നീരജ് ചോപ്ര ഒളിമ്പിക് മെഡൽ നേടിയതിന്റെ സ്മരണാർത്ഥം അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത് കേരള സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച നാലാമത് സംസ്ഥാന ജാവലിൻ ത്രോ മത്സരത്തില്‍ 46 പോയിന്റ് കരസ്ഥമാക്കി മലപ്പുറം ജില്ല ചാമ്പ്യന്മാരായി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജാവലിന്‍ ത്രോ മത്സരത്തില്‍ 16 പോയിന്റുമായി കോട്ടയം ജില്ല രണ്ടാം സ്ഥാനം നേടി. ആറ് പോയിന്റ് വീതം നേടി പാലക്കാട് ഇടുക്കി ജില്ലകൾ മൂന്നാം സ്ഥാനം പങ്കിട്ടു. അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അബ്ദുൽ കാദർ ബാപ്പു അധ്യക്ഷത വഹിച്ച സമാപന ചടങ്ങിൽ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ മെമ്പർ ഡോ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് സമ്മാനദാനം നടത്തി.
കിഡ്‌സ് അത്‌ലറ്റിക്സ് സംസ്ഥാനചെയർമാൻ കെ കെ രവീന്ദ്രൻ, അത്‌ലറ്റിക് അസോസിയേഷൻ ജില്ല സെക്രട്ടറി. മുഹമ്മദ് കാസിം, വൈസ് പ്രസിഡന്റ് ഷാഫി അമ്മായത്ത്, ട്രഷറർ അജയ് രാജ് എന്നിവർ പ്രസംഗിച്ചു.

