ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ട് രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ’ മുന്നേറ്റം തുടരുന്നു. ആഗോളതലത്തിൽ റിലീസ് ചെയ്ത് 24 ദിവസത്തിനുള്ളിൽ ചിത്രം 1100 കോടി രൂപ വാരിക്കൂട്ടി. ഇതോടെ ലോകമെമ്പാടുമായി ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഏഴാമത്തെ ഇന്ത്യൻ ചിത്രമായി ധുരന്ധർ മാറി. ഷാരൂഖ് ഖാന്റെ ‘പഠാൻ’ (1055 കോടി), പ്രഭാസിന്റെ ‘കൽക്കി 2898 എ ഡി’ (1040 കോടി) എന്നീ ചിത്രങ്ങളുടെ ആഗോള കളക്ഷൻ റെക്കോർഡുകളാണ് ധുരന്ധർ മറികടന്നത്. നാലാം വാരാന്ത്യത്തിൽ മാത്രം ഇന്ത്യയിൽ നിന്ന് 24.30 കോടി രൂപ നേടിയതോടെ രാജ്യത്തെ ആകെ കളക്ഷൻ 730.70 കോടിയായി. ഇനി ഇന്ത്യയിലെ കളക്ഷനിൽ അല്ലു അർജുൻ ചിത്രം ‘പുഷ്പ 2’ (812.14 കോടി) മാത്രമാണ് ധുരന്ധറിന് മുന്നിലുള്ളത്. വരും ദിവസങ്ങളിൽ ഈ റെക്കോർഡും ചിത്രം മറികടന്നേക്കുമെന്നാണ് വിലയിരുത്തൽ.
ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. രൺവീർ സിംഗിനൊപ്പം അക്ഷയ് ഖന്ന, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. സാറാ അർജുൻ ആണ് നായിക. ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ, രണ്ടാം ഭാഗം അടുത്ത വർഷം ഡിസംബർ 19ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു കഴിഞ്ഞു.

