Site iconSite icon Janayugom Online

ലോകകപ്പ് വേദിയിൽ സർപ്രൈസ് പ്രൊപ്പോസൽ! കംപോസർ പലാഷ് മുച്ചലിന് ‘യെസ്’ പറഞ്ഞ് സ്മൃതി മന്ദാന

ലോകകപ്പ് വിജയത്തിന്റെ ആവേശം അടങ്ങും മുൻപ് തന്നെ സ്മൃതി മന്ദാനയോട് വിവാഹാഭ്യർത്ഥന നടത്തി സംഗീത സംവിധായകനും സംവിധായകനുമായ പലാഷ് മുച്ചൽ. താൻ ലോകകപ്പ് നേടിയ അതേ വേദിയിൽ വെച്ച് തന്നെയായിരുന്നു പലാഷ് തന്റെ പ്രണയിനിയോട് വിവാഹാഭ്യർത്ഥന നടത്തിയത്. “അവൾ യെസ് പറഞ്ഞു” എന്ന സന്തോഷവാർത്ത പങ്കുവെച്ചുകൊണ്ട് പലാഷ് മുച്ചൽ പ്രൊപ്പോസലിന്റെ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ പ്രിയപ്പെട്ടവളെ കണ്ണുകെട്ടി കൈപിടിച്ച് ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലെത്തിക്കുന്നതും, ഗ്രൗണ്ടിന് നടുവിൽ വെച്ച് വിവാഹാഭ്യർത്ഥന നടത്തുന്നതുമാണ് പലാഷ് പങ്കുവെച്ച വീഡിയോയിലുള്ളത്. സ്മൃതി പ്രൊപ്പോസൽ സ്വീകരിച്ച ഉടൻ തന്നെ ഇരുവരുടെയും സുഹൃത്തുക്കളും ഗ്രൗണ്ടിലേക്ക് എത്തുന്നുണ്ട്. പലാഷിന്റെ സഹോദരിയും പ്രമുഖ ഗായികയുമായ പലക് മുച്ചലും ഈ സന്തോഷ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ വേദിയിലെത്തി.

നേരത്തെ, സ്മൃതി മന്ദാനയുമൊത്തുള്ള ഡാൻസ് വീഡിയോ ജെമീമ റോഡ്രിഗസ് പങ്കുവെച്ചിരുന്നു. ജെമീമ റോഡ്രിഗസ്, ശ്രേയങ്ക പാട്ടീൽ, രാധ യാദവ്, അരുന്ധതി റെഡ്ഡി എന്നിവർക്കൊപ്പമാണ് സ്മൃതി ചുവടുവെച്ചത്. റീലിന്റെ അവസാനം സ്മൃതി തന്റെ വിരലിലെ മോതിരം ഉയർത്തിക്കാണിക്കുന്നത് ശ്രദ്ധേയമായിരുന്നു. ‘സംജോ ഹോ ഹി ഗയ’ എന്ന ഗാനത്തിനൊപ്പമാണ് താരങ്ങൾ ചുവടുവെച്ചത്.
നവംബർ 23നാണ് സ്മൃതിയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നതെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. സ്മൃതിയുടെ സ്വന്തം നാടായ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വെച്ചായിരിക്കും വിവാഹമെന്നും സൂചനയുണ്ട്.

2019 മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും, 2024ലാണ് പ്രണയം പരസ്യമാക്കിയതെന്നുമാണ് റിപ്പോർട്ടുകൾ. ലോകകപ്പ് കഴിഞ്ഞാൽ ഉടൻ വിവാഹം ഉണ്ടാകുമെന്നും നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. ബോളിവുഡ് ഗായികയായ പലക് മുച്ചലിന്റെ സഹോദരനാണ് പലാഷ് മുച്ചൽ. സംഗീത സംവിധാനത്തിന് പുറമെ ‘റിക്ഷ’ എന്ന വെബ് സീരീസ് സംവിധാനം ചെയ്തിട്ടുണ്ട്. നിലവിൽ രാജ്പാൽ യാദവ്, റുബീന ദിലൈക് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അർധ്’ എന്ന സിനിമയുടെ സംവിധാനത്തിൻ്റെ തിരക്കിലാണ് അദ്ദേഹം.

Exit mobile version