Site iconSite icon Janayugom Online

സിറിയ ഇറാഖിന്റെ തനിയാവർത്തനം

സിറിയയിലെ ബഷാർ അൽ അസദിന്റെ ഭരണത്തെ വിമതസേന നാടകീയമായി അട്ടിമറിച്ചത് ആ രാജ്യത്തിനു മാത്രമല്ല ആഗോള പ്രാദേശിക ശക്തികൾക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നവയാണ്. ഒരർത്ഥത്തിൽ പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെ ഇറാഖിൽ നടന്ന സംഭവങ്ങളുടെ പുനരാവർത്തനമാണ് സിറിയയിലും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിമത ശക്തികളായ ഇസ്ലാമിസ്റ്റ് മിലിട്ടറി ഗ്രൂപ്പ് ഹയാത്ത് തഹ്‌രീർ എച്ച് ടിഎസ് സിറിയയിൽ ആകെ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. അതിനിടയിൽ നിരവധി നഗരങ്ങൾ പിടിച്ചടക്കുകയും ചെയ്തിരുന്നു. അതിനൊടുവിലാണ് ഡിസംബർ ഏഴിന് വിമതവിഭാഗം ഡമാസ്കസിലെത്തുകയും പ്രദേശം തങ്ങളുടെ വരുതിയിലാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. ഭരണം നഷ്ടപ്പെട്ട പ്രസിഡന്റ് ബഷാര്‍ രാജ്യം വിട്ട് റഷ്യയിൽ അഭയം തേടുകയാണെന്നും വിമതസേനയെ അറിയിച്ചിരുന്നു. അട്ടിമറിയെ പടിഞ്ഞാറൻ രാജ്യങ്ങൾ കരുതലോടെയാണ് സ്വാഗതം ചെയ്തത്. നേതൃമാറ്റം സംഭവിക്കുകയോ അതിനിടെ പ്രശ്നങ്ങളും മത്സരങ്ങളും ഉണ്ടായാൽ സിറിയയിൽ കൂടുതൽ രക്തച്ചൊരിച്ചിലും അധികാര ശൂന്യതയ്ക്കും സാധ്യതയുണ്ടെന്നതിനാലാണ് പാശ്ചാത്യ രാജ്യങ്ങൾ കരുതലോടെയുള്ള പ്രതികരണം നടത്തിയത്. പക്ഷേ ഈ പാശ്ചാത്യ ശക്തികൾ തന്നെയായിരിക്കും 

സിറിയയെ കൂടുതൽ കുഴപ്പത്തിലേക്ക് നയിച്ചേക്കാവുന്ന തീരുമാനങ്ങൾ കൈക്കൊള്ളുക എന്ന് പറയുന്നതില്‍ തെറ്റുണ്ടാവില്ല.
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘ഇത് ഞങ്ങളുടെ യുദ്ധമല്ലെന്ന’ സമൂഹമാധ്യമ അവകാശവാദം ഇതിന്റെ പ്രകടമായ തെളിവായി കണക്കാക്കാവുന്നതാണ്. എങ്കിലും സിറിയയിൽ ആരോപിക്കപ്പെടുന്ന രാസായുധങ്ങൾ ഇല്ലാതാക്കാൻ ബൈഡൻ ഭരണകൂടവും ഇസ്രയേലും ചേർന്ന് വ്യോമാക്രമണം ആരംഭിച്ചിരിക്കുകയാണ്. അത് ഇറാഖിന്റെ പൂർവകാലത്തെയാണ് ഓർമ്മിപ്പിക്കുന്നത്. അതുകൊണ്ട് സിറിയയിലെ ഭാവിസംഭവങ്ങൾ ഇറാഖിന്റെ തനിപ്പകർപ്പായേക്കാവുന്നതാണ്. 

