Site iconSite icon Janayugom Online

ശേഷം ഭൂമിയിൽ എനിക്കായിരുന്നു ഇരുട്ട്, അവർക്ക് വെളിച്ചവും..

‘ആൻ ഇല്ലായിരുന്നെങ്കിൽ ഞാനിങ്ങനെ ആകുമായിരുന്നില്ല’ എന്ന് തന്റെ അധ്യാപികയെക്കുറിച്ച് വേദികളിൽ പറഞ്ഞ ഹെലൻ കെല്ലറിനെ ഓർക്കുന്നു. വെറും ഹോംട്യൂട്ടറായി എത്തിയ ആൻ സള്ളിവൻ പ്രതിസന്ധികളിൽ പൊരുതി ജയിക്കാൻ ഒരു പെണ്ണിനെ പഠിപ്പിച്ചതിൽപ്പരം അത്ഭുതം വേറെയെന്തുണ്ട്?
അല്പസ്വല്പം അക്രമവാസനയുണ്ടായിരുന്ന, ആനിയോട് പോലും മോശമായി പെരുമാറിയിരുന്ന ഹെലനെ മനസ്സിലാക്കി ഉൾക്കണ്ണുകൊണ്ട് വലിയൊരു ലോകത്തെ കാണാൻ പഠിപ്പിച്ച ഏറ്റവും വലിയ അധ്യാപിക.

മുപ്പതാമത്തെ വയസ്സിൽ രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട ജോൺ ബ്രാംബ്ലിറ്റ് വിഷാദരോഗത്തിലേക്ക് കൂപ്പുകുത്തിയെങ്കിലും പിന്നീട് ഓരോ നിറങ്ങളെയും വിരലുകൾ കൊണ്ട് തൊട്ടറിഞ്ഞ് തന്നിൽ ഉറങ്ങിക്കിടന്ന ചിത്രകാരനെ പുറത്തെടുത്തു.ആ ചിത്രങ്ങൾ ചർച്ച ചെയ്യപ്പെട്ടു.
എന്താണ് അന്ധത?
ആർക്കാണ് അന്ധത?
കണ്ണുകൾ ഇല്ലാത്തവർക്കാണോ?
അതോ കണ്ടു നിൽക്കുന്നവർക്കാണോ?

അനാഥാലയത്തിൽ നിന്ന് പരിചയപ്പെട്ട അന്ധയായ പാർവതിക്കുട്ടിയെ വേദനയോടെയെ കണ്ടിട്ടുള്ളു. എന്നിട്ടും അവളുറക്കെ ചിരിക്കും. നിഷ്കളങ്കതയുടെ വ്യക്തിവൈഭവം!
കാഴ്ചയില്ലായ്മയെ
‘ഇരുളടയുക’ എന്ന് എഴുത്തുകാർ എഴുതുമ്പോഴൊക്കെയും എന്ത് നശിച്ച വാക്കാണതെന്ന് തോന്നാറുണ്ട്. മനോരഥത്തിൽ കെട്ടിയൊരുങ്ങുന്ന എത്രയെത്ര ചിത്രങ്ങളാണ് അവർക്ക് കുളിർമയേകുന്നത്?

കെ.എസ്.ആർ. ടി.സി യിലെ
ഒരു രാത്രി രാത്രിയാത്ര.
ബസ് നിറയെ ജനങ്ങൾ.സ്ത്രീകളുടെ
സീറ്റിൽ ഒരു
ദയയുമില്ലാതെ കയറിക്കൂടിയ പുരുഷപ്രജകൾ. സ്ത്രീകൾ കയറിയപ്പോൾ ഉറക്കം നടിക്കുന്ന മുൻസീറ്റിലെ ഒരാളോട് ഇത് സ്ത്രീകളുടെ സീറ്റ് ആണെന്ന് കുറേ മടിച്ചാണെങ്കിലും പറഞ്ഞു. കമാന്നൊരു അക്ഷരം പറയാതെ അയാളൊന്ന് തുറിച്ചു നോക്കി. ഒറ്റ എഴുന്നേൽക്കൽ.
അടുത്ത സ്റ്റോപ്പിൽ നിന്നും പാട്ടും പാടി ഒരു കുടുംബം കയറി.
കാശ്മീരിപെണ്ണിനെപ്പോലൊരു തലമറച്ച സുന്ദരി.കൂടെ ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും. കുട്ടികൾ വേഗം വന്ന് എന്റെ തൊട്ടടുത്തുള്ള സീറ്റിലിരുന്നു. തലമറച്ച സുന്ദരി എന്നെയൊന്നു നോക്കി, ഇല്ല നോക്കിയില്ല. അതോ നോക്കിയോ. ഇല്ല. കണ്ടതായി ഭാവിക്കുന്നില്ല.
പുച്ഛിച്ചതാവുമോ?
സമയം പാതിരയായതിനാൽ വീട്ടിൽ കയറി ചെല്ലുമ്പോഴുണ്ടാകുന്ന പൊല്ലാപ്പോർത്ത് ഒരു ശരാശരി മലപ്പുറക്കാരി പെണ്ണിന്റെ വ്യാകുലതയിൽ ഞാനങ്ങനെ ഇരുന്നു.
കുട്ടികളെ രണ്ടാളേം മടിയിലിരുത്താൻ ആ ഉമ്മ കഷ്ടപ്പെടുന്നതായി തോന്നിയപ്പോൾ അഞ്ചുവയസ്സ് തോന്നുന്ന പെൺകുട്ടിയോട് എന്റെ മടിയിലിരുന്നോ എന്ന് ഞാൻ ആംഗ്യം കാണിച്ചു. ഒട്ടും പരിചയക്കേട് ഭാവിക്കാതെ അവൾ ഒരു പുഞ്ചിരിയോടെ ചാടിക്കയറി ഇരുന്നു. എനിക്ക് ഇടക്കിടക്ക് ഫോൺ വന്നതും, മെസ്സേജ് അയക്കാൻ വേണ്ടി ഞാൻ പണിപ്പെട്ട് ഫോണിൽ കുത്തുന്നതും അവൾക്കത്ര പിടിച്ചില്ല.അപ്പോഴൊക്കെയും അവൾ ഇരുത്തം ശരിയാക്കിക്കൊണ്ടിരുന്നു.

