Site iconSite icon Janayugom Online

അടപടലം അടിതെറ്റി

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്കെല്ലാം അടിതെറ്റി. റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവര്‍ തോല്‍വി നേരിട്ടു. ഫ്രഞ്ച് ക്ലബ്ബ് ലില്ലെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പാനിഷ് വമ്പന്മാരായ റയലിനെ തോല്പിച്ചത്.
കളിയില്‍ ഉടനീളം ആധിപത്യം പുലർത്തിയെങ്കിലും റയലിന് ലില്ലെയ്ക്കമുന്നില്‍ കാലിടറി. തുടക്കം മുതല്‍ ആ­ക്രമിച്ച്‌ കളിച്ചെങ്കിലും റയലിന് ഗോള്‍ മാത്രം അകന്നുനിന്നു. 12 ഷോട്ടുകള്‍ പോസ്റ്റിലേക്ക് ഉതിർത്തെങ്കിലും ഫ്രഞ്ച് ക്ലബ്ബിന്റെ വല കുലുക്കാൻ റയലിനായില്ല. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് ലഭിച്ച പെനാല്‍റ്റി ജോനഥന്‍ ഡേവിഡ് ഗോളാക്കുകയായിരുന്നു. റയല്‍ മാഡ്രിഡ് സമനിലയ്ക്കായി ആഞ്ഞുശ്രമിച്ചെങ്കിലും സമനില കണ്ടെത്താനായില്ല. മത്സരത്തിലുടനീളം പൊസഷനില്‍ ആധിപത്യം പുലർത്തിയ റയല്‍ മാഡ്രിഡ് തങ്ങളുടെ അവസരങ്ങള്‍ ഗോളാക്കി മാറ്റാൻ പാടുപെടുകയായിരുന്നു. വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും എംബാപ്പെയും എല്ലാം ഗോളിന് മുന്നില്‍ പരാജയപ്പെട്ടു.

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ 41 മത്സരങ്ങള്‍ അപരാജിത കുതിപ്പ് നടത്തിയാണ് ബയേണ്‍ മ്യൂണിക്ക് വില്ല പാര്‍ക്കിലെത്തിയത്. ഒടുവില്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക് ആസ്റ്റണ്‍ വില്ലയോട് പരാജയമേറ്റു വാങ്ങുകയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ആസ്റ്റണ്‍ വില്ല ജയം നേടിയത്. പകരക്കാരനായി കളത്തിലിറങ്ങിയ ജോണ്‍ ഡുരാനാണ് ഗോള്‍ സ്കോറര്‍. ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ തകര്‍പ്പൻ പ്രകടനമാണ് മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയ്ക്ക് ജയമൊരുക്കിയത്. ഗോളെന്നുറച്ച പല അവസരങ്ങളും തട്ടിയകറ്റിയ താരം ഏഴ് സേവുകളാണ് മത്സരത്തില്‍ നടത്തിയത്. കളിയുടെ 70 ശതമാനം പന്തടക്കം സൂക്ഷിച്ചെങ്കിലും ബയേണിന് ഗോള്‍ നേടാനായില്ല.

മറ്റൊരു മത്സരത്തില്‍ ബെന്‍ഫിക്കയോട് വമ്പന്‍ പരാജയമാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ഏറ്റുവാങ്ങിയത്. എതിരില്ലാത്ത നാല് ഗോള്‍ ജയം ബെന്‍ഫിക്ക സ്വന്തമാക്കി. നാലില്‍ രണ്ട് ഗോളുകളും പെനാല്‍റ്റിയിലൂടെയാണ് നേടിയത്. 13-ാം മിനിറ്റില്‍ തന്നെ ബെന്‍ഫിക്ക മുന്നിലെത്തിയിരുന്നു. മുഹമ്മദ് കരീമാണ് ആദ്യ ഗോള്‍ നേടിയത്. മത്സരത്തില്‍ രണ്ടാം പകുതിയിലായിരുന്നു ബെന്‍ഫിക്കയുടെ മൂന്ന് ഗോളുകള്‍. രണ്ട് പെനാല്‍റ്റി വഴങ്ങിയതും അത്‌ലറ്റിക്കോയ്ക്ക് തിരിച്ചടിയായി. 

Exit mobile version