക്കാനുള്ള വിദഗ്ധ കമ്മിറ്റിയുടെ രൂപീകരണം തുടങ്ങിയവയ്ക്ക് 10 ലക്ഷം രൂപ.
ആസ്ഥാനമന്ദിരം നിർമാണത്തിനുള്ള സ്ഥലത്തിന് 35 കോടി രൂപയും കെട്ടിട നിർമാണത്തിന് ആദ്യ ഗഡുവായി 10 കോടി രൂപയും നീക്കി വച്ചു. വെള്ളയിട്ടമ്പലത്തില്‍ തുടങ്ങുന്ന അക്കാദമിക്ക് ബ്ലോക്കിലെ സംവിധാനങ്ങളായ ലൈബ്രറിക്ക് ഒരു കോടി, കമ്പ്യൂട്ടർ സെന്ററിന് 40 ലക്ഷം, വെർച്വൽ സ്റ്റുഡിയോ പ്രൊഡക്ഷന് ഒരു കോടി, റിപ്രോഗ്രാഫിക് സെന്ററിന് 50 ലക്ഷം, കമ്പ്യൂട്ടർവത്കരണത്തിന് 40 ലക്ഷം, മറ്റു ജില്ലകളിലെ കേന്ദ്രങ്ങൾക്കായി 1.60 കോടി രൂപയും വകയിരുത്തി. അതിനൂതന സോഫ്‌റ്റ്‌വെയറിനായി രണ്ട് കോടി രൂപയും നീക്കി വച്ചതാണ് ബഡ്ജറ്റിന്റെ മുഖ്യസവിശേഷതകൾ.
ബഡ്ജറ്റ് അവതരണത്തിൽ പ്രോ വൈസ് ചാൻസലർ എസ് വി സുധീർ, സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. കെ ശ്രീവത്സൻ, ഡോ. എം ജയപ്രകാശ്, എ നിസാമുദീൻ കായിക്കര, ഡോ. ടി എം വിജയൻ, ഡോ. എ പസിലത്തിൽ, ഡോ. സി ഉദയകല, ഡോ. എം ജയമോഹൻ, ഫിനാൻസ് ഓഫീസർ വി അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version