Site iconSite icon Janayugom Online

നിഷേധിക്കപ്പെടാത്ത ‘താര’യുടെ മനുഷ്യര്‍

“ഈ കടലിന് ആരാണ് ശ്രാദ്ധം ചെയ്യുക. ചത്ത മീനുകളോ, അതോ പ്ലാസ്റ്റിക്കോ”.…രുദ്രപാല്‍ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കടലിനെ നോക്കി ചാവിയോട് ചോദിച്ചു. മരണാനന്തര കര്‍മം ചെയ്തു കഴിഞ്ഞ ചാവി പുഞ്ചിരിച്ചു. തിയറ്ററിലാകെ നിശബ്ദത പരത്തി ചിരിപ്പിച്ച് കയ്യടിപ്പിച്ച സിനിമയായിരുന്നു നിഷിധോ. താരാ രാമാനുജന്‍ എന്ന നവാഗത സംവിധായക കയ്യടക്കത്തോടെ സിനിമാ ലോകത്തിന് നല്‍കിയ തന്റെ ആദ്യ സംഭാവനയുമിതാണ്. താരയുടെ സ്ത്രീകള്‍ക്ക് വര്‍ണങ്ങളോ , അനാവശ്യ ആഡംബരങ്ങളോ ഇല്ല എന്നത് തന്നെയാണ് സിനിമയെ കുറിച്ച് എടുത്ത് പറയേണ്ടത്. അവിടെ സ്ത്രീ — പുരുഷ വേര്‍തിരിവിനെക്കാള്‍ ഉപരി മനുഷ്യരെ കുറിച്ചാണ് സംസാരിക്കുന്നത്. ഭാഷ കൊണ്ടും നാട് കൊണ്ടും വേല കൊണ്ടും മാത്രം വേര്‍തിരിക്കപ്പെടുന്ന മനുഷ്യരെ കുറിച്ച്.

പശ്ചിമ ബംഗാളില്‍ നിന്നെത്തുന്ന രുദ്രപാലിന്റെയും തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തിയ കുയിലി എന്ന ചാവിയുടെയും കഥയാണ് സിനിമ പറയുന്നത്. നവരാത്രിക്കാലത്ത് ദേവി രൂപങ്ങള്‍ നിര്‍മിക്കുന്ന കലാകാരനാണ് അതിഥി തൊഴിലാളി കൂടിയായ രുദ്ര. വയറ്റാട്ടിയും മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുന്ന വ്യക്തിയുമാണ് ചാവി. ഇരുവരും ജീവിതത്തിലെ ഏതൊക്കെയൊ കടമ്പകള്‍ ഒന്നു പോലെ കടന്നെത്തിയവരാണ്. കൊച്ചിയുടെ തിരക്കിനിടയില്‍പ്പെടാതെ തങ്ങളുടെ ലോകത്ത് വിഹരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അനാഥരായ, തനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്തതിന് പഴി കേള്‍ക്കേണ്ടി വന്ന രണ്ടു മനുഷ്യര്‍. അരികുവത്ക്കരിക്കപ്പെട്ട സമൂഹത്തിനെ എത്രത്തോളം ജീവനോടെ എത്തിക്കാമോ അത്രത്തോളം ഭംഗിയായി സംവിധായക ഇവരിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ വിമര്‍ശിക്കുന്നതിനൊപ്പം സദാചാര മുഖങ്ങളെ നോക്കി പുച്ഛിക്കാനും സിനിമയ്ക്ക് കഴിയുന്നുണ്ട്. സമൂഹത്തിന്റെ പഴഞ്ചന്‍ ചിന്തകളെ കെട്ടിപ്പിടിച്ചു കൊണ്ടുള്ള പ്രവ്യത്തികളെയും സിനിമ ചോദ്യം ചെയ്യുന്നുണ്ട്.

എന്നെ എനിക്ക് നോക്കാനറിയാം, ഇത്രയും കാലവും അങ്ങനെയായിരുന്നുവല്ലോ തെല്ലൊരു അമര്‍ഷവും നിസഹായതയും കലര്‍ന്ന സ്വരത്തില്‍ ജീവിതം വച്ചു നീട്ടിയവന്റെ മുഖത്ത് നോക്കി ചാവി പറയാന്‍ കാണിക്കുന്ന ധൈര്യത്തില്‍ തന്റെ ജീവിതം കൊണ്ട് ആര്‍ജിച്ചെടുത്ത എല്ലാ ശക്തിയുമുണ്ട്. ആരുമില്ലാതെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാ എന്ന് പറയുമ്പോള്‍ അനാഥത്വം പേറുന്ന മനുഷ്യരുടെ മുഴുവന്‍ അവസ്ഥകളും ചാവി പ്രതിഫലിക്കുന്നുണ്ട്. രുദ്രപാല്‍ എന്ന കഥാപാത്രത്തെ എത്ര മനോഹരമായാണ് തന്‍മയ് ധനാന്യ അവതരിപ്പിച്ചിക്കുന്നത്. ഞാന്‍ വരും വീണ്ടും… മനുഷ്യനായല്ല…പട്ടം പോലെ … എന്ന് തന്റെ നാടിനോട് വിളിച്ച് പറയുമ്പോള്‍, കുളക്കരയിലും വാനിലും തന്റെ നാടിന്റെ അംശം കണ്ടെത്താന്‍ ശ്രമിക്കുമ്പോഴൊക്കെ ഏതൊരു പ്രേക്ഷകനും രുദ്രപാല്‍ എന്ന കഥാപാത്രത്തോട് വല്ലൊത്തൊരു അടുപ്പം തോന്നും. കള്ളങ്ങളെ തന്നിലേക്ക് അടുപ്പിക്കാത്ത, ചായാന്‍ ഒരു തോള്‍ നിശബ്ദമായി തിരയുന്ന മനുഷ്യനാണ് രുദ്ര. ചാവിയോടുള്ള അയാളുടെ പെരുമാറ്റങ്ങളില്‍ അത് വ്യക്തവുമാണ്. പരസ്പരമുള്ള അടുപ്പം അധികാരക്കൈമാറ്റമാണെന്ന് വിശ്വസിക്കുന്ന മനുഷ്യര്‍ ഇന്നുമുള്ള കാലത്ത് പരസ്പരം അംഗീകരിക്കപ്പെടുക എന്നത് സാധാരണമാണെന്ന് സിനിമ ഓര്‍മിപ്പിക്കുന്നുണ്ട്.