അസദിന്റെ പതനത്തിന് ശേഷമുണ്ടായിരിക്കുന്ന അരാജക സാഹചര്യം ഏതെങ്കിലും വിഭാഗം മുതലെടുക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് തങ്ങൾ ഐഎസ് നേതാക്കൾ, പ്രവർത്തകർ, ക്യാമ്പുകൾ എന്നിവ ഉൾപ്പെടെ 75ലധികം കേന്ദ്രങ്ങൾ ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) പ്രസ്താവിച്ചിട്ടുണ്ട്.
സിറിയയിലുണ്ടെന്ന് സംശയിക്കുന്ന രാസായുധ കേന്ദ്രങ്ങൾ ലക്ഷ്യംവച്ച് അക്രമം നടത്തിയതായും ഈ ആയുധങ്ങൾ ശത്രുക്കളുടെ കയ്യിലെത്താതിരിക്കാനാണിതെന്നും തിങ്കളാഴ്ച ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിദിയോൺ സാറും പറഞ്ഞിരുന്നു. ഡിസംബർ ഒമ്പത്, 10 എന്നീ രണ്ട് ദിവസങ്ങൾക്കിടെ ഇസ്രയേൽ 480 വ്യോമാക്രമണങ്ങൾ നടത്തിയതായി അൽ ജസീറയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

അതിനിടെ അതിർത്തിയിലെ ഗോലാൻ കുന്നുകളോട് ചേർന്നുള്ള സംരക്ഷിത മേഖലയിലേക്ക് തങ്ങളുടെ സൈന്യം കടക്കുകയും ആധിപത്യമുറപ്പിച്ചതായും ഇസ്രയേൽ അറിയിച്ചിട്ടുണ്ട്. ഇത് വളരെക്കാലമായി ഇസ്രയേലിന്റെ സ്വപ്നമായിരുന്നു. ഗോലാൻ കുന്നുകൾ നിയന്ത്രിക്കുന്നത് ആരായാലും അത് ഇസ്രയേലിന് ഭീഷണിയാണെന്ന് അവർക്ക് ബോധ്യമുണ്ട്. പടിഞ്ഞാറൻ ഗോലാൻ പ്രദേശങ്ങളായ ഹൈഫ, അക്രെ തുടങ്ങിയ ഇസ്രയേലിന്റെ വ്യവസായ കേന്ദ്രത്തിലേക്ക് ഭൂമിശാസ്ത്രപരമായി വലിയ തടസങ്ങളില്ലാതെ കേവലം 60 മൈൽ ദൂരംമാത്രമാണ് ഇവിടെനിന്നുള്ളത്. 1974ലെ കരാറിന്റെ ലംഘനമാണിതെന്ന് ഒരു യുഎൻ വക്താവ് ഇതിനെ വിശേഷിപ്പിക്കുകയുണ്ടായി. കൂടാതെ, ആദ്യദിവസം മുതലുള്ള സിറിയയിലെ ഇസ്രയേൽ സൈനിക ആക്രമണം വിമതരെ മെരുക്കാനുള്ള പാശ്ചാത്യ അനുകൂല പദ്ധതിയുടെ ഭാഗവുമാകാം. 

സ്വതന്ത്ര പരമാധികാര രാജ്യമായ സിറിയക്കുനേരെ ബോംബാക്രമണം നടത്താൻ യുഎസിനും ഇസ്രയേലിനും ആരാണ് അധികാരം നൽകിയത് എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. അവരുടെ നടപടികൾക്ക് ഐക്യരാഷ്ട്രസഭയുടെ ഉത്തരവോ മറ്റ് പശ്ചാത്യ രാജ്യങ്ങളുടെ സ്വീകാര്യതയോ ഇല്ല. അപ്പോൾ പിന്നെ അവർക്ക് അന്താരാഷ്ട്ര സൈനികരെ പോലെ എങ്ങനെയാണ് പ്രവർത്തിക്കുവാൻ സാധിക്കുക. 

ഭൂരാഷ്ട്രതന്ത്രപരമായി പരിശോധിച്ചാൽ സിറിയയിലെ സംഭവങ്ങൾ അവസാനിക്കുകയല്ല, ആരംഭിക്കുകയാണ് ചെയ്തിരിക്കുന്നത്. ഏതെങ്കിലും കാവൽ സർക്കാർ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞാലും രാജ്യത്തിന്റെ പ്രതിരോധത്തെ തുരങ്കം വയ്ക്കുന്നതിനൊപ്പംതന്നെ ഐഎസ് അല്ലെങ്കിൽ അൽ ഖ്വയ്ദ എന്നിങ്ങനെ പേരുപറഞ്ഞ് യുഎസും ഇസ്രയേലും രാജ്യത്തിന്റെ രാഷ്ട്രീയ പ്രക്രിയയിൽ ഇടപെടുന്നത് തുടരുമെന്നുറപ്പാണ്. 

