Site iconSite icon Janayugom Online

ഐപിഎല്ലില്‍ ഇനി സൂപ്പര്‍ പോരാട്ടം

ആവേശം നിറഞ്ഞ ലീഗ് മത്സരങ്ങളോടെ അവസാന നാലിലേക്കുള്ള ചിത്രം തെളിഞ്ഞു. ഒന്നാം സ്ഥാനക്കാരായി ഗുജറാത്ത് ടൈറ്റണ്‍സും, രാജസ്ഥാന്‍ റോയല്‍സ് രണ്ടും, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മൂന്നും, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നാലാം സ്ഥാനത്തുമാണ് പ്ലേ ഓഫിലേക്കെത്തിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മുംബൈ ഇന്ത്യന്‍സ് തോല്‍പ്പിച്ചതോടെയാണ് ബാംഗ്ലൂരിന് പ്ലേ ഓഫിലേക്ക് നറുക്ക് വീണത്. കളിച്ച 14 മത്സരങ്ങളില്‍ 10 ജയവുമായി 20 പോയിന്റോടെയാണ് ഒന്നാം സ്ഥാനക്കാരായി ഗുജറാത്ത് പ്ലേ ഓഫിലെത്തിയത്. രണ്ടാം സ്ഥാനക്കാരായ രാജസ്ഥാനും മൂന്നാം സ്ഥാനത്തുള്ള ലഖ്‌നൗവിനും 14 മത്സരങ്ങളില്‍ ഒമ്പത് ജയത്തോടെ 18 പോയിന്റാണുള്ളത്. എന്നാല്‍ മികച്ച റണ്‍ റേറ്റാണ് രാജസ്ഥാനെ മുന്നിലെത്തിച്ചത്. 14 മത്സരങ്ങളില്‍ എട്ട് ജയത്തോടെ 16 പോയിന്റുമായാണ് ബാംഗ്ലൂര്‍ അവസാന നാലിലെത്തിയത്.

നാളെ നടക്കുന്ന ആദ്യ ക്വാളിഫൈയറില്‍ ആദ്യ രണ്ടു സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റണ്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ ഏറ്റുമുട്ടും. ഈഡന്‍ ഗാര്‍ഡനില്‍ രാത്രി 7.30നാണ് മത്സരം. ഇതില്‍ വിജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലേക്കും പരാജയപ്പെടുന്നവർ ബാംഗ്ലൂർ‑ലഖ്നൗ മത്സരത്തിലെ വിജയികളുമായി മത്സരിക്കുകയും ചെയ്യും. എലിമിനേറ്ററിലെ വിജയിയുമായുള്ള മല്‍സരത്തിനു കാത്തുനില്‍ക്കാതെ ക്വാളിഫയര്‍ വണ്ണില്‍ തന്നെ ജയിച്ച്‌ ഫൈനലിലെത്താനായിരിക്കും ടൈറ്റന്‍സിന്റെയും റോയല്‍സിന്റെയും ശ്രമം. 

ടൈറ്റന്‍സും റോയല്‍സും ഈ സീസണില്‍ രണ്ടാം തവണ മുഖാമുഖം വരുന്ന മത്സരം കൂടിയാണ് ക്വാളിഫയര്‍ വണ്‍. നേരത്തേ ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഗുജറത്തിനായിരുന്നു. പോരാട്ടത്തില്‍ 37 റണ്‍സിനു ടൈറ്റന്‍സ് ജയിച്ചുകയറുകയായിരുന്നു. ഗുജറാത്തും ലഖ്നൗവും ഈ സീസണില്‍ പുതുതായെത്തിയ രണ്ട് ടീമുകളാണ്. അതുകൊണ്ട് തന്നെ രാജസ്ഥാന്‍ ഒഴികെ മറ്റാര്‍ക്കും ഐപിഎല്‍ കിരീടം നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ രാജസ്ഥാനല്ലാതെ മറ്റു മൂന്ന് ടീമുകളിലാരെങ്കിലുമാണ് കിരീടം തൊടുന്നതെങ്കില്‍ ഐപിഎല്ലില്‍ പുതിയ ചാമ്പ്യനാകും. ഈ മാസം 29നാണ് ഫൈനല്‍. 

Eng­lish Sum­ma­ry: super fights in the IPL
You may also like this video

Exit mobile version