Site iconSite icon Janayugom Online

മഴ പെയ്യണ്… മഴ പെയ്യണ് മഴ തുള്ളിത്തുള്ളിചാടണ് ഓ ഹോ.. ബാരിശോ

ടി20 ലോകകപ്പിന്റെ ആവേശമെത്തിയിട്ടും ആരാധകര്‍ നിരാശപ്പെടുന്നു. തുടര്‍ച്ചയായ മഴമൂലം മത്സരങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ ആവേശത്തോടെ കാത്തിരുന്ന ആരാധകര്‍ നിരാശരാകുകയാണ്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ മഴമൂലം മത്സരങ്ങള്‍ ഉപേക്ഷിക്കുന്നത് തുടര്‍ക്കഥയാകുകയാണ്. ഇന്നലെ നടക്കാനിരുന്ന രണ്ട് മത്സരങ്ങളും മഴമൂലം ഉപേക്ഷിക്കേണ്ടി വന്നു. മഴ കാരണം സൂപ്പര്‍ 12 റൗണ്ടില്‍ ഇതുവരെ നാല് മത്സരമാണ് ഉപേക്ഷിച്ചത്. നേരത്തെ സിംബാബ്‌വെ- ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്- അഫ്ഗാനിസ്ഥാന്‍ മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു.
ഇന്നലെ രാവിലെ മുതലേ ശക്തമായ മഴയെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ് മത്സരവും ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരവും ഉപേക്ഷിച്ചു. നാല് ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. മൂന്ന് കളികളിൽനിന്ന് ഒരു ജയമുള്ള അയര്‍ലൻ‍ഡ് മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. ന്യൂസിലൻഡാണ് മുന്നില്‍. മത്സരം നടക്കാതെ പോയത് തങ്ങള്‍ക്ക് വലിയ തിരിച്ചടിയാണെന്ന് ഐറിഷ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബര്‍ണി പ്രതികരിച്ചു. കഴിഞ്ഞ മത്സരത്തില്‍ ശക്തരായ ഇംഗ്ലണ്ടിനെ തോല്പിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു അയര്‍ലന്‍ഡ്. തങ്ങള്‍ക്ക് വളരെ നന്നായി അറിയുന്ന ടീമാണ് അഫ്ഗാനിസ്ഥാന്‍. അവരോടുള്ള കളി ഉപേക്ഷിക്കപ്പെട്ടത് നിസഹായമാണെന്നും ഐറിഷ് നായകന്‍ കൂട്ടിച്ചേര്‍ത്തു.
ശക്തമായ മഴ തുടര്‍ന്നതോടെ രണ്ടാമത് നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ട്-ഓസീസ് വമ്പന്‍ പോരാട്ടവും ഉപേക്ഷിച്ചു. മൂന്നാം റൗണ്ട് പോരാട്ടമെന്ന നിലയില്‍ സെമി സാധ്യതകള്‍ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാവുന്ന മത്സരമാണ് മഴമൂലം മുടങ്ങിയത്. മത്സരം കാണാനായി മെല്‍ബണിലേക്ക് ഇരു ടീമിന്റെയും ആരാധകർ ഇരച്ചെത്തിയിരുന്നു. 

Eng­lish Sum­ma­ry: t20 world­cup post­pones due to rain

You may also like this video 

Exit mobile version