Site iconSite icon Janayugom Online

സണ്‍റൈസേഴ്സിന് സഡന്‍ ഷോക്ക്; ഏഴ് വിക്കറ്റ് ജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടാമത്

വമ്പനടിക്കാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഒതുക്കി ഡല്‍ഹി ക്യാപിറ്റല്‍സിന് ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയം. ഏഴ് വിക്കറ്റ് വിജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 18.4 ഓവറിൽ 163 റൺസിന് ഓള്‍ഔട്ടായി. മധ്യനിര താരം അനികേത് വർമ്മയുടെ അർധ സെഞ്ചുറിയാണ് പൊരുതാവുന്ന സ്കോറിലേക്ക് സൺറൈസേഴ്സിനെ എത്തിച്ചത്. 41 പന്തുകൾ നേരിട്ട അനികേത് ആറു സിക്സും അഞ്ചു ഫോറുമുൾപ്പടെ 74 റൺസെടുത്തു പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് സണ്‍റൈസേഴ്സിനെ തകര്‍ത്തത്. ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. മറുപടി ബാറ്റിങ്ങില്‍ 16 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടമാക്കി ഡല്‍ഹി വിജയലക്ഷ്യത്തിലെത്തി. 27 പന്തില്‍ 50 റണ്‍സ് നേടിയ ഫാഫ് ഡുപ്ലെസിസാണ് ടോപ് സ്കോറര്‍. മികച്ച തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ ജേക്ക് ഫ്രേസര്‍ മക്ഗൂര്‍ക്കും ഫാഫ് ഡുപ്ലെസിസും ചേര്‍ന്ന് 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മക്ഗൂര്‍ക്ക് 32 പന്തില്‍ 38 റണ്‍സെടുത്ത് പുറത്തായി. അഞ്ച് പന്തില്‍ 15 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് പുറത്തായ മറ്റൊരു താരം. അഭിഷേക് പോറല്‍ (18 പന്തില്‍ 34 റണ്‍സ്), ട്രിസ്റ്റണ്‍ സ്റ്റബ്സ് (14 പന്തില്‍ 21 റണ്‍സ്) എന്നിവര്‍ പുറത്താകാതെ നിന്നു. സണ്‍റൈസേഴ്സിനായി സീഷന്‍ അന്‍സാരി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. 

ടോസ് നേടി ക്രീസിലെത്തിയ ഹൈദരാബാദിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ ട്രാവിസ് ഹെഡ് രണ്ട് ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും അഭിഷേക് ശര്‍മ്മ(1) റണ്ണൗട്ടായത് ഹൈദരാബാദിന് തിരിച്ചടിയായി. മുകേഷ് കുമാര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ അതിശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച ഇഷാന്‍ കിഷനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറില്‍ കിഷന(രണ്ട്)നെ സ്റ്റാര്‍ക്ക് തേര്‍ഡ് മാനില്‍ ട്രിസ്റ്റന്‍ സ്റ്റബ്സിന്റെ കൈകളിലെത്തിച്ചു. പിന്നാലെ സ്റ്റാര്‍ക്ക് അ‍ഞ്ച് വൈഡ് വഴങ്ങിയെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിയെ (0) അക്കൗണ്ട് തുറക്കും മുമ്പെ മടക്കി ഹൈദാരാബാദിനെ കൂട്ടത്തകര്‍ച്ചയിലാക്കി. ഹെൻറിച്ച് ക്ലാസനും അനികേത് വര്‍മ്മയും നടത്തിയ രക്ഷാപ്രവര്‍ത്തനം സ്കോർ 100 കടത്തി. മോഹിത് ശർമ്മയുടെ പന്തിൽ വിപ്രജ് നിഗം ക്യാച്ചെടുത്ത് ക്ലാസനെ മടക്കി. സ്കോർ 148ൽ നിൽക്കെ അനികേത് വർമ്മയും ഔട്ട്. ഡല്‍ഹിക്കായി സ്റ്റാര്‍ക്കിനെ കൂടാതെ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. 

Exit mobile version