അന്ധമായ വിശ്വാസത്തെ വിശ്വാസിയായ ചാവി ഒടുവില്‍ ചോദ്യം ചെയ്യുന്നുണ്ട്. രൂപങ്ങള്‍ നിര്‍മിച്ച് ഒരുമിച്ച് ജീവിക്കാമെന്ന് പറയുന്ന രുദ്രന് മുന്നിലേക്ക് ചാവി ഇട്ടുകൊടുക്കുന്ന ചോദ്യം കാലമെത്ര കടന്നാലും പ്രസക്തിയേറുന്നതാണ്. മനുഷ്യരായി കാണാതെ അവര്‍ക്ക് വിശുദ്ധ പദവി നല്‍കി വിശ്വാസത്തിന്റെ അന്ധതയില്‍ മുങ്ങുന്ന മനുഷ്യരോട് എത്ര നാളത്തേക്ക്, എന്തിന് എന്നിങ്ങനെ രണ്ടു ചോദ്യങ്ങള്‍ കൂടി സിനിമ ഇട്ടു കൊടുക്കുന്നുണ്ട്. കണ്ടു ശീലിച്ച കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി നമുക്ക് ചുറ്റുമുള്ള, കണ്‍മുന്നിലൂടെ ഒഴുകി പോകുന്ന മനുഷ്യരെ കുറിച്ചു കൂടി ചിന്തിക്കാന്‍ പഠിപ്പിക്കുന്നു എന്നതാണ് നിഷിധോയുടെ വിജയം.

സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി കെഎസ്എഫ്ഡിസിയുടെ ആദ്യഘട്ടത്തിൽ നിർമ്മിച്ച രണ്ടു സിനിമകളില്‍ ഒന്നാണ് ‘നിഷിധോ’. 26-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമ കൂടിയാണിത്. സർക്കാരിന്റെ വനിതാ സിനിമ പദ്ധതി പ്രകാരം 60‑ൽ ഏറെ തിരക്കഥകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സിനിമയാണിതെന്ന പ്രത്യേകതയുമുണ്ട്. രഘുനാഥ് പലേരി നേതൃത്വം നൽകിയ ജൂറിയാണ് ‘നിഷിദ്ധോ’ നിർമ്മാണത്തിനായി തിരഞ്ഞെടുത്തത്. കുക്കു പരമേശ്വൻ, ഫൗസിയ ഫാത്തിമ, ദീദി ദാമോദരൻ, മനീഷ് നാരായണൻ എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ.ചിത്രഞ്ജലി സ്റ്റുഡിയോയുടെ സാങ്കേതിക സൗകര്യം പൂർണ്ണമായും പ്രയോജനപ്പെടുത്തി, കോവിഡ് പ്രതിസന്ധികളെ മറികടന്നാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ബംഗാളി വാക്കായ നിഷിധോയില്‍ നിന്നാണ് മലയാളത്തില്‍ നിഷിധം (ഫോര്‍ബിഡന്‍) എന്നര്‍ഥം വരുന്ന പേര് കണ്ടെത്തിയിരിക്കുന്നത്. സമൂഹത്തിന്റെ കണ്ണിലെ നിഷിധമാക്കപ്പെട്ട ചിന്തകളിലെ ജീവനെ പുറത്തെടുക്കുന്ന സിനിമയെ കയ്യടിയോടെയായാണ് ഐഎഫ്എഫ്കെയുടെ വേദി സ്വീകരിച്ചത്. പൂര്‍ണമായും സിനിമയുടെ ഉള്ളടക്കത്തോട് നീതി പാലിക്കുന്ന പേരും. ഓരോ വിഷ്വലും മികച്ചത് ആക്കിയ ക്യാമറ വര്‍ക്കും പശ്ചാത്തല സംഗീതവും എഡിറ്റിങ്ങും സിനിമയെ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിച്ചിട്ടുണ്ട്. വസ്ത്രാലങ്കാരമാണ് സിനിമയെ കൂടുതല്‍ ജീവനുള്ളതാക്കിയത്. നിഷിധോ നിറഞ്ഞ കയ്യടിയോടെ ഇനിയുമൊരുപാട് പേരിലേക്ക് എത്തട്ടെ. വിമര്‍ശനങ്ങളും കയ്യടികളുമുയരട്ടെ.

Eng­lish Sum­ma­ry: tara ramanu­jan nishid­dho in iffk 2022
You may also like this video

Exit mobile version