“സ്യാനന്ദൂരപുരേശാ…
പരമപുരുഷ ജഗദീശ്വര ജയജയ
പങ്കജനാഭമുരാരേ...” സ്വാതിതിരുനാള്‍ മഹാരാജാവ് എഴുതിയ വസന്തരാഗ കീര്‍ത്തനം കേള്‍ക്കേ മനസില്‍ ‘സ്യാനന്ദൂരം’ എന്ന സ്ഥലനാമം ഒന്നുടക്കിനിന്നു. മലയാളികള്‍ക്കിന്ന് സുപരിചിതമല്ല ആ പേര്. ‘തിരുവനന്തപുരം’ എന്ന സ്ഥലനാമം രൂഢീയായി പതിഞ്ഞു കഴിഞ്ഞിരിക്കുന്നു. സ്യാനന്ദൂരം-സദാ ആനന്ദം തുളുമ്പുന്നയിടം, സ്ഥലം എന്നൊക്കെയര്‍ത്ഥം കല്പിക്കാം. ക്രിസ്തുവിന് പിന്‍പ് 14-ാം ശതകത്തിലെഴുതപ്പെട്ട അജ്ഞാതനാമാവായ കവിയുടെ ഉണ്ണുനീലിസന്ദേശം എന്ന മണിപ്രവാള സന്ദേശ കാവ്യത്തില്‍ നഗരത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നു.
“സ്യാനന്ദൂരേ ബത! പുരവരേ ചെന്റ
നേരത്തുണര്‍ന്നാനന്ദത്തോടിഹ വിരഹിതോ
വേറിരുന്നുണ്ണുനീലീം
ശോകാന്മോദം മനസികനമുണ്ടാകിലും
മന്ത്രശക്ത്യാ
മുക്തോ ദൈവാല്‍ പുനരവളുടെ
കയ്യില്‍ നിന്റേഷകാമി”
കവിയിവിടെ തിരുവനന്തപുരമെന്നല്ല സ്യാനന്ദൂരമെന്നാണ് പ്രയോഗിച്ചിരുന്നത്. എന്നാല്‍ 1375 മുതല്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംബന്ധിയായ മതിലകം രേഖകളിലും രാജകീയ ഏടുകളിലും ‘തിരുവാനന്തപുരം’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘തിരുവനന്താപുരം തങ്കുംആനന്തനേ’ എന്ന് ‘ലീലാതിലക’ത്തില്‍ പ്രയോഗമുണ്ട്.
തിരുവനന്തപുരത്തിന്റെ യഥാര്‍ത്ഥ ചരിത്രം ദൈര്‍ഘ്യമേറിയതാണ്. വിസ്താരഭയത്താല്‍ കുറിക്കുന്നില്ല. ആധുനിക തിരുവിതാംകൂര്‍ സ്ഥാപകന്‍ അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ 1729ല്‍ അധികാരം ഏറ്റെടുത്തു. തുടര്‍ന്ന് അദ്ദേഹം ആഭ്യന്തര കലഹങ്ങളെ അടിച്ചമര്‍ത്തി, വേണാടിന്റെ സ്വരൂപങ്ങളെയും അയല്‍നാടുകളെയും കീഴ്പ്പെടുത്തി രാജ്യം വിസ്തൃതമാക്കി. ശ്രീപത്മനാഭ സ്വാമിക്ക് രാജ്യം ‘തൃപ്പടിദാനം’ എന്ന ചടങ്ങുവഴി സമര്‍പ്പിച്ചതോടെ തിരുവിതാംകൂറിന്റെയും തിരുവനന്തപുരത്തിന്റെയും നവീനചരിത്രം ആരംഭിക്കുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹം പുനഃപ്രതിഷ്ഠ നടത്തി. അഞ്ചുനില ഗോപുരം, ഒറ്റക്കല്‍മണ്ഡപം, പൊന്നിന്‍ കൊടിമരം, ശീവേലിപ്പുര എന്നിവയും ക്ഷേത്രസംരക്ഷണത്തിനായി കോട്ടയും കെട്ടി. നഗരവികസനത്തിന് തുടക്കം കുറിക്കുന്നത് മാര്‍ത്താണ്ഡവര്‍മ്മയാണ്.
