Site iconSite icon Janayugom Online

ഓസീസ് കുതിക്കുന്നു; ട്രാവിസ് ഹെഡിനും സ്റ്റീവ് സ്മിത്തിനും സെഞ്ചുറി

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറില്‍. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സെന്ന സ്‌കോറിലാണ് ഓസീസ്. 

സ്റ്റീവ് സ്മിത്ത് (101), ട്രാവിസ് ഹെഡ് (152) എന്നിവരുടെ സെഞ്ചുറി ബലത്തിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. കളി നിര്‍ത്തുമ്പോള്‍ 45 റണ്‍സുമായി അലക്‌സ് കാരിയും ഏഴു റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍. ഇന്ത്യക്കായി ജസ്പ്രീത് ബുംറയാണ് ബൗളിങില്‍ തിളങ്ങിയത്. താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. നൂറ് റണ്‍സ് എടുക്കുന്നതിനിടെ ഓസ്‌ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 43 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എന്ന നിലയിലായിരുന്നു ഓസീസ്. ഓപ്പണിങ് ബാറ്റര്‍മാരായ ഉസ്മാന്‍ ഖവാജയും നതാന്‍ മക്‌സ്വീനിയും രണ്ടാം ദിനം തുടക്കം തന്നെ കീഴടങ്ങി. ഖവാജ 21 റണ്‍സും മക്‌സ്വീനി ഒമ്പത് റണ്‍സുമാണ് നേടിയത്. ലാബുഷെയ്‌നും അധികനേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. 12 റണ്‍സ് എടുത്ത ലാബുഷെയ്‌നെ നിതീഷ് കുമാര്‍ റെഡ്ഡി പുറത്താക്കി. എന്നാല്‍ സ്മിത്ത് ഹെഡ് സഖ്യം നിലയുറപ്പിച്ചതോടെ ഇന്ത്യയുടെ ബൗളിങ് തന്ത്രങ്ങള്‍ പാളി. 

കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ടു നീങ്ങുകയായിരുന്ന ഓസീസിനെ ബുംറയുടെ മികവാണ് പിടിച്ചു നിര്‍ത്തിയത്. സെഞ്ചുറിയ്ക്ക് പിന്നാലെ സ്റ്റീവ് സ്മിത്തിനെ പുറത്താക്കി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയ ബുംറ അധികം താമസിയാതെ മിച്ചല്‍ മാര്‍ഷിനെയും ട്രാവിസ് ഹെഡിനെയും ഒറ്റ ഓവറില്‍ തന്നെ മടക്കി ഓസീസിനെ പ്രതിരോധത്തിലാക്കി. ഇതോടെ താരം അഞ്ചു വിക്കറ്റുകളെന്ന നേട്ടത്തില്‍ വീണ്ടുമെത്തി. 190 പന്തില്‍ 101 റണ്‍സുമായാണ് സ്മിത്ത് പുറത്തായത്. ഇന്ത്യക്കെതിരായ പത്താമത്തെയും കരിയറിലെ 34-ാമത്തെയും ടെസ്റ്റ് സെഞ്ചുറിയാണ് ഗാബയില്‍ പിറന്നത്. 2023നു ശേഷമാണ് താരം സെഞ്ചുറി നേടുന്നത്. സെഞ്ചുറിക്കായുള്ള 25 ഇന്നിങ്‌സുകളുടെ കാത്തിരിപ്പിനും സ്മിത്ത് വിരാമമിട്ടു.

നാലാം വിക്കറ്റില്‍ സ്മിത്ത് ഹെഡ് സഖ്യം 241 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുയര്‍ത്തി. 160 പന്തില്‍ 18 ഫോറുകള്‍ സഹിതം 152 റണ്‍സെടുത്ത ഹെഡിനെ ബുംറ പന്തിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. മിച്ചല്‍ മാര്‍ഷിനും അധികം ആയുസുണ്ടായില്ല. താരം ബുംറയുടെ പന്തില്‍ കോലി ക്യാച്ചെടുത്ത് മടക്കി. താരത്തിന്റെ ഒമ്പതാം ടെസ്റ്റ് സെഞ്ചുറിയാണിത്. പിന്നീടെത്തിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 20 റണ്‍സെടുത്തു നില്‍ക്കെ മുഹമ്മദ് സിറാജിന്റെ പന്തില്‍ പുറത്തായി. ഗാബയിലെ അഞ്ചുവിക്കറ്റ് നേട്ടത്തോടെ ബുംറയ്ക്ക് മറ്റൊരു അപൂർവ്വ നേട്ടം കൂടി സ്വന്തമായി. സേന രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത ഇന്ത്യൻ താരം ഇനി ജസ്പ്രീത് ബുംറയാണ്. എട്ട് തവണയാണ് സേന രാജ്യങ്ങളിൽ ബുംറയുടെ അഞ്ച് വിക്കറ്റ് നേട്ടം. ഏഴ് തവണ സേന രാജ്യങ്ങളിൽ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ കപിൽ ദേപിനെയാണ് ബുംറ മറികടന്നത്. ടെസ്റ്റ് കരിയറിൽ ആകെ 12 തവണയാണ് ബുംറയുടെ അഞ്ച് വിക്കറ്റ് നേട്ടം. 

Exit mobile version