Site iconSite icon Janayugom Online

കിവികള്‍ ഉയരെ

ടി20 ലോകകപ്പില്‍ നമീബിയയെയും കീഴടക്കി ന്യൂസിലന്‍ഡ് വിജയക്കുതിപ്പ് തുടരുന്നു. 52 റണ്‍സിന്റെ വിജയത്തോടെ ന്യൂസിലന്‍ഡ് സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 163 റൺസെടുത്തത്. നമീബിയയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. . മൈക്കല്‍ വാന്‍ ലിന്‍ഗന്‍ (25), സെയ്ന്‍ ഗ്രീന്‍ (23), സ്റ്റീഫന്‍ ബാര്‍ഡ് (21) എന്നിവരാണ് നമീബിയയുടെ പ്രധാന സ്‌കോറര്‍മാര്‍. ന്യൂസിലാന്‍ഡിനായി ട്രെന്റ് ബോള്‍ട്ടും ടിം സൗത്തിയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. മിച്ചെല്‍ സാന്റ്‌നര്‍, ജെയിംസ് നീഷാം, ഇഷ് സോധി എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതം ലഭിച്ചു.

തുടക്കമാണ് ഓപ്പണര്‍മാരായ സ്റ്റെ­ഫാന്‍ ബാര്‍ഡും മൈക്കിള്‍ വാന്‍ ലിങ്ഗനും നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജിമ്മി നീഷാം എറിഞ്ഞ എട്ടാം ഓവറിലെ രണ്ടാം പന്തില്‍ അനാവശ്യ ഷോട്ട് കളിച്ച് ലിങ്ഗന്‍ പുറത്തായി. 25 റണ്‍സെടുത്ത ലിങ്ഗനെ നീഷാം ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ സ്റ്റീഫന്‍ ബാര്‍ഡും പുറത്തായതോടെ നമീബിയ അപകടം മണത്തു. 21 റണ്‍സെടുത്ത ബാര്‍ഡിനെ മിച്ചല്‍ സാന്റ്‌നര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. രണ്ടു റണ്‍സ് കൂടി നേടുന്നതിനിടെ നായകന്‍ ഇറാസ്മസിനെ മറ്റൊരു സ്പിന്നറായ സോധിയും പുറത്താക്കിയതോടെ നമീബിയ മൂന്നിന് 55ലേക്കു വീണു. ഇടയ്ക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാന്‍ നമീബിയയ്ക്ക് സാധിച്ചില്ല.

നേരത്തെ 16 ഓവർ പൂർത്തിയാകുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 96 റൺസെന്ന നിലയിലായിരുന്ന ന്യൂസിലൻഡിന്, പിരിയാത്ത അഞ്ചാം വിക്കറ്റിൽ 76 റൺസ് കൂട്ടുകെട്ട് തീർത്താണ് ഫിലിപ്സും നീഷമും ചേർന്ന് രക്ഷപ്പെടുത്തിയത്. വെറും 36 പന്തിൽനിന്നാണ് ഇരുവരും 76 റൺസടിച്ചത്. 21 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം പുറത്താകാതെ 39 റൺസെടുത്ത ഫിലിപ്സാണ് കിവീസിന്റെ ടോപ് സ്കോറർ. നീഷം 23 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 35 റൺസോടെയും പുറത്താകാതെ നിന്നു.

കഴിഞ്ഞ മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെതിരെ 56 പന്തില്‍ 93 റണ്‍സിന്റെ അതിവേഗ സ്‌കോറിങുമായി ആടിത്തിമിര്‍ത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റിലിനെ അഞ്ചാം ഓവറില്‍ മടക്കിയാണ് വീസ് തുടങ്ങിയത്. 18 പന്തില്‍ അത്രതന്നെ റണ്‍സായിരുന്നു സമ്പാദ്യം. ഇതോടെ പവര്‍പ്ലേ സ്‌കോര്‍ 43–1. തൊട്ടടുത്ത ഓവറില്‍ ഡാരില്‍ മിച്ചലും(15 പന്തില്‍ 19) വീണതോടെ കിവീസ് പ്രതീക്ഷകള്‍ നായകന്‍ കെയ്‌ന്‍ വില്യംസണിലായി. എന്നാല്‍ ദേവോണ്‍ കോണ്‍വേയുമൊത്തുള്ള വില്യംസണിന്റെ ചെറുത്തുനില്‍പ് 13-ാം ഓവറിലെ ആദ്യ പന്തില്‍ എറാസ്‌മസ് പൊളിച്ചതോടെ കഥ മാറി. 25 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമായി 28 റണ്‍സെടുത്ത വില്യംസണ്‍ ബൗള്‍ഡാവുകയായിരുന്നു. വൈകാതെ കോണ്‍വേയും(18 പന്തില്‍ 17) വീണു. നമീബിയക്കായി എറാസ്മസും വീസും ബെര്‍ണാര്‍ഡും ഓരോ വിക്കറ്റ് നേടി.

ജയത്തോടെ ആറ് പോയിന്റുമായി അഫ്ഗാനിസ്ഥാനെ മറികടന്ന് ന്യൂസി­ലന്‍ഡ് രണ്ടാം സ്ഥാനത്തെത്തി.

ENGLISH SUMMARY: T20 NEWZEALAND WINS IN 52 RUNS

YOU MAY ALSO LIKE THIS VIDEO

Exit mobile version