ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങളുമായി ബിസിസിഐ മുന്നോട്ട് പോകുന്നതിനിടെ അഭിപ്രായപ്രകടനവുമായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. പരിശീലകനെ വിവേകത്തോടെ തിരഞ്ഞെടുക്കണമെന്ന് ഗാംഗുലി എക്സില്‍ കുറിച്ചു. പോസ്റ്റ് ക്രിക്കറ്റ് ലോകത്ത് വ്യാപക ചർച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു.
2024 ട്വന്റി ലോകകപ്പോടെ പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി അവസാനിക്കും. പരിശീലകനായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പുതിയ പരിശീലകനെ കണ്ടെത്താൻ ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. തുടർന്ന് ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലകനാവുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
ഒരാളുടെ ജീവിതത്തില്‍ പരിശീലകന് വലിയ പ്രാധാന്യമുണ്ട്. പരിശീലകന്റെ മാർഗനിർദേശവും അവർ നല്‍കുന്ന പരിശീലനവും കളിക്കളത്തിനകത്തും പുറത്തും ഒരു വ്യക്തിയുടെ ഭാവി തീരുമാനിക്കുന്നതില്‍ നിർണായക പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍ പരിശീലകരെ വിവേകത്തോടെ തിരഞ്ഞെടുക്കുവെന്നായിരുന്നു സൗരവ് ഗാംഗുലിയുടെ കുറിപ്പ്.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യൻമാരായതോടെ ഗൗതം ഗംഭീർ പരിശീലകനാവാനുള്ള സാധ്യതകള്‍ വർധിച്ചിരുന്നു. അതേസമയം, രവിശാസ്ത്രിയില്‍ നിന്ന് പരിശീലകസ്ഥാനം ഏറ്റെടുത്ത രാഹുല്‍ ദ്രാവിഡിന് ടീം ഇന്ത്യക്കായി ഐസിസി കിരീടങ്ങളൊന്നും നേടിക്കൊടുക്കാൻ ഇതുവരെ സാധിച്ചിരുന്നില്ല. ദ്രാവിഡിന്റെ അവസാന അവസരമാണ് ഈ ട്വന്റി 20 ലോകകപ്പ്.
English Summary: The coach should be chosen wisely; Ganguly advises BCCI
You may also like this video