Site icon Janayugom Online

പണത്തിനും പോഷകത്തിനും സ്റ്റാർ ആണ് സ്റ്റാർ ആപ്പിൾ… പേരും നോബലും തമ്മിലും ബന്ധമറിയേണ്ടേ…

പാലിൻ്റെ രുചിയുള്ള നക്ഷത്ര ചിഹ്നമുള്ള ആപ്പിളിൻ്റെ രൂപത്തിലുള്ള പഴം, ഇതാണ് പാല്‍ പഴം അഥവാ സ്റ്റാര്‍ ആപ്പിള്‍. പാൽ പഴം അഥവാ സ്റ്റാർ ആപ്പിൾ. സപ്പോട്ടപ്പഴത്തിന്റെ കുടുംബക്കാരനാണ് മില്‍ക്ക് ഫ്രൂട്ടും. സ്റ്റാര്‍ ആപ്പിള്‍, കയ്‌നിറ്റോ തുടങ്ങി വിവിധ വിളപ്പേരുകള്‍ ഈ ഉഷ്ണമേഖലാഫലവൃക്ഷത്തിനുണ്ട്.

ഉദ്ഭവം വെസ്റ്റ് ഇന്‍ഡീസ്, ഗ്രേറ്റര്‍ ആന്റില്ലസ് ദ്വീപ് സമൂഹങ്ങളില്‍. പിന്നീട് മധ്യ അമേരിക്കയിലും തെക്കു കിഴക്കന്‍ ഏഷ്യയിലും പ്രചാരം നേടി. ഇലകള്‍ക്ക് ഇരട്ടനിറമായതിനാല്‍ പൂന്തോട്ടങ്ങളിലും ലാന്‍ഡ്സ്‌കേപ്പിങ്ങുകളിലും ഇതിനെ ഉള്‍പ്പെടുത്താം. അതിവേഗ വളര്‍ച്ചയുള്ള ഈയിനത്തെ ഏത് ആകൃതിക്കനുസൃതമായും രൂപപ്പെടുത്താവുന്നതാണ്. രണ്ടോ മൂന്നോ ഇഞ്ച് വലിപ്പത്തില്‍ ദീര്‍ഘവൃത്താകൃതിയാണ് പഴത്തിന്. മൂപ്പെത്തുമ്പോള്‍ പുറന്തൊലിക്ക് പച്ചനിറവും ഇളം പര്‍പ്പിള്‍ നിറവുമുള്ള രണ്ടിനങ്ങളുണ്ട്. പഴുക്കുമ്പോള്‍ ചുളിവുകളോടു കൂടി മൃദുവായി പാകമായി മാറുകയും ചെയ്യുന്നു. മുറിക്കുമ്പോള്‍ പാലുപോലെയുള്ള നീര് കാണുന്നതിനാലാണ് മില്‍ക്ക് ഫ്രൂട്ട് എന്ന പേരു ലഭിച്ചത്. ഉള്‍ക്കാമ്പിന് നക്ഷത്ര വിന്യാസമായതിനാല്‍ Star Apple എന്ന പേരുകൂടിയുണ്ട്. പോഷകങ്ങള്‍, ധാതുക്കള്‍ പൊട്ടാസിയം എന്നിവയുടെ മികച്ച സ്രോതസാണ് പഴങ്ങള്‍. നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ നടുന്നത് ഉത്തമം.

മരത്തൊലി ഉന്മേഷദായകവും ഉത്തേജകവും ആയും കണക്കാക്കപ്പെടുന്നു. തൊലിനീര് ചുമക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ധൂമ്രനിറമുള്ള ഇനം പഴത്തിന്റെ തൊലി കട്ടിയുള്ളതും ഉൾഭാഗം ഉറപ്പു കൂടിയതും ആയിരിക്കും. പച്ച നിറമുള്ള ഇനത്തിൽ, പഴത്തിന്റെ തൊലി കട്ടി കുറഞ്ഞും ഉൾഭാഗം കൂടുതൽ മാംസളമായും കാണപ്പെടുന്നു. മഞ്ഞ നിറമുള്ള ഇനം താരതമ്യേന വിരളമാണ്.

നോബൽ സമ്മാന ജേതാവായ കവി ഡെറക്ക് വാൽക്കോട്ട് 1979‑ൽ പ്രസിദ്ധീകരിച്ച “സ്റ്റാർ ആപ്പിൾ കിംഗ്ഡം” എന്ന സമാഹാരത്തിൽ, കരീബിയൻ പ്രദേശത്തിന്റെ തന്നെ പ്രതീകമായി ചിത്രീകരിച്ചുകൊണ്ട് സ്റ്റാർ ആപ്പിളിന് അമരത്വം നൽകി.

Exit mobile version