Site iconSite icon Janayugom Online

കളം വരച്ചു, ഇതെന്റെ ഗ്രൗണ്ടാണ് ; വീരാ രാഹുല്‍

കന്നഡ ചിത്രമായ കെജിഎഫില്‍ ഒരു ഡയലോഗുണ്ട്, ‘ഇതാണ് റോക്കിയുടെ കെജിഎഫ് ’. ഇതുപോലൊരു നിമിഷമാണ് കഴിഞ്ഞ ദിവസം ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ മൈതാനമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അവര്‍ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പൊരുതി നേടിയ കെ എല്‍ രാഹുലിന്റെ പോരാട്ടവീര്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

ഒരു മത്സരത്തില്‍ തോല്‍ക്കാതെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കുതിപ്പ്. ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ നിന്നെത്തിയ കെ എല്‍ രാഹുലിന്റെ പ്രകടനമികവും അക്സര്‍ പട്ടേലിന്റെ നായകമികവും ടീമിനെ മികച്ചരീതിയിലാണ് മുന്നോട്ടുചലിപ്പിക്കുന്നത്. ആര്‍സിബിക്കെതിരെ വിജയലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തിലെ തകര്‍ച്ച നേരിട്ടതോടെ ആദ്യ തോല്‍വി നേരിടുമെന്ന് ഏവരും കരുതി. എന്നാല്‍ ഒരു വശത്ത് കെ എല്‍ രാഹുല്‍ എന്ന വിശ്വസ്തനുള്ളത് ആരും ശ്രദ്ധിച്ചിരുന്നില്ല. 53 പന്തുകൾ നേരിട്ട രാഹുല്‍ 93 റൺസുമായി പുറത്താകാതെ ടീമിനെ വിജയത്തിലെത്തിച്ചു. ഇതിന് ശേഷം താരം നടത്തിയ ആഘോഷരീതി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കൈകൊണ്ട് നെഞ്ചിൽ അടിച്ച ശേഷം‘ഈ ഗ്രൗണ്ട് എന്റേതാണെന്ന്’ രാഹുൽ ആംഗ്യം കാണിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയുടെ താരമായതിനാല്‍ തന്നെ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വർഷങ്ങളായി കളിച്ചു പരിചയം രാഹുലിനുണ്ടായിരുന്നു. 

30 റണ്‍സിനിടെ ആദ്യ മൂന്ന് സ്ഥാനക്കാരും പുറത്തായി. ഫാഫ് ഡുപ്ലസിസ് രണ്ട്, ജേക്ക് ഫ്രേസര്‍-മര്‍ഗര്‍ക്കും അഭിഷേക് പോരലും നേടിയത് ഏഴ് റണ്‍സ് വീതവും. എന്നാല്‍ തളരാത്ത ഒരു പോരാളി അവിടെ ഉദയം ചെയ്തു. അഞ്ചാം വിക്കറ്റില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിനൊപ്പം രാഹുല്‍ പുറത്താവാതെ 111 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പതിയെ തുടങ്ങിയ രാഹുല്‍ അവസാനം കത്തിക്കയറിയതോടെയാണ് പ്രതീക്ഷ കൈവിട്ടിരുന്ന ഡല്‍ഹി വിജയത്തിലെത്തിയത്. ആര്‍സിബി ആദ്യം ബാറ്റ് ചെയ്തപ്പോള്‍ തന്നെ വിക്കറ്റ് കീപ്പറായതുകൊണ്ട് പിച്ചിന്റെ സ്വഭാവം മനസിക്കാനായെന്നും കളിക്കേണ്ട ഷോട്ടുകള്‍ മനസിലുറപ്പിച്ചിരുന്നുവെന്നും മത്സരശേഷം രാഹുല്‍ പ്രതികരിച്ചു. മുമ്പ് ആര്‍സിബിക്ക് വേണ്ടിയും രാഹുല്‍ കളിച്ചിട്ടുണ്ട്. തുടർ തോൽവികൾക്കു പിന്നാലെ ഒരു മത്സരത്തിന്റെ അവസാനം ലഖ്നൗ ഉടമ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽ രാഹുലിനെ അപമാനിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ സംഭവം വിവാദമാകുകയും ചെയ്തു. ഒടുവില്‍ മെഗാ താരലേലത്തിന് മുമ്പ് രാഹുലിനെ ലഖ്നൗ ഒഴിവാക്കി. എന്നാല്‍ 14 കോടി മുടക്കി താരത്തെ ഡല്‍ഹി തട്ടകത്തിലെത്തിച്ചു. സ്ഥിരതയോടെയുള്ള താരത്തിന്റെ പ്രകടനം ഇന്ത്യന്‍ ടീമിനും മുതല്‍ക്കൂട്ടാണ്. ഏകദിന മത്സരങ്ങളില്‍ ടീമിലുള്ള താരം ഇതേരീതിയില്‍ സ്ഥിരത പുലര്‍ത്തിയാല്‍ ഇന്ത്യയുടെ ടി20 ടീമിലേക്കും വൈകാതെ വിളിയെത്തുമെന്നുറപ്പാണ്.

Exit mobile version