ജമ്മു കശ്മീരിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് പോരാട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബിജെപിക്കും വളരെ കഠിനമായിരുന്നു. വരാനിരിക്കുന്ന മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഡൽഹി എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വരുംമാസങ്ങളില്‍ അവർക്ക് രാഷ്ട്രീയമായി കൂടുതൽ വെല്ലുവിളിയായിരിക്കും നല്‍കുക. മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ഇന്ത്യസഖ്യം പ്രതീക്ഷിച്ചതിലും ശക്തമായിവരുന്നു. ഡൽഹിയിലാകട്ടെ ആം ആദ്മി പാർട്ടി വളരെ ആവേശത്തിലാണ്. പ്രത്യേകിച്ച് അരവിന്ദ് കെജ്‌രിവാളിനും മനീഷ് സിസോദിയയ്ക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ അതിരൂക്ഷമായ വിമര്‍ശനത്തോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് ശേഷം. ഇത് മോഡി-ഷാ ഇണകളെ പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുന്നതുമായിരുന്നു.
മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 26നും ഝാർഖണ്ഡ് ജനുവരി ഒന്നിനും ഡൽഹിയുടേത് ഫെബ്രുവരി 23 നും അവസാനിക്കും. ജൂൺ നാലിന് പുറത്തുവന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിയുടെ രാഷ്ട്രീയ സ്വാധീനം എത്രമാത്രമാണെന്ന് തെളിയിച്ചതാണ്. മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും അവരുടെ സീറ്റുകളിലും വോട്ട് വിഹിതത്തിലും ഇടിവുണ്ടായി. ഡൽഹിയിലെ ഏഴ് സീറ്റുകളിലും വിജയിച്ചെങ്കിലും വോട്ട് വിഹിതത്തിൽ 2.5 ശതമാനം കുറവുണ്ടായി. തെരഞ്ഞെടുപ്പ് വേളയില്‍ പ്രചരണത്തിന് ഇടക്കാലജാമ്യം ലഭിച്ച കുറച്ചുദിവസങ്ങൾ ഒഴികെ, എഎപി അധ്യക്ഷന്‍ കെജ്‌രിവാള്‍ ജയിലിലായിരുന്നുവെന്നത് പ്രധാനമാണ്.
പാർട്ടിയുടെ മേൽ മോഡി-ഷാ കൂട്ടുകെട്ടിന്റെ പിടി അയയുന്നു
മഹാരാഷ്ട്രയെ സംബന്ധിച്ചിടത്തോളം ഒരു സംസ്ഥാനമെന്ന നിലയില്‍ വലിയ സാമ്പത്തിക രാഷ്ട്രീയ പ്രസക്തിയുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം മാത്രമല്ല, ഏറ്റവും കൂടുതൽ ലോക്‌സഭാംഗങ്ങളെ അയയ്ക്കുന്നതില്‍ രണ്ടാം സ്ഥാനത്തുമാണ്. 48 ലോക്‌സഭാ സീറ്റുകളാണ് ഇവിടെയുള്ളത്. 2019നെ അപേക്ഷിച്ച് 14 ലോക്‌സഭാ സീറ്റുകൾ നഷ്ടപ്പെട്ടത് ബിജെപിയുടെ ആത്മവിശ്വാസം തകർത്തിട്ടുണ്ട്. 28 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒമ്പതെണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്. വോട്ട് വിഹിതം 1.66 ശതമാനം കുറഞ്ഞ് 26.18 ശതമാനമായി.
എൻഡിഎ സഖ്യകക്ഷികളും മോശം പ്രകടനമാണ് കാഴ്ചവച്ചതെന്നതാണ് മോഡി-ഷാ ദ്വയത്തെ സംബന്ധിച്ചിടത്തോളം കൂടുതൽ ആശങ്കാജനകമാകുന്നത്. ശിവസേന (ഷിൻഡെ) 15 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഏഴെണ്ണത്തില്‍ മാത്രമേ ജയിക്കാനായുള്ളൂ. വോട്ട് വിഹിതം 10.55 ശതമാനം കുറഞ്ഞ് 12.95 ആയി. എൻസിപിയും (അജിത്) മോശം പ്രകടനമായിരുന്നു. നാല് സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒന്നിൽ മാത്രമാണ് വിജയിച്ചത്. 2019ൽ നേടിയ മൂന്ന് സീറ്റുകൾ നഷ്ടപ്പെട്ടു. എൻഡിഎയെ സംബന്ധിച്ചിടത്തോളം, അതിന്റെ ആകെ വോട്ട് വിഹിതം 7.79 ശതമാനം കുറഞ്ഞുവെന്ന് ലോക്‌സഭാ ഫലം കാണിക്കുന്നു. 43.55 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടിയത്.
മോഡി-അമിത്ഷാ സംഘത്തിന് തലവേദനയായി നിതിൻ ഗഡ്കരി
ബിജെപിക്കും എൻഡിഎയ്ക്കും അശുഭകരങ്ങളായ മറ്റ് രാഷ്ട്രീയ സംഭവവികാസങ്ങളുണ്ട്. പാര്‍ട്ടിയിലും സഖ്യകക്ഷികളിലും കക്ഷികൾ തമ്മിലുമുള്ള തർക്കങ്ങൾ മുമ്പെന്നത്തെക്കാളും രൂക്ഷമാണ്. ഇന്ത്യ സഖ്യത്തിനും സഖ്യകക്ഷികൾക്കും ഇപ്പോൾ വ്യക്തമായ മുന്നേറ്റവുമുണ്ട്.
