Site iconSite icon Janayugom Online

ടെന്നീസ് ആവേശം മെൽബണിലേക്ക്

പുതുവർഷത്തിലെ ആദ്യ ഗ്രാൻസ്ലാം ടൂർണമെന്റായ ഓസ്‌ട്രേലിയൻ ഓപ്പണിന് ഇന്ന് മെൽബൺ പാർക്കിൽ തുടക്കമാകും. ഇറ്റലിയുടെ യുവതാരം ഫ്ലാവിയോ കൊബോലി, മുൻ റണ്ണറപ്പും ലോക മൂന്നാം നമ്പർ താരവുമായ അലക്‌സാണ്ടർ സ്വരേവ് എന്നിവർ ഉദ്ഘാടന ദിനമായ ഇന്ന് കോർട്ടിലിറങ്ങും. കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ സ്വരേവ് തന്റെ കിരീടവേട്ട ആരംഭിക്കുന്നത് കനേഡിയൻ താരം ഗബ്രിയേൽ ഡിയല്ലോയെ നേരിട്ടുകൊണ്ടാണ്. റോഡ് ലാവർ അരീനയിലാണ് ഈ മത്സരം നടക്കുക. 

20-ാം സീഡായ ഇറ്റാലിയൻ താരം കൊബോലി യോഗ്യതാ റൗണ്ട് കടന്നെത്തിയ ആർതർ ഫെറിയെ നേരിടും. ജോൺ കെയ്ൻ അരീനയിലാണ് ഈ മത്സരം. ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കാരാസും തന്റെ ആദ്യ മത്സരത്തിനായി ഇറങ്ങും. ഫെബ്രുവരി ഒന്ന് വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ നൊവാക് ദ്യോക്കോവിച്ച്, യാനിക് സിന്നർ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. പരിക്കിനെത്തുടർന്ന് തനാസി കോക്കിനാക്കിസ് ടൂർണമെന്റിൽ നിന്ന് പിന്മാറിയത് ഓസ്‌ട്രേലിയൻ ആരാധകർക്ക് നിരാശയായി. വനിതാ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ അരൈന സബാലെങ്കയും നാളെ മത്സരത്തിനിറങ്ങുന്നുണ്ട്. മെൽബൺ പാർക്കിലെ ഹാർഡ് കോർട്ടുകളിൽ ഇനി രണ്ടാഴ്ചക്കാലം ലോക ടെന്നീസ് ഇതിഹാസങ്ങളുടെ പോരാട്ടവീര്യത്തിനാകും കായികലോകം സാക്ഷ്യം വഹിക്കുക.

Exit mobile version