Site iconSite icon Janayugom Online

ചാത്തന്മാർ വരും; ‘ലോക’ രണ്ടാം ഭാഗം പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ

കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രമായെത്തിയ ‘ലോക: ചാപ്റ്റർ വൺ: ചന്ദ്ര’ ബോക്‌സ് ഓഫീസിൽ വിജയക്കുതിപ്പ് തുടരുന്നതിനിടെ, ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് നിർമാതാവ് കൂടിയായ ദുൽഖർ സൽമാൻ. നടൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ‘ലോക: ചാപ്റ്റർ 2’ വിൻ്റെ അന്നൗൺസ്‌മെന്റ് വീഡിയോ പുറത്തുവിട്ടത്. ടൊവിനോ തോമസും ദുൽഖർ സൽമാനും തമ്മിലുള്ള സൗഹൃദ സംഭാഷണമാണ് പ്രഖ്യാപന വീഡിയോയിലെ പ്രധാന ആകർഷണം. ഒന്നാം ഭാഗത്തിൽ ‘ചാത്തൻ’ ആയി എത്തിയ ടൊവിനോയുടെ കഥാപാത്രവും ‘ഒടിയൻ’ (ചാർളി) ആയി വന്ന ദുൽഖറിൻ്റെ കഥാപാത്രവും തമ്മിലുള്ള ഈ സംഭാഷണം അടുത്ത ഭാഗത്തിൻ്റെ സൂചനകൾ നൽകുന്നു.

ചാത്തൻ്റെ ചേട്ടനെപ്പറ്റിയുള്ള പരാമർശമാണ് വീഡിയോയിൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. “അവൻ വയലന്റാണ്, മൂത്തോനെയും തന്നെയുമാണ് അവന് വേണ്ടത്” എന്ന് ചാത്തൻ ചാർളിയോട് പറയുന്നുണ്ട്.‘ദേ ലീവ് എമങ് അസ്’ എന്ന പുസ്തകം എടുത്തുകാട്ടി, രണ്ടാം ഭാഗം തന്നെപ്പറ്റിയാണെന്നും താൻ അതിൽ ഉണ്ടാകില്ലേയെന്നും ചാത്തൻ ചാർളിയോട് ചോദിക്കുന്നു. ചാത്തന്മാർ തന്നെ കൊണ്ടുവരും എന്ന് ടൊവിനോ പറയുമ്പോൾ “നീ വിളിക്ക് നമുക്ക് നോക്കാം” എന്നാണ് ദുൽഖറിൻ്റെ കഥാപാത്രത്തിൻ്റെ മറുപടി. ഈ സംഭാഷണങ്ങൾ നൽകുന്ന സൂചനയനുസരിച്ച്, ‘ലോക’യുടെ അടുത്ത ഭാഗം ചാത്തനും ചേട്ടനും തമ്മിലുള്ള പോരാട്ടമാകും. മൂന്നാം ഭാഗത്തിലേക്കുള്ള കണ്ണിയായി ചാർളിയും സിനിമയിൽ അതിഥി വേഷത്തിലെത്തിയേക്കാം.

Exit mobile version