കേരള സൂപ്പര്‍ലീഗില്‍ ആശ്വാസ ജയം തേടി ഇന്ന് ഫോഴ്‌സ കൊച്ചി ഇറങ്ങും. മൂന്നാം സ്ഥാനക്കാരായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയാണ് എതിരാളികള്‍. ആദ്യ രണ്ട് കളികളില്‍ തോറ്റ ഫോഴ്‌സ നിലവില്‍ അവസാന സ്ഥാനക്കാരാണ്. രണ്ട് കളികളില്‍ ഒരു ജയവും ഒരു സമനിലയുമായി പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനക്കാരാണ് കണ്ണൂര്‍ വാരിയേഴ്‌സ്. ഇന്ന് ജയിച്ച് ടൂര്‍ണമെന്റിലേക്ക് ശക്തമായി തിരിച്ചുവരികയാണ് ഫോഴ്സ കൊച്ചിയുടെ ലക്ഷ്യം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ വൈകിട്ട് 7.30നാണ് കിക്കോഫ്.
ഇത് ആദ്യമായിട്ടാണ് സൂപ്പര്‍കേരള ഫുട്‌ബോളിന് മഹാരാജാസ് കോളജ് മൈതാനം വേദിയാകുന്നത്. കഴിഞ്ഞ സീസണില്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരുന്നു മത്സരമെങ്കില്‍ ഇക്കുറി ഫോഴ്‌സ കൊച്ചി ഹോം മൈതാനമായി മഹാരാജാസ് കോളജ് മൈതാനത്തിനെ തെരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള ഫുട്‌ബോള്‍ വേദികളില്‍ ഒന്നാണ് മഹാരാജാസ് കോളജ് ഗ്രൗണ്ട്. സന്തോഷ് ട്രോഫി ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനതല മത്സരങ്ങള്‍ക്കും ഈ മൈതാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് ഒരിക്കല്‍ക്കൂടി ഫുട്‌ബോള്‍ ആവേശം തിരിച്ചെത്തിക്കുന്ന ഫോഴ്സ കൊച്ചി ഏറെ പ്രതീക്ഷയോടെയാണ് സീസണിലെ ആദ്യ ഹോം മത്സരത്തിനായി തയ്യാറാകുന്നത്. എതിരാളികളായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി മികച്ച ഫോമിലാണ്. ഒരു വിജയവും ഒരു സമനിലയുമായി ഇതുവരെ അവര്‍ തോല്‍വി അറിയാതെയാണ് സീസണില്‍ മുന്നേറുന്നത്.

