സ്പാനിഷ് ലാലിഗയില്‍ സെവിയ്യയ്ക്കെതിരെ ഗോള്‍മഴ പെയ്യിച്ച് ബാഴ്സലോണ. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്സയുടെ വിജയം. ജയത്തോടെ ലീഗില്‍ കിരീടപ്പോരാട്ടം കടുപ്പിക്കാനും ബാഴ്സയ്ക്കായി.
മത്സരത്തിന്റെ തുടക്കം ആവേശകരമായിരുന്നു. ഏഴാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി നേടിയ ഗോളില്‍ ബാഴ്സലോണയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ തന്നെ സെവിയ്യ തിരിച്ചടിച്ചു. എട്ടാം മിനിറ്റില്‍ റൂബന്‍ വര്‍ഗാസാണ് സെവിയ്യയുടെ സമനില ഗോള്‍ നേടിയത്. ഇതോടെ ആദ്യ പകുതി 1–1ന് സമനിലയില്‍ അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബാഴ്സ ഗോള്‍വേട്ട ആരംഭിച്ചു 46-ാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപ്പസാണ് ബാഴ്സയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചത്. 55-ാം മിനിറ്റില്‍ റാഫീഞ്ഞയിലൂടെ ബാഴ്സ ലീഡ് ഇരട്ടിയാക്കി. 62-ാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപ്പസ് റെഡ് കാര്‍ഡ് കണ്ട് പുറത്തായതിനുശേഷം ബാഴ്സ പത്തുപേരായി ചുരുങ്ങി. എന്നാല്‍ ഈ ആനുകൂല്യം മുതലെടുത്ത് ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ സെവിയ്യയ്ക്ക് സാധിച്ചില്ല. ബാഴ്സ ഗോളടി തുടരുകയും ചെയ്തു. 89-ാം മിനിറ്റില്‍ എറിക് ഗാര്‍സിയയുടെ ഗോളോടെ ബാഴ്സ വിജയം പൂര്‍ത്തിയാക്കി.
ജയത്തോടെ രണ്ടാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം കുറയ്ക്കാന്‍ ബാഴ്സയ്ക്കായി. 23 കളിയില്‍ 48 പോയിന്റോടെ ബാഴ്സ മൂന്നാമതാണ്. അത്‌ലറ്റിക്കോ മാഡ്രിഡിന് 49 പോയിന്റുണ്ട്. 50 പോയിന്റോടെ റയല്‍ തലപ്പത്താണ്.

