Site iconSite icon Janayugom Online

സംഭരണം 14 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയില്‍: ഗോതമ്പ് ഇറക്കുമതിയിലേക്ക്

രാജ്യം ഗോതമ്പ് ഇറക്കുമതിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മേയ് പകുതിയോടെ ഗോതമ്പ് കയറ്റുമതിക്ക് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ഉല്പാദനം രാജ്യത്തിന്റെ ആവശ്യത്തിന് മതിയാകുന്നതല്ല.
ഈ മാസത്തോടെ സംസ്ഥാനങ്ങളിലെ ഗോതമ്പ് സംഭരണം 14 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫുഡ്കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ഉപഭോക്തൃ ഗോതമ്പ് പണപ്പെരുപ്പം 12 ശതമാനത്തിലേക്ക് കടക്കുകയാണ്.
ക്ഷാമവും വിലയിലുണ്ടായ വന്‍കുതിച്ചുചാട്ടവും കാരണം ഗോതമ്പ് വിദേശത്തു നിന്നും വാങ്ങാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. ഇറക്കുമതി നികുതി റദ്ദാക്കിയോ 40 ശതമാനം കുറവ് വരുത്തുകയോ ചെയ്യുന്നതിനു വേണ്ടിയുള്ള ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച് സാമ്പത്തിക മന്ത്രാലയത്തിന് ഇമെയില്‍ അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
റഷ്യ- ഉക്രെയ്ന്‍ യുദ്ധം തുടങ്ങിയതിനു പിന്നാലെ ‘ലോകത്തെ ഊട്ടാന്‍’ രാജ്യം തയാറാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലേക്ക് ഇന്ത്യ എത്തിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതിനിടെ വാര്‍ത്ത നിഷേധിച്ച് ഭക്ഷ്യ, വാണിജ്യ വകുപ്പുകള്‍ രംഗത്തെത്തി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കാന്‍ ആവശ്യമായ ഗോതമ്പ് രാജ്യത്തുണ്ടെന്നാണ് ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം ഇന്നലെ ട്വീറ്റ് ചെയ്തത്. ഗോതമ്പ് ഇറക്കുമതി ചെയ്യാൻ പദ്ധതിയില്ലെന്നും ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ സ്റ്റോക്ക് രാജ്യത്തിനുണ്ടെന്നും മന്ത്രാലയം പറഞ്ഞു. പൊതുവിതരണത്തിന് ആവശ്യമായ ഗോതമ്പ് എഫ്‌സിഐയില്‍ ഉണ്ടെന്നും ട്വീറ്റില്‍ പറയുന്നു. 

Eng­lish Sum­ma­ry: Stor­age at 14-year low: Wheat to imports

You may like this video also

Exit mobile version