Site iconSite icon Janayugom Online

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ബഹിഷ്‌കരണ ഭീഷണി ഉയർത്തിയതിനു പിന്നാലെ ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ച് പാകിസ്ഥാൻ. 15 അംഗ ടീമിനെ സൽമാൻ അലി ആഗ നയിക്കും. നേരത്തെ ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയ ഐസിസി തീരുമാനത്തെ വിമർശിച്ചു രംഗത്ത് എത്തുകയും മത്സരങ്ങൾ ബഹിഷ്ക്കരിക്കുമെന്ന് ഭീഷണിയുമായി പിസിബി ചെയർമാൻ മുഹസിന്‍ നഖ്‌വി രംഗത്ത് എത്തിയിരുന്നു. മത്സരങ്ങൾ ബഹിഷ്ക്കരിച്ചാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഐസിസി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് 15 അംഗ ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി മത്സരത്തിന്റെ വേദി മാറ്റണം എന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി നേരത്തെ തള്ളിയിരുന്നു. പകരം സ്കോട്ലന്‍ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. 

കഴിഞ്ഞ സെപ്റ്റംബറിൽ ഏഷ്യാ കപ്പിൽ പങ്കെടുത്ത സ്ക്വാഡിൽ‌ നിന്ന് കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് പാകിസ്ഥാൻ ലോകകിരീടത്തിനായുള്ള പോരാട്ടത്തിന് ഇറങ്ങുന്നത്. ഫാസ്റ്റ് ബൗളർമാരായ ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയർ എന്നിവരെ ഒഴിവാക്കി. ഹസൻ അലി, ഹുസൈൻ തലത്ത്, ഖുഷ്ദിൽ ഷാ, മുഹമ്മദ് ഹാരിസ്, സുഫിയാൻ മുഖീം എന്നിവരെയും ഒഴിവാക്കി. ബാബര്‍ അസം, ഷഹീന്‍ അഫ്രീദി എന്നിവര്‍ തിരിച്ചെത്തി. അബ്രാർ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഫഖർ സമാന്‍, മുഹമ്മദ് നവാസ്, സെയിം അയൂബ് എന്നിവരുൾപ്പെടെ നിരവധി കളിക്കാരെ നിലനിർത്തിയിട്ടുണ്ട്. 

2026 ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീം: സൽമാൻ അലി ആഗ (ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്‌റഫ്, ഫഖർ സമാൻ, ഖവാജ മുഹമ്മദ് നഫേ (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, നസീം ഷാ, സാഹിബ്‌സാദ ഫർഹാൻ (വിക്കറ്റ് കീപ്പർ), സെയിം അയൂബ്, ഷാഹീൻ ഷാ അഫ്രീദി, ഷദാബ് ഖാൻ, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഉസ്മാൻ താരിഖ്.

Exit mobile version