അതേസമയം, സിറിയയുടെ പഴയ പിന്തുണക്കാരായ റഷ്യയും ഇറാനും പുതിയ സർക്കാരുമായി കൂടുതൽ ശക്തമായ ഇടപെടൽ നടത്താനും ശ്രമിക്കും. അൽ ജൂലാനി ഇറാനോടുള്ള തന്റെ വിരോധം വ്യക്തമാക്കിയിരുന്നുവെങ്കിലും സിറിയയിലെ ഇറാനിയൻ പ്രതിനിധികളിൽ നിന്നുള്ള സമ്മർദവും രാഷ്ട്രീയ യാഥാർത്ഥ്യങ്ങളും അദ്ദേഹത്തെ തന്റെ നിലപാട് മാറ്റാൻ പ്രേരിപ്പിക്കുകയും ചെയ്യും. 

50 വർഷത്തിലേറെ അധികാരത്തിലിരുന്ന അസദ് രാജവംശത്തിന്റെ പതനം റഷ്യയെയും ഇറാനെയും സംബന്ധിച്ച് പരാജിതരായി കണക്കാക്കാമെങ്കിലും അമേരിക്ക, തുർക്കി, ഇസ്രയേൽ എന്നീ പ്രധാന രാജ്യങ്ങള്‍ക്ക് ഗുണകരമായി മാറുമെന്നാണ് വിലയിരുത്തൽ. അഭയാർത്ഥികളുടെ വിഷയവുമായി ബന്ധപ്പെട്ട് യൂറോപ്പിനും ഇതിന്റെ രാഷ്ട്രീയനേട്ടങ്ങൾ ഉണ്ടാകും. കുടിയേറ്റ വിരുദ്ധ വികാരത്തിന് ശക്തികൂടി ഉയർന്നുവന്ന വലതുപക്ഷ പാർട്ടികൾക്ക് കുടിയിറക്കപ്പെട്ടവർ കുറവായിരിക്കുമെങ്കിലും അഭയാർത്ഥികളായി പ്രവേശിക്കുകയാണെങ്കിൽ പുതിയ പ്രചരണായുധവും ഇസ്ലാമോഫോബിയ പടർത്താനുള്ള അവസരവും ലഭിക്കും.
ഉടനടി ഭൗമരാഷ്ട്രീയാടിസ്ഥാനത്തിൽ പ്രധാന നേട്ടമുണ്ടാകുന്നത് ഇസ്രയേലിനും തുർക്കിക്കുമായിരിക്കും. കാരണം പ്രാദേശിക ശത്രുവായ ഇറാൻ കൂടുതൽ ദുർബലമാകുന്നതിന് അവർ അസദിന്റെ പതനത്തിന് നന്ദി പറയും. അങ്കാറയ്ക്ക് കൂടുതൽ സ്വാധീനമുള്ള പ്രദേശമാകുന്നതിനും സാധിക്കും. ലെബനനിലെ ഹിസ്ബുള്ളയെ സഹായിക്കുന്നതിനുള്ള മാർഗമായി സിറിയയെ ഉപയോഗിക്കുന്ന ഇറാനെ അസദിന്റെ പതനം ബാധിക്കുമെന്നതിനാൽ ഇതിന്റെ ഗുണഭോക്താവായി ഇസ്രയേലിനെയും കണക്കാക്കാവുന്നതാണ്. ലെബനനിലെയും ഗാസാ മുനമ്പിലെയും ഇറാനിയൻ പ്രതിരൂപങ്ങൾക്കെതിരായ സൈനിക പ്രചരണത്തിലൂടെ അവയെ ദുർബലപ്പെടുത്തുന്നതിന് ഇസ്രയേൽ ശ്രമിച്ചുവരികയായിരുന്നു. 