മഹാരാഷ്ട്ര നിയമസഭയിൽ 228 സീറ്റുകളാണുള്ളത്. ബിജെപി, ശിവസേന (ഷിൻഡെ), എൻസിപി (അജിത്), എംഎൻഎസ്, പിജെപി, ആർഎസ്‌പി, ജെഎസ്എസ്, ആർപിഐ (അത്താവാലെ) എന്നിവയുൾപ്പെട്ട ‘മഹായുതി‘യാണ് സംസ്ഥാനത്ത് എൻഡിഎ. കോൺഗ്രസ്, ശിവസേന (യുബിടി), എൻസിപി (ശരദ് പവാര്‍), സിപിഐ(എം), എസ്‌പി, പിഡബ്ല്യുപിഐ, എസ്‌ഡബ്ല്യുപി എന്നിവയുൾപ്പെട്ട മഹാ വികാസ് അഘാഡി (എംവിഎ) എന്നാണ് ഇന്ത്യ സഖ്യം അറിയപ്പെടുന്നത്.
ഝാർഖണ്ഡിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലവും കാണിക്കുന്നത് എൻഡിഎയുടെ സീറ്റുകളും വോട്ടുവിഹിതവും കുറയുന്നു എന്നാണ്. 2019ൽ നേടിയ മൂന്ന് സീറ്റുകൾ നഷ്ടപ്പെട്ടു. 13ൽ മത്സരിച്ചപ്പോൾ എട്ടെണ്ണമാണ് നേടാനായത്. വോട്ട് വിഹിതം ഏഴ് ശതമാനം ഇടിഞ്ഞ് 44.60 ആയി കുറഞ്ഞു. സഖ്യകക്ഷിയായ എജെഎസ്‌യുവിന് ഒരു സീറ്റ് നേടാനായെങ്കിലും വോട്ട് വിഹിതം 1.78 ശതമാനമായി കുറഞ്ഞു. ഏറ്റവും ആശങ്കാജനകമായ വശം പട്ടികവർഗക്കാർക്ക് സംവരണം ചെയ്ത അഞ്ച് സീറ്റുകളിലും ബിജെപി പരാജയപ്പെട്ടു എന്നതാണ്. ജെഎംഎം നേതാവ് ഹേമന്ത് സൊരേന്റെ അറസ്റ്റിന് ശേഷം ബിജെപിയെ പൊതുവെ ഗോത്രവർഗ വിരുദ്ധ പാർട്ടിയായാണ് ജനം കാണുന്നത്. ഹേമന്ത് ഇപ്പോൾ തനിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യത്തിലാണ്. മഹാഗഡ്ബന്ധൻ എന്ന പേരിൽ സംസ്ഥാനത്തെ ഇന്ത്യ സഖ്യത്തെ നയിക്കുകയും ചെയ്യുന്നു.
പ്രതിപക്ഷ മുക്ത പാര്‍ലമെന്റാണ് ലക്ഷ്യം
ഝാർഖണ്ഡ് വിധാൻസഭയിൽ 81 സീറ്റുകളാണുള്ളത്. നിലവിൽ ഇന്ത്യ സഖ്യം കൂടുതൽ ശക്തമായ നിലയിലാണ്. അതിലും പ്രധാനം ഇടത്തരക്കാരും ഒബിസിക്കാരും ബിജെപിക്കെതിരെ സംസാരിക്കുന്നുവെന്നതാണ്. ഡൽഹിയിൽ എഎപി നേതാക്കളായ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ജാമ്യത്തിലിറങ്ങിയതോടെ ബിജെപിക്കെതിരായ രാഷ്ട്രീയ പ്രചരണം വര്‍ധിതവീര്യത്തോടെ തുടങ്ങിയിട്ടുണ്ട്. ഇഡിക്കെതിരായ സുപ്രീം കോടതിയുടെ രൂക്ഷമായ പരാമർശം ഉദ്ധരിച്ചുകൊണ്ട്, മോഡി സർക്കാർ തങ്ങളെ എങ്ങനെ കുടുക്കിയെന്നും, ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അധികാരം കേന്ദ്രത്തിന്റെ പ്രതിനിധി ലഫ്റ്റനന്റ് ഗവർണർ വെട്ടിക്കുറച്ചതെങ്ങനെയെന്നും അവർ ജനങ്ങളോട് വിശദീകരിക്കുന്നു.
ഡൽഹി തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യമില്ലെങ്കിലും, കഴിഞ്ഞ ഒരു ദശകം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും തങ്ങളെ നാണംകെടുത്തുന്ന രീതിയില്‍ തോല്പിച്ച ആം ആദ്മി പാർട്ടി മുന്നോട്ടുവയ്ക്കുന്ന വെല്ലുവിളിയെ ബിജെപിക്ക് നേരിടേണ്ടിവരും. 70 സീറ്റുകളാണ് ഡൽഹി നിയമസഭയിൽ ഉള്ളത്.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മുതൽ തുടങ്ങിയ മോഡി-ഷാ സഖ്യത്തിന്റെ രാഷ്ട്രീയ സ്വാധീനത്തിലുണ്ടായ ശാേഷണത്തെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. അവരുടെ സ്വേച്ഛാധിപത്യ നിലപാടുകൾക്കെതിരെ ബിജെപി നേതാക്കളിൽ നിന്നും പ്രതിപക്ഷ നേതാവിൽ നിന്നും തുറന്ന എതിര്‍പ്പ് നാം കേൾക്കുന്നു. വരുംമാസങ്ങളില്‍ ഈ പ്രക്രിയ കൂടുതല്‍ വേഗത്തിലാകുമെന്ന് കരുതേണ്ടിവരും.
(ഐപിഎ)