Site iconSite icon Janayugom Online

ടാപ്പിങ്ങും ഇറക്കുമതിയും നിലച്ചു; റബര്‍ വില റെക്കോഡില്‍

റബർഷീറ്റ് ഉല്പാദനത്തിൽ ഗണ്യമായ കുറവ് വന്നതോടെ ആഭ്യന്തര വിപണിയിൽ റബർവില റെക്കോഡിലെത്തി. മികച്ചയിനം റബര്‍ ഇന്നലെ കിലോയ്ക്ക് 191 രൂപയിലും ആർഎസ്എസ് അഞ്ചിന്റെ വില 190 ലുമാണ് ഇന്നലെ വ്യാപാരം നടന്നത്. 2013ന് ശേഷം ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്. 2013ൽ വില 185 വരെ എത്തിയിരുന്നു. കഴിഞ്ഞ പത്ത് മാസമായി സംസ്ഥാനത്ത് തുടരുന്ന മഴയാണ് ആഭ്യന്തര ഉല്പാദനം കുറയാൻ കാരണം. ടാപ്പിങ് തുടങ്ങേണ്ട ഏപ്രിൽ‑മെയ് മാസത്തിൽ തുടങ്ങിയ മഴ നവംബറിലും തുടരുന്നത് മൂലം ഭൂരിഭാഗം തോട്ടങ്ങളിലും സീസണിൽ ടാപ്പിങ് നടക്കുന്നില്ല. റെയിൻഗാർഡനിങ് നടത്തിയ തോട്ടങ്ങളിൽ പോലും നാമമാത്ര ടാപ്പിങ് ദിനങ്ങളാണ് ലഭിച്ചത്. ഇത് ആഭ്യന്തര ഉല്പാദനത്തിൽ ഗണ്യമായ കുറവ് ഉണ്ടാകാൻ കാരണമായി.

കോവിഡിന് ശേഷം വാഹന വിപണിയിൽ ഉണ്ടായ ഉണർവ് ടയർ ഉല്പാദനത്തിൽ വർധനവ് ഉണ്ടാക്കി. എന്നാൽ വൻകിട ടയർ കമ്പനികളിൽ പോലും റബർഷീറ്റ് കരുതൽ ശേഖരമായി ഇല്ലാത്തത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആവശ്യകതയ്ക്ക് അനുസരിച്ച് റബർഷീറ്റ് കമ്പനികൾക്ക് നൽകാൻ ഡീലർമാർക്ക് കഴിയുന്നില്ല. ആവശ്യകത വർധിച്ചതോടെ ഉയർന്ന വിലയ്ക്ക് റബർഷീറ്റ് സംഭരിക്കേണ്ട അവസ്ഥയിലായിരിക്കുകയാണ് ഡീലർമാരും ടയർ കമ്പനികളും. റബർഷീറ്റ് ക്ഷാമം മൂലം പല ചെറുകിട കമ്പനികളും ലോക്കൗട്ടിന്റെ വക്കിലാണ്.
ആഗോളതലത്തിലും ഉല്പാദനത്തിൽ വൻ കുറവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. പ്രധാന ഉല്പാദക രാജ്യങ്ങളായ തായ്‌ലന്റ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും മുൻവർഷങ്ങളെ അപേക്ഷിച്ച് ഉല്പാദനം 30 ശതമാനത്തോളം കുറവാണ്. അന്താരാഷ്ട്ര വിപണിയിലും റബർവില അനുദിനം ഉയർന്നുകൊണ്ടിരിക്കുകയാണ്. പ്രധാന അന്താരാഷ്ട്ര വിപണിയായ ബാങ്കോക്ക്, ക്വാലാലംപൂർ മാർക്കറ്റുകളിൽ 150ന് മുകളിലാണ് വില.

അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നു നിൽക്കുന്നത് ഇറക്കുമതിയെയും ബാധിച്ചിട്ടുണ്ട്. കണ്ടെയ്നർ സമരത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ഇറക്കുമതിയിൽ 50 ശതമാനത്തിന്റെ കുറവ് വന്നിരുന്നു. ഇതിന് പുറമെയാണ് നിലവിലെ അന്താരാഷ്ട്ര വില പ്രകാരം ഇറക്കുമതി ലാഭകരമല്ലെന്ന് പറഞ്ഞ് വൻകിട കമ്പനികൾ ഇറക്കുമതി കുറച്ചത്. ഇത് ആഭ്യന്തര മാർക്കറ്റിൽ റബർഷീറ്റിന്റെ ആവശ്യകത വർധിപ്പിച്ചതും വില ഉയരാൻ കാരണമായി.
കഴിഞ്ഞവർഷം 75,000 മെട്രിക് ടൺ റബറാണ് ഒക്ടോബർ, നവംബർ മാസങ്ങളിൽ ഉല്പാദിപ്പിച്ചത്. എന്നാൽ ഈ വർഷം 45,000 മെട്രിക് ടൺ റബർ മാത്രമാണ് ഉല്പാദനം. റബർ ബോർഡിന്റെ കണക്കുകള്‍ പ്രകാരം നവംബർ മാസത്തിൽ മാത്രം ആഭ്യന്തര ഉല്പാദനത്തിൽ 45 ശതമാനത്തിന്റെ കുറവ് വരും. ഇത് വരും മാസങ്ങളിലും തുടർന്നാൽ സ്ഥിതി ഗുരുതരാവസ്ഥയിലാകുമെന്നും റബർ ബോർഡ് വിലയിരുത്തുന്നു.

പ്രോത്സാഹന ധനസഹായം നല്‍കാന്‍ റബര്‍ ബോര്‍ഡ്

ഷീറ്റു റബറുണ്ടാക്കുന്ന കർഷകർക്ക് പ്രോത്സാഹനമായി റബർ ബോർഡ് ധനസഹായം നൽകുന്നു. റബർ പാലിന്റെയും ആർഎസ്എസ് നാല് ഷീറ്റിന്റെയും വിപണിവിലകളിലെ വ്യത്യാസം കണക്കാക്കി കിലോഗ്രാമിന് പരമാവധി രണ്ടു രൂപ വരെ കർഷകർക്ക് പ്രോത്സാഹനമായി നൽകുന്നതിനാണ് ബോർഡ് പദ്ധതിയിട്ടിരിക്കുന്നത്.

റബറുല്പാദകസംഘങ്ങളിലോ റബർ ബോർഡ് കമ്പനികളിലോ ഷീറ്റുറബർ നൽകുന്ന കർഷകർക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. 2021 ഡിസംബർ മുതൽ 2022 ഫെബുവരി വരെ മൂന്നു മാസത്തേക്കുള്ള പദ്ധതിക്കാലത്ത് ഒരു കർഷകന് പരമാവധി 5000 രൂപ വരെ ധനസഹായത്തിന് അർഹതയുണ്ടായിരിക്കും. ധനസഹായത്തുക കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യുന്നതാണ്.

പദ്ധതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് റബർബോർഡിന്റെ ഫീൽഡ് സ്റ്റേഷനുകളിലോ റീജിയണൽ ഓഫീസുകളിലോ കേന്ദ ഓഫീസിലെ കോൾസെന്ററിലോ ബന്ധപ്പെടാവുന്നതാണ്. കോൾസെന്റർ നമ്പർ: 04812576622.
eng­lish sum­ma­ry; Rub­ber prices on record
you may also like this video;

Exit mobile version