ഇടക്കെപ്പഴോ മിഠായി നീട്ടിയ അവളുടെ ഉപ്പയുടെ കൈയ്യിലാണ് അയാളുടെ കാഴ്ചയില്ലായ്മ അനുഭവപ്പെട്ടത്.
പെൺകുട്ടി ഉപ്പയുടെ കൈ പിടിച്ചുവെച്ച് മിഠായി വാങ്ങി.
ഉമ്മയും ഉപ്പയും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്.
മൂന്നാറിലെ കൊളുക്കുമല കാണണം എന്നാണ് അവളുടെ ആഗ്രഹം. “മ്മക്ക് കാണാൻ പോണം”
അയാൾ മറുപടി കൊടുത്തു.
“തേക്കിന്റെ കാശ്മീർ ആത്രേ ”
അവൾ പറയുന്നു.
“പൊട്ടത്തീ തേക്കിന്റെ കാശ്മീർ അല്ല, തെക്കിന്റെ കാശ്മീർആണ്.”
അയാൾ അവളെ കളിയാക്കി ചിരിച്ചു. ഒടുക്കം രണ്ടാളും കൂട്ടുകൂടി ചിരിച്ചു. ആൺകുട്ടി രണ്ടാളെയും നോക്കി മിണ്ടാതിരുന്നു. അവന്റെ ഗൗരവം എനിക്കൊട്ടും ഇഷ്ടമായില്ല.
പെൺകുട്ടി എന്റെ നെഞ്ചിൽ പറ്റിയിരുന്ന് പുറത്തേക്ക് നോക്കുകയാണ്.
“നിന്റെ പേരെന്താ?”
“ഹിജ ഹംസത്ത്”
“ആരാ പേരിട്ടെ?”
“ഇപ്പച്ചി”
“വീട്ടിലെന്താ വിളിക്കാ?”
“ഇപ്പച്ചീടെ ഇച്ചൂ ന്ന്.”
“ഇപ്പച്ചീടെ മോളാ?”
“അല്ല, വല്യുമ്മാടെ.”
“അതെന്താ?”
“വല്യുമ്മയാണ് ഉസ്‌കൂളിലാക്കുക, ചോറ് തരിക.”
“അതെന്താ ഉമ്മാക്ക്?”
“കണ്ണ് കാണൂല.”
ഞാനൊന്ന് നടുങ്ങി.
കണ്ണ് കാണാത്ത ഭർത്താവിന്റെ കണ്ണ് കാണാത്ത ഭാര്യ. ചേർച്ചയുണ്ട്.പക്ഷെ, അത്രയും ചേർച്ചയിൽ എങ്ങനെ ജീവിക്കും?
ഞാനാ ആൺകുട്ടിയുടെ മുഖത്തേക്ക് നോക്കി. ഉണ്ട്, അവന് രണ്ട് ഉണ്ടക്കണ്ണുകളുണ്ട്. ആടിയോടുന്ന കൃഷ്ണമണികളും.
എനിക്ക് അല്പാശ്വാസമായി.
പിന്നെന്തിനാണ് മൂന്നാർ യാത്ര എന്ന് മനസ്സ് തികട്ടിതികട്ടി വന്നു. കൊളുക്കുമല കണ്ണുള്ളവർക്ക് മാത്രമാണോ എന്ന മറുചോദ്യത്തിൽ ഞാനാ ചോദ്യത്തെ ലയിപ്പിച്ചു.

