Site icon Janayugom Online

കേന്ദ്ര സംഘം ശാസ്താംകോട്ട തടാകം സന്ദർശിച്ചു

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ശാസ്താംകോട്ട തടാകം സന്ദർശിച്ചു. തടാകത്തിന്റെ നിലവിലെ അവസ്ഥകളും, തടാകം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും നേരിൽ കണ്ട് മനസ്സിലാക്കുകയും, ജനപ്രതിനിധികളുമായും, പ്രദേശവാസികളുമായും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. ശാസ്താംകോട്ട തടാകത്തിന് വേണ്ടി മാനേജ്മെന്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കുക എന്നതാണ് പ്രധാനമായി ഉദ്ദേശിക്കുന്നതെന്ന് സന്ദർശക സംഘം പറഞ്ഞു. തടാക സംരക്ഷണ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ, വിവിധ പദ്ധതികൾ നടപ്പിലാക്കൽ, തടാകത്തിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ, തീരസംരക്ഷണം, പരിസ്ഥിതി സൗഹൃദ നിർമ്മാണങ്ങൾ, ടൂറിസവുമായി ബന്ധിപ്പിക്കൽ തുടങ്ങി നിരവധി നിർദ്ദേശങ്ങൾ അടങ്ങുന്ന തായിരിക്കും മാനേജ്മെന്റ് ആക്ഷൻ പ്ലാൻ. അടുത്ത അഞ്ചു വർഷത്തേക്ക് നടപ്പിലാക്കേണ്ട സമഗ്ര പദ്ധതി നിർദ്ദേശങ്ങൾ ഇതിൽ ഉൾക്കൊള്ളിക്കും. സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുമായി സഹകരിച്ച് വീണ്ടും തുടർ സന്ദർശനവും ചർച്ചകളും ഉണ്ടാകുമെന്ന് അവർ പറഞ്ഞു. അന്തിമമായി തയ്യാറാകുന്ന എംഎപി സംസ്ഥാന സർക്കാർ വഴി കേന്ദ്ര ഗവൺമെന്റിന് സമർപ്പിക്കും.
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ ചിലവിന്റെ 60ശതമാനം കേന്ദ്ര ഗവൺമെന്റും 40 ശതമാനം സംസ്ഥാന ഗവൺമെന്റ് ആയിരിക്കും വഹിക്കുന്നത്. കേന്ദ്ര തണ്ണീർതട ജൈവവൈവിധ്യ ബോർഡ് ദേശീയ പ്രോജക്ട് കോഡിനേറ്റർ സുജിത അശ്വതി, വാട്ടർ മാനേജ്മെന്റ് ടെക്നിക്കൽ ഓഫീസർ ഹർഷ് ഗോപിനാഥ്, സംസ്ഥാന തണ്ണീർതട അതോറിറ്റി പ്രോജക്ട് സയന്റിസ്റ്റ് യു മഞ്ജുഷ എന്നിവർ പരിപാടികൾ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്, പഞ്ചായത്ത് അംഗങ്ങളായ എം രജനി, ഉഷാകുമാരി, പ്രകാശിനി, കായൽ കൂട്ടായ്മ രക്ഷധികാരി എസ് ദിലീപ്കുമാർ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എ ഇ ബിനി, പരിസ്ഥിതിപ്രവർത്തകൻ വിജയൻ കെ പവിത്രേശ്വരം, കുടുംബശ്രീ ചെയർപേഴ്സൺ ജയശ്രീ, ദേവസ്വം ബോർഡ് കോളേജ് ഭൂമിത്രസേന ക്ലബ് കോഡിനേറ്റർ എസ് ആർ ധന്യ എന്നിവർ പങ്കെടുത്തു.

Exit mobile version