രാജാവിന്റെ പുനരുദ്ധാരണത്തോടുകൂടി ‘പുന്നപുരം’ എന്ന സ്ഥലപ്പേര് മറഞ്ഞുപോകയും അവിടെ കോട്ടയ്ക്കകം എന്നറിയപ്പെടാനും തുടങ്ങി. കിഴക്കേകോട്ട എന്ന പേര് പ്രസിദ്ധമായി. പുന്നപുരത്തെക്കുറിച്ച് ഉണ്ണുനീലി സന്ദേശകാരന്‍ ഇങ്ങനെ വര്‍ണിക്കുന്നു:
“പിന്നെപ്പൊന്നിന്‍ മെതിയടികഴിച്ചങ്ങുതണ്ടില്‍ക്കരേറി
ക്കന്നക്കണ്ണാര്‍ മനസിജ! മതിപ്പെട്ട സേനാജനേന
പുന്നപ്പൂവിന്‍ പരിമളഭൃത
മാരുതേനാനുയാതോ
മുന്നില്‍ക്കാണാമിതവിയ നടെക്കാവ്
നീപിന്നിടേഥാഃ”
സുന്ദരമായ പ്രകൃതിവര്‍ണനയാണിത്. നായകന്‍ സന്ദേശഹരനായ രാജാവിനോട് പറയുന്ന വാക്കുകളാണിത്.
“പുന്നപ്പൂവിന്‍ ഗന്ധം വഹിക്കും ചെറുകാറ്റ് വീശുന്ന ആ നടക്കാവ് വഴി നീ പോവുക” എന്ന നായകന്റെ വാക്കുകളിലൂടെ അക്കാലത്തെ പ്രകൃതിയെ കവി സുന്ദരമായി ചിത്രീകരിക്കുന്നു.
കോട്ടയ്ക്കകത്ത് കുതിരമാളികയും നവരാത്രി മണ്ഡപവും മറ്റ് രാജകൊട്ടാരങ്ങളും ഭരണകാര്യങ്ങള്‍ക്കായി കരിവേലപ്പുര മാളികയില്‍ പഴയ ഹജൂര്‍ക്കച്ചേരിയും സ്ഥാപിതമായി. കോട്ടയ്ക്കകം വികസിക്കുന്നതിന് മുമ്പ് വഞ്ചിയൂരിനായിരുന്നു ആ പ്രശസ്തി. മാര്‍ത്താണ്ഡവര്‍മ്മയുടെ പരിഷ്കാരത്തോടെ വഞ്ചിയൂരിന്റെ പ്രശസ്തി മറഞ്ഞു. ഇന്നും കിഴക്കേകോട്ടയില്‍ പലയിടങ്ങളിലും പുന്നപുരമെന്ന സ്ഥലപ്പേര് എഴുതിക്കാണാം.
ധര്‍മ്മരാജാവിന്റെ (1758–1798) കാലംവരെ പത്മനാഭപുരം തലസ്ഥാനമായി തുടര്‍ന്നു. തുടര്‍ന്ന് അധികാരമേറ്റ ബാലരാമവര്‍മ്മ (1798–1810) മഹാരാജാവിന്റെ കാലത്താണ് തിരുവനന്തപുരം തലസ്ഥാനമാകുന്നത്. ആ പദവിക്ക് ഇന്നും മാറ്റമുണ്ടായിട്ടില്ല. ബാലരാമവര്‍മ്മയുടെ സ്മരണ നിലനിര്‍ത്തുന്ന പട്ടണമാണ് ബാലരാമപുരം. ദിവാന്‍ ഉമ്മിണിത്തമ്പി അക്കിക്കാട് എന്ന ഒരു ചെറുവനം വെട്ടിത്തെളിച്ചാണ് പട്ടണം പണിയുന്നത്. വേലുത്തമ്പിദളവ ആത്മാഹുതി ചെയ്യുന്നത് തിരുവിതാംകൂറിലെ അശക്തനായ രാജാവായിരുന്ന ബാലരാമവര്‍മ്മയുടെ ഭരണകാലത്താണ്.