Site iconSite icon Janayugom Online

ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് കൂടൊഴിഞ്ഞ് സ്റ്റോയിനിസ്; വിരമിക്കല്‍ ടി20 ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍

ഈ മാസം ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെ ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ്. ഈ മാസം 19നാണ് ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുന്നത്. 

2015ല്‍ ഓസ്ട്രേലിയയുടെ അഞ്ചാം ഏകദിന ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെയാണ് സ്റ്റോയിനിസ് ഏകദിന ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഓസീസിനായി 71 മത്സരങ്ങൾ കളിച്ചു. അതേസമയം സ്റ്റോയിനിസ് ടി20യിൽ തുടർന്നും കളിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. 50 ഓവർ ഫോർമാറ്റിൽ നിന്ന് വിരമിക്കാനുള്ള താരത്തിന്റെ തീരുമാനം ടി20 ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പറഞ്ഞു. ഇതോടെ, ചാമ്പ്യൻസ് ട്രോഫിക്കായി ഓസീസ് സെലക്ടർമാർ സ്റ്റോയിനിസിനു പകരക്കാരനെ കണ്ടെത്തണം. ക്യാപ്റ്റൻ പാറ്റ് ക­മ്മിൻസിനു പിന്നാലെ സ്റ്റോയിനിസും ചാമ്പ്യൻസ് ട്രോഫിക്ക് ഇല്ലാത്തത് ഓസീസിന് കനത്ത തിരിച്ചടിയാണ്.

‘ഓസ്ട്രേലിയയ്ക്കായി ഏ­കദിന ക്രിക്കറ്റ് ക­ളിക്കാന്‍ കഴിഞ്ഞതിനെ അവിശ്വസനീയമായ യാത്രയായാണ് കാണുന്നത്. ടീമില്‍ ലഭിച്ച ഓരോ നിമിഷത്തിനും ഞാന്‍ നന്ദിയുള്ളവനാണ്. മാതൃരാജ്യത്തെ പ്രതിനിധീകരിക്കുന്നതിനെ വിലമതിക്കുന്ന ഒന്നായാണ് ഞാന്‍ കാണുന്നത്. ഇത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല. പക്ഷേ ഏകദിനങ്ങളില്‍ നിന്ന് മാറി എന്റെ കരിയറിലെ അടുത്ത അധ്യായത്തില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശരിയായ സമയമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു. റോണുമായി (ആൻഡ്രൂ മക്­ഡോണാൾഡ്) എനിക്ക് വളരെ മികച്ച ബന്ധമാണുള്ളത്. അദ്ദേഹം ഇതുവരെ നൽകിയ ഉറച്ച പിന്തുണയ്ക്കു നന്ദി’ — സ്റ്റോയിനിസ് പറഞ്ഞു. 2023ൽ ഇന്ത്യയിൽ നടന്ന ഓസ്‌ട്രേലിയയുടെ ഏകദിന ലോകകപ്പ് കിരീട വിജയത്തിൽ സ്റ്റോയിനിസ് ഭാഗമായിരുന്നു. 1495 റൺസും 48 വിക്കറ്റുകളും നേടിയിട്ടുണ്ട്. സ­മീപ കാലത്തായി ഗ്ലെന്‍ മാക്സ്വെല്ലിനും മിച്ചല്‍ മാര്‍ഷിനുമൊപ്പം മധ്യനിരയില്‍ ഓസ്ട്രേലിയയുടെ കരുത്തായിരുന്നു സ്റ്റോയിനിസ്.

Exit mobile version