വിളക്കുപാറ എണ്ണപ്പന തോട്ടത്തിൽ മേയാൻ വിട്ട നാല് കറവപ്പശുക്കൾ ചത്തു. വിളക്കുപാറ സ്വദേശിനി പുഷ്പലതയുടെ പശുക്കളാണ് ചത്തത്. എണ്ണപ്പന തോട്ടത്തിൽ ഉപേക്ഷിച്ചിരുന്ന ചോറ് കഴിച്ചാണ് പശുക്കൾ ചാകാൻ കാരണമെന്ന് ഇവർ ആരോപിക്കുന്നു. ഒപ്പമുണ്ടായിരുന്ന മറ്റു പശുക്കളുടെ അവസ്ഥയും ഗുരുതരമാണ്. പശുക്കൾ രാത്രി അവശനിലയിലായതോടെ ഏരൂർ മൃഗാശുപത്രിയിൽ വിവരം അറിയിച്ചു. ഡോക്ടർ സ്ഥലത്തെത്തി പശുക്കളെ പരിശോധിച്ച് മരുന്നുകൾ നൽകി. എന്നാൽ നാലു പശുക്കളും പിന്നീട് ചാകുകയായിരുന്നു. ചോറ് ക്രമാതീതമായി കഴിച്ചത് മൂലമുള്ള ദഹനക്കേടാണ് കാരണമെന്ന് ഡോക്ടർ അറിയിച്ചു.