Site iconSite icon Janayugom Online

സയ്യദ് മുഷ്താഖ് അലി ട്രോഫി; കേരള ടീമിനെ സഞ്ജു സാംസൺ നയിക്കും

സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണാണ് ക്യാപ്റ്റൻ. നവംബർ 23 മുതൽ ഡിസംബർ മൂന്ന് വരെയാണ് മത്സരങ്ങൾ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രണ്ട് സെഞ്ചുറികൾ നേടി മിന്നുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവച്ചത്. സഞ്ജുവിന്റെ വരവ് ടീമിനും ആത്മവിശ്വാസം പകരും. 

സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, ബേസിൽ തമ്പി, സൽമാൻ നിസാർ തുടങ്ങിയവർ അടങ്ങിയതാണ് കേരള ടീം. കൂടാതെ കേരള ക്രിക്കറ്റ് ലീഗിൽ തിളങ്ങിയ അബ്ദുൾ ബാസിദിനെ പോലുള്ള താരങ്ങളും ടീമിലുണ്ട്. നിലവിലെ സീസണിൽ രഞ്ജി ട്രോഫി, സി കെ നായിഡു ട്രോഫി തുടങ്ങിയ ടൂർണമെന്റുകളിൽ കേരളം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. രഞ്ജി ട്രോഫിയിൽ കേരളം സി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. സി കെ നായിഡു ട്രോഫിയിൽ കഴിഞ്ഞ മത്സരത്തിൽ കേരളം കരുത്തരായ തമിഴ്‌നാടിനെ തോല്പിച്ചിരുന്നു. 

ഗ്രൂപ്പ് ഇയിൽ മുംബൈ, മഹാരാഷ്ട്ര, ഗോവ, ആന്ധ്രാപ്രദേശ്, സർവ്വീസസ്, നാഗാലന്‍ഡ് എന്നീ ടീമുകൾക്ക് ഒപ്പമാണ് കേരളവും. മുംബൈയ്ക്ക് വേണ്ടി സൂര്യകുമാർ യാദവ് കളിക്കാൻ ഇറങ്ങിയാൽ സുഹൃത്തുക്കൾ കൂടിയായ സഞ്ജുവും സൂര്യകുമാറും നേർക്കുനേരെയെത്തുന്ന പോരാട്ടം കൂടി ആരാധകർക്ക് ആസ്വദിക്കാം. നവംബർ 23ന് സർവീസസിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
കേരള ടീം — സഞ്ജു സാംസൺ (ക്യാപ്റ്റൻ), സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മൊഹമ്മദ് അസറുദ്ദീൻ, ബേസിൽ തമ്പി, സൽമാൻ നിസാർ, അബ്ദുൾ ബാസിദ് പി എ, അഖിൽ സ്കറിയ, അജ്നാസ് എം, സിജോമോൻ ജോസഫ്, മിഥുൻ എസ്, വൈശാഖ് ചന്ദ്രൻ, വിനോദ് കുമാർ സി വി, ബേസിൽ എൻ പി, ഷറഫുദ്ദീൻ എൻ എം, നിധീഷ് എം ഡി. റിസർവ് താരങ്ങളായി സി കെ നായിഡു ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച വച്ച വരുൺ നായനാർ, ഷോൺ റോജർ, അഭിഷേക് ജെ നായർ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Exit mobile version