Site iconSite icon Janayugom Online

ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം

എട്ട് ദിനരാത്രങ്ങൾ നീളുന്ന കാഴ്ചയുടെ വസന്തമായ 29ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംവിധായിക പായൽ കപാഡിയയ്ക്കു് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മുഖ്യമന്ത്രി സമ്മാനിക്കും. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് അർഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. തുടർന്ന് ഈ സിനിമ നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. 

രജത ചകോരത്തിന് അർഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജത ചകോരത്തിന് അർഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷക പുരസ്കാരത്തിന് അർഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും കെ ആർ മോഹനൻ എൻഡോവ്മെന്റ് അവാർഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും. വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാർദ് ആണ് അന്താരാഷ്ട്ര മൽസര വിഭാഗത്തിന്റെ ജൂറി ചെയർപേഴ്സൺ. 15 തിയേറ്ററുകളിലായി 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകൾ വിവിധ വിഭാഗങ്ങളിലായി പ്രദർശിപ്പിച്ചു. സ്ത്രീപക്ഷ നിലപാടുകളോടുള്ള ഐക്യദാർഢ്യമായി സ്ത്രീ സംവിധായകരുടെ 52 സിനിമകളുണ്ടായിരുന്നു എന്നതും മേളയെ ശ്രദ്ധേയമാക്കി. ഇതിൽ ഇന്ദുലക്ഷ്മിയുടെ ‘അപ്പുറം’ എന്ന സിനിമ മത്സര വിഭാഗത്തിലെ ഏക വനിതാ മലയാളി സാന്നിധ്യമായി. 

Exit mobile version