Site iconSite icon Janayugom Online

ബീച്ചിലെ ഹൈമാസ്റ്റ് ലൈറ്റുകൾ മിഴിയടച്ചു; സുരക്ഷാ ഭീഷണിയിൽ സഞ്ചാരികൾ

ആലപ്പുഴ: ആലപ്പുഴ ബീച്ചിലെ ഹൈമാസ്റ്റ് ലൈറ്റുകൾ കണ്ണടച്ചതോടെ സുരക്ഷാ ഭീഷണിയിൽ സഞ്ചാരികൾ. ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള ബീച്ചിൽ സ്ഥാപിച്ചിട്ടുള്ള പത്തോളം വഴിവിളക്കുകളിൽ ഒന്ന് ഒഴികെ മറ്റൊന്നും തെളിയുന്നില്ല. തെരുവ് വിളക്ക് പ്രകാശിക്കാത്തതിനാൽ സന്ധ്യ കഴിഞ്ഞാൽ ബീച്ച് ഇരുട്ടിലാണ്. ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്.

ഇത് കൂടാതെ സഞ്ചാരികളുടെ ജീവന് ഭീഷണിയായി തെരുവ് നായ ശല്യവും വർദ്ധിച്ചുവരികയാണ്. ബീച്ചിൽ പ്രധാന വഴിയായ ഓപ്പൺ എയർ തിയേറ്ററിന്റെ ഭാഗത്തുള്ള ഹൈമാസ്റ്റ് ലൈറ്റുമാത്രമാണ് പ്രകാശിക്കുന്നത്. മറ്റ് ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ കണ്ണടച്ചിട്ട് മാസങ്ങൾ പിന്നിട്ടു. ഡിടിപി സിയുടെ ഉടമസ്ഥതയിലാണ് ബീച്ചിന്റെ പ്രവർത്തനം. പലതവണ സഞ്ചാരികളും ജനപ്രതിനിധികളും പരാതി പറഞ്ഞിട്ടും വഴിവിളക്കുകൾ തെളിയിക്കുന്നതിനുള്ള നടപടികൾ ഒന്നും അധികൃതർ സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം.

ബൈപ്പാസിലെ മേൽപ്പാലത്തിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകളിലെ പ്രകാശമാണ് ബീച്ചിൽ എത്തുന്നവർക്ക് ആശ്വാസം. എന്നാൽ പാലത്തിന്റെ ഇരുവശവും സ്ഥാപിച്ചിട്ടുള്ള വഴിവിളക്കിൽ ഒരു ഭാഗത്തെ വിളക്ക് മാത്രമാണ് തെളിയുന്നത്.

Exit mobile version