Site iconSite icon Janayugom Online

പരമ്പര തൂത്തുവാരി; ഇന്ത്യക്ക് 304 റണ്‍സിന്റെ ജയം; ഏകദിനത്തില്‍ പുരുഷ ടീമിനെ മറികടന്ന് റെക്കോഡ് സ്കോര്‍

അയര്‍ലന്‍ഡ് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. അവസാന മത്സരത്തില്‍ 304 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പ്രതിക റാവലിന്റെയും ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെയും സെഞ്ചുറി കരുത്തില്‍ 435 റണ്‍സാണെടുത്തത്. വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ ടീം സ്കോറാണിത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പുരുഷ, വനിതാ ടീമുകളെ പരിഗണിച്ചാൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറും. 2011ല്‍ ഇന്‍ഡോറില്‍ വിന്‍ഡീസിനെതിരെ 418 നേടിയതാണ് ഇന്ത്യന്‍ പുരുഷ ടീമിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്കോര്‍. മറുപടി ബാറ്റിങ്ങില്‍ അയര്‍ലന്‍ഡ് 131 റണ്‍സിന് ഓള്‍ഔട്ടായി.

മന്ദാന 80 പന്തിൽ ഏഴ് സിക്‌സറും 12 ഫോറുകളും അടക്കം 135 റൺസ് നേടി. 129 പന്തിൽ 20 ഫോറുകളും ഒരു സിക്‌സറും അടക്കം 154 റൺസാണ് പ്രതിക റാവൽ നേടിയത്. 42 പന്തിൽ റിച്ച ഘോഷ് 59 റൺസ് നേടി. അതിശയിപ്പിക്കുന്ന തുടക്കമായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ പ്രതിക — മന്ദാന സഖ്യം 233 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 27-ാം ഓവറിലാണ് കൂട്ടുകെട്ട് പിരിയുന്നത്. വനിതാ ഏകദിനത്തിൽ ഒരേ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാർ സെഞ്ചുറി നേടുന്നത് ഇത് മൂന്നാം തവണ മാത്രം. 1999ൽ മിതാലി രാജ്, രേഷ്മ ഗാന്ധി എന്നിവരും 2017ൽ ദീപ്തി ശർമ്മ, പൂനം റാവത്ത് എന്നിവരുമാണ് മുൻഗാമികൾ. മൂന്നു തവണയും എതിരാളികൾ അയർലൻഡ് ആയിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. 

വൈകാതെ പ്രതികയും സെഞ്ചുറി നേടി. മാത്രമല്ല, റിച്ചാ ഘോഷിനൊപ്പം 104 റണ്‍സ് ചേര്‍ക്കാനും പ്രതികയ്ക്ക് സാധിച്ചു. റണ്‍സുയര്‍ത്താനുള്ള ശ്രമത്തില്‍ റിച്ച മടങ്ങി. ഒരു സിക്‌സും പത്ത് ഫോറും താരം നേടി. പിന്നാലെ തേജല്‍ ഹസബ്‌നിസ് (28) ക്രീസിലേക്ക്. ഹര്‍ലീന്‍ ഡിയോള്‍ (15) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. ജെമീമ റോഡ്രിഗസ് (4), ദീപ്തി ശര്‍മ്മ (11) എന്നിവര്‍ പുറത്താകാതെ നിന്നു. അയർലൻഡിനായി ഓർല പ്രെൻഡർഗാസ്റ്റ് രണ്ടു വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് ബാറ്റിങ് നിരയില്‍ സാറോ ഫോബ്സിനും (41) ഒര്‍ല പ്രെന്‍ഡര്‍ഗാസ്റ്റി(36)നും മാത്രമേ ചെറുത്ത് നില്‍ക്കാനായുള്ളു. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ദീപ്തി ശര്‍മ്മ മൂന്നും തനൂജ കന്‍വാര്‍ രണ്ടും ടിറ്റാസ് സദ്ധു, സയാലി സത്ഘരെ, മിന്നുമണി എന്നിവര്‍ ഓരോ വീതം വിക്കറ്റും വീഴ്ത്തി.

സെഞ്ചുറിയില്‍ സ്മൃതിയഴക്
തകര്‍പ്പന്‍ സെഞ്ചുറിയില്‍ റെക്കോഡിട്ട് ഇന്ത്യന്‍ താരം സ്മൃതി മന്ദാന. വനിതാ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് സ്മൃതി സ്വന്തമാക്കിയത്. 70 പന്തിലാണ് മന്ദാന സെഞ്ചുറി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ 87 പന്തില്‍ സെഞ്ചുറി നേടിയ ഹര്‍മന്‍പ്രീത് കൗറാണ് രണ്ടാം സ്ഥാനത്ത്. 2017ല്‍ ഹര്‍മന്‍ ഓസീസിനെതിരെ 90 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. ഏകദിനത്തിലെ വേഗമേറിയ സെഞ്ചുറികളുടെ പട്ടികയില്‍ ഏഴാമതാണ് മന്ദാന. 

തന്റെ പത്താമത്തെ ഏകദിന സെഞ്ചുറിയാണ് മന്ദാന നേടിയത്. വനിതാ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയവരുടെ പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ടിനൊപ്പം മന്ദാന മൂന്നാം സ്ഥാനത്താണ്. ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ മെഗ് ലാനിങ് (15), ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സ് (13) എന്നിവരാണ് പട്ടികയില്‍ മുന്നില്‍.

Exit mobile version