Site icon Janayugom Online

കോലി, രാഹുല്‍, പന്ത് ഇപ്പോള്‍ സൂര്യയും പുറത്ത്: ടീം പ്രതിസന്ധിയില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര നേട്ടത്തിന്റെ ആത്മവിശ്വാസത്തില്‍ ശ്രീലങ്കയെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് വീണ്ടും തിരിച്ചടി. കഴിഞ്ഞ പരമ്പയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സൂര്യകുമാര്‍ യാദവും ദീപക് ചാഹറും ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ഉണ്ടാകില്ലായെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ തന്നെ പരിക്കിന്റെ പിടിയിലായിരുന്ന ദീപക് ചാഹറിന് പരമ്പര നഷ്ടമാകുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും സൂര്യകുമാറിന്റെ പുറത്താകല്‍ അപ്രതീക്ഷിതമാണ്.

പരമ്പരയ്ക്കായി ലഖ്നൗവിലെത്തിയ ഇന്ത്യൻ ടീമിനൊപ്പം സൂര്യകുമാർ യാദവും ഉണ്ടായിരുന്നു. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഫീൽഡ് ചെയ്യുമ്പോഴാണ് താരത്തിനു പരുക്കേറ്റതെന്നാണ് സൂചന. കൈയ്ക്കേറ്റ പൊട്ടലിനെത്തുടര്‍ന്ന് ശ്രീലങ്കയ്ക്കെതിരായ പരമ്പര നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര 3–0 ന് തൂത്തുവാരുന്നതില്‍ സൂര്യകുമാര്‍ എന്ന താരത്തിന്റെ പങ്ക് വളരെ വലുതായിരുന്നു. സൂര്യകുമാര്‍ യാദവ് തന്നെയായിരുന്നു പരമ്പരയിലെ താരവും.

അതേസമയം, ടീമിലെ മുന്‍നിര താരങ്ങളായ വിരാട് കോലി, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് എന്നിവരുടെ അഭാവത്തിലാണ് ഇന്ത്യ ശ്രീലങ്കയെ നേരിടാനൊരുങ്ങിയിരുന്നത്. കോലി, പന്ത് എന്നിവര്‍ക്ക് ഈ പരമ്പരയില്‍ വിശ്രമം അനുവദിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവിനേറ്റ പരിക്കും ടീമിന് തിരിച്ചടിയാകും. എന്നാല്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മലയാളി താരം സഞ്ജു സാസംണിനെ സൂര്യകുമാറിന് പകരക്കാരനായി പരിഗണിക്കാനാണ് സാധ്യതയേറുന്നത്. അടുത്ത ടി20 ലോകകപ്പിലേക്ക് സഞ്ജുവിനെ പരിഗണിക്കുന്നുണ്ടെന്ന നായകന്‍ രോഹിത് ശര്‍മ്മയുടെ പ്രതികരണവും ഈ സാധ്യതയ്ക്ക് ആക്കം കൂട്ടുന്നതാണ്.

കൊൽക്കത്തയിലെ മത്സരത്തിനിടെ പരുക്കേറ്റ ദീപക് ചാഹറിനും ശ്രീലങ്കയ്‌ക്കെതിരായ പരമ്പര പൂർണമായും നഷ്ടമാകും എന്നതാണ് മറ്റൊരു തിരിച്ചടി. മൂന്നാം ട്വന്റി20യിൽ ബോൾ ചെയ്യുന്നതിനിടെ കാൽക്കുഴയ്ക്കു പരുക്കേറ്റ ദീപക് ചാഹർ മത്സരം പൂർത്തിയാക്കാതെയാണ് മടങ്ങിയത്. ലക്നൗവിലെത്തിയ ഇന്ത്യന്‍ ടീമിനൊപ്പവും ദീപക് ചാഹറില്ലായിരുന്നു.

എന്നാല്‍ ജസ്പ്രീത് ബുമ്ര തിരികെ ടീമിലെത്തിയതിനാള്‍ ഈ പ്രതിസന്ധിയെ തരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ഈ പരമ്പരയില്‍ ഉപനായകനും ബുമ്രയാണ്. ബുമ്ര, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ തുടങ്ങിയ പേസ് ബോളർമാരുടെ സാനിധ്യത്തിലൂടെ ദീപക് ചാററിന്റെ അഭാവത്തെ മറികടക്കാനുമാകും.

 

YOU MAY ALSO LIKE THIS VIDEO

Exit mobile version