യാത്രയിലുടനീളം അവർ പരസ്പരം സംസാരിച്ചു.ഞാനൊരു ഓരം ചേർന്നിരുന്ന് വെറുതെ എന്തൊക്കെയോ ഓർത്തു.
ഇടക്ക് കാറ്റടിച്ചപ്പോൾ മുഖത്തേക്ക് പാറിവന്ന പെൺകുട്ടിയുടെ നീളൻ മുടിയെന്റെ മുഖമാകെ പടർന്നു.
കണ്ണുകളില്ലാത്ത മാതാപിതാക്കൾക്ക് തുണയേകുന്ന മക്കളെ ഒന്നുകൂടി നോക്കി.
എത്ര വലിയ സുരക്ഷിതത്ത്വത്തിലും അച്ഛനോടും അമ്മയോടും പരാതി പറയാറുള്ള എന്നെ ഓർത്തു.
വൈവിധ്യമാർന്ന എന്തെല്ലാം അനുഭവങ്ങളാണല്ലേ..

അറിവ് സ്നേഹവും, വെളിച്ചവും, കാഴ്ചയുമാണെന്ന് പറഞ്ഞ ഹെലൻ കെല്ലറെന്ന എഴുവയസ്സുള്ള ഒരു കൊച്ചു പെൺകുട്ടി സ്വയം അംഗീകരിക്കാനും അതിൽ നിന്ന് തന്റെ ജീവിതം നയിക്കാനും ദൃഢനിശ്ചയം ചെയ്തത് എന്ന് മുതലാണ്?
1887 മാർച്ച്‌ 3 ന് ഉച്ചതിരിഞ്ഞു തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആൻ മാൻസ്ഫീൽഡ് സള്ളിവൻ എന്ന അദ്ധ്യാപികയിലൂടെയാണ് അവൾ അത് വരെയുണ്ടായിരുന്ന കഥ മാറ്റിയെഴുതിയത്.അത് പോലെ മാറ്റിയെഴുത്തപ്പെടുന്ന എത്രയെത്ര കാഴ്ചയുടെ കഥകളാണ് നിത്യവും സംഭവിക്കുന്നത്!
കണ്മുന്നിലിരിക്കുന്ന കുടുംബത്തെ ഞാൻ ഒന്നുകൂടി നോക്കി. എന്റെ സ്റ്റോപ്പ്‌ എത്താനായി .ഞാൻ എഴുന്നേറ്റു.ആ പെൺകുട്ടി ചിരിച്ചു. അവളുടെ ഉമ്മയെന്നെ നോക്കിയില്ല. അവർക്ക് കാണാനുള്ള വലിപ്പം എനിക്കില്ലായിരുന്നു എന്ന് തോന്നുന്നു. ഉപ്പയുടെ കണ്ണുകളിൽ വെള്ളപ്പാട നിറഞ്ഞിരുന്നു. കുത്തിപ്പിടിച്ച ഒരു ഊന്നുവടി അയാളിൽ ആയുധമെന്നോണം ഭദ്രം.

തിരിച്ചു പോരും വഴി എന്റെ ആത്മാവിന്റെ കൂട്ടുകാരനോട്‌ ഞാൻ ചോദിച്ചു.
“അതേയ് ”
“ന്താ ”
“സ്നേഹത്തിന് കണ്ണുകൾ ആവശ്യമുണ്ടോ?”
അവനൊന്നും മിണ്ടിയില്ല.
എന്റെ കുനഷ്ടുചോദ്യങ്ങളിൽ മടുത്തുപോയി അവൻ മൗനിയായോ എന്ന് ഞാൻ ഭയന്നു.
ഏയ്‌.. ആവാൻ വഴിയില്ല.
അവൻ തുടർന്നു.
‘സ്നേഹിക്കാൻ കണ്ണും, ജാതിയും, മതവും, മൂക്കും, കാലും, കൈയ്യും ഒന്നും വേണ്ട. മനസ്സോണ്ടല്ലേ, അത് ഭയങ്കര ഫീലാടോ”
എനിക്കാകെ ഫീൽ ആയി.
ഞാൻ ഒന്നുകൂടി അവരെ നോക്കി. സകുടുംബം എന്തൊക്കെയോ പറയുന്നു. പകലെന്നോ രാത്രിയെന്നോ ഇല്ല. എന്നും ഒരേ ഋതു.സ്റ്റോപ്പെത്തി.ഞാൻ ഇരുട്ടിലേക്ക് ബസ് ഇറങ്ങി.
അവർ വെളിച്ചതിലൂടെ ഇപ്പോഴും യാത്ര ചെയ്യുന്നുണ്ടാവണം!

Exit mobile version