സിറിയയിലെ പുതിയ നേതൃത്വം എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന ഉത്ക്കണ്ഠ തീർച്ചയായും റഷ്യക്ക് ഉണ്ടാവുകയും ചെയ്യും. മെഡിറ്ററേനിയൻ കടലിലേക്ക് പ്രവേശനം നൽകുന്ന അവരുടെ വ്യോമത്താവളം ഹൈമിലും നാവിക താവളം ടാർടസിലുമുണ്ട് എന്നതിനാൽ സിറിയയിലെ പുതിയ സർക്കാരിനെ തങ്ങൾക്കനുകൂലമായി നിർത്തണമെന്ന നിക്ഷിപ്ത താല്പര്യം റഷ്യക്കുണ്ട്.
സിറിയയിലെ സൈനികത്താവളങ്ങളും നയതന്ത്ര കാര്യാലയങ്ങളും സുരക്ഷിതമായിരിക്കുമെന്ന് വിമത ശക്തികൾ ക്രെംലിന് ഉറപ്പ് നൽകിയെന്ന് റഷ്യൻ വാർത്താ ഏജൻസികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ സിറിയയിലെ ദീർഘകാല റഷ്യൻ സൈനിക സാന്നിധ്യത്തിന്റെ കാര്യം അനിശ്ചിതത്വത്തിലാണ്. 

എന്തായാലും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അറബ് വസന്തത്തിന്റെ മറ്റൊരധ്യായമാണെന്ന് കരുതാവുന്ന സംഭവങ്ങളാണുണ്ടായത്. അറബ് വസന്തത്തിലെന്നതുപോലെ ഇത് വിമത നീക്കം മാത്രമായിരുന്നു. പക്ഷേ പിന്നീട് നാം കണ്ടത് ഒരു രാഷ്ട്രം നാശത്തിലേക്ക് പതിക്കുകയും ഭരണാധികാരി നിലനില്പിനായി പൊരുതുകയും ചെയ്യുന്ന വിധം ചരിത്രത്തിന്റെ ഗതിമാറുന്നതാണ്. 

എന്തായാലും ഇറാഖിന്റെ തനിയാവർത്തനമാണ് സിറിയയിലും ഉണ്ടാവുക എന്ന സംശയം അസ്ഥാനത്തല്ല. ഇറാഖ് രാസായുധങ്ങൾ സൂക്ഷിച്ചുവെന്നും അത് കണ്ടെത്തി നശിപ്പിച്ച് ലോകത്തെ രക്ഷിക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞാണ് യുഎസും സഖ്യ ശക്തികളും ഇറാഖിലെ ആഭ്യന്തര സംഘർഷങ്ങളും കടന്നാക്രമണങ്ങളും ന്യായീകരിച്ചത്. അത് ആ രാജ്യത്തെ എക്കാലത്തേക്കുമായി തകർക്കുന്നതാണ് പിന്നീട് ലോകം കണ്ടത്. അതിലൂടെ മേഖലയിലെ എണ്ണ, പ്രകൃതി സമ്പത്ത് കൊള്ളയ ടിക്കുകയായിരുന്നു ഇവരുടെ യഥാർത്ഥ ലക്ഷ്യം. സമാനമായി രാസായുധങ്ങളും സൈനികത്താവളങ്ങളും ലോകത്തിന് ഭീഷണിയാണെന്ന പല്ലവി തന്നെയാണ് സിറിയയെ സംബന്ധിച്ചും അവർ ആവർത്തിക്കുന്നത്. വിമതരെ സഹായിച്ചും അതിന്റെ പേരിൽ കടന്നുകയറിയും സിറിയയെയും അവർ തകർക്കുമെന്നും ഇറാഖിലെന്നതുപോലെ അവിടെയുള്ള എണ്ണ — പ്രകൃതി സമ്പത്ത് ചൂഷണം ചെയ്യുകയും തന്നെയാണ് യുഎസിന്റെയും സഖ്യശക്തികളുടെയും ലക്ഷ്യമെന്നാണ് വിലയിരുത്തേണ്ടത്. 

Exit mobile version