Site iconSite icon Janayugom Online

പന്ത് പൊരുതി വീണു

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 358 റണ്‍സിന് പുറത്ത്. അര്‍ധസെഞ്ചുറി നേടിയ സായ് സുദര്‍ശന്‍ (61), യശസ്വി ജയ്സ്വാള്‍ (58), റിഷഭ് പന്ത് (54) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സ് അഞ്ച് വിക്കറ്റ് വീഴ്ത്തി. 

നാല് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയത്. 20 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് ഇന്നലെ ആദ്യം നഷ്ടമായത്. രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ന്യൂബോളെടുത്ത ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറാണ് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ആര്‍ച്ചറുടെ പന്തില്‍ ജഡേജ രണ്ടാം സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. പിന്നാലെ ഷാർദുൽ ഠാക്കൂറിനെ (41) സ്റ്റോക്സും മടക്കി. അരങ്ങേറ്റതാരം അൻഷുൽ കംബോജ് പൂജ്യത്തിന് പുറത്തായി.

ആദ്യ ദിനത്തില്‍ കാലിന് പരിക്കേറ്റ പുറത്തായ റിഷഭ് പന്ത് ക്രീസിലേക്ക് വീണ്ടും തിരിച്ചെത്തി. ക്രിസ് വോക്സിന്റെ യോര്‍ക്കര്‍ ലെങ്ത്ത് പന്ത് റിവേഴ്സ് സ്വീപ്പിന് ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. ഇംഗ്ലണ്ട് എല്‍ബിഡബ്ല്യുവിന് റിവ്യു നല്‍കിയെങ്കിലും നോട്ടൗട്ടായിരുന്നു. എന്നാല്‍ വേദന കൊണ്ട് പുളഞ്ഞ പന്ത് ഗ്രൗണ്ടില്‍ വീണു. തുടര്‍ന്ന് മെഡിക്കല്‍ സംഘം വാഹനത്തിലാണ് പന്തിനെ കൊണ്ടുപോയത്. 48 പന്തില്‍ 37 റണ്‍സുമായി മികച്ച ഫോമിലുള്ളപ്പോഴാണ് പന്ത് റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങിയത്. എന്നാല്‍ മടങ്ങിയെത്തിയ പന്ത് അര്‍ധ സഞ്ചുറി നേടിയാണ് പുറത്തായത്. പന്തിന് പകരം ധ്രുവ് ജൂറെല്‍ വിക്കറ്റ് കീപ്പറാകും. വാഷിങ്ടണ്‍ സുന്ദര്‍ 27 റണ്‍സ് നേടി. ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റും ക്രിസ് വോക്സും ലിയാം ഡോവ്സനും ഓരോ വിക്കറ്റ് വീതവും നേടി. 

Exit mobile version