Site iconSite icon Janayugom Online

നാലാമതും കിപ്യഗോണ്‍

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗം ഹൈജമ്പില്‍ ഇന്ത്യയുടെ സര്‍വേഷ് കുഷാരെ ഫൈനലില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 2.28 മീറ്റര്‍ ഉയരമാണ് സര്‍വേഷ് താണ്ടിയത്. ന്യൂസിലാന്‍ഡിന്റെ ഹാമിഷ് കെർ ആണ് സ്വര്‍ണം നേടിയത്. വനിതാ വിഭാഗം 1500 മീറ്ററിൽ കെനിയയുടെ ഫെയ്ത്ത് കിപ്യഗോണിന് സ്വര്‍ണം. നാലാം തവണയാണ് കിപ്യഗോണ്‍ സ്വര്‍ണം സ്വന്തമാക്കുന്നത്. സഹതാരം ഡോർക്കസ് ഇവോയ് വെള്ളിയും ഓസ്ട്രേലിയയുടെ ജെസീക്ക ഹൾ വെങ്കലവും നിലനിർത്തി.

പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ യുഎസിന്റെ കോർഡൽ ടിഞ്ച് സ്വർണം നേടി. 12.99 സെക്കൻഡിലാണ് ടിഞ്ച് ഫിനിഷ് ചെയ്തത്. ജമൈകന്‍ താരങ്ങളായ ഒർലാൻഡോ ബെന്നറ്റ് (13.08)വെള്ളിയും ടൈലർ മേസൺ (13.12) വെങ്കലവും നേടി. ഈ വിഭാഗത്തില്‍ ഇന്ത്യയുടെ തേജസ് ഷിര്‍ഷെ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കാനഡയുടെ ഏതൻ കാറ്റ്‌സ്‌ബെർഗ് ഹാമർ ത്രോയില്‍ വീണ്ടും സ്വര്‍ണമണിഞ്ഞു. 84.70 ദുരമെറിഞ്ഞ ഏതന്‍ ചാമ്പ്യൻഷിപ്പ് റെക്കോഡും വ്യക്തിഗത മികച്ച ദൂരവും കണ്ടെത്തി. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഏതന്റെ മൂന്നാം സ്വര്‍ണമാണിത്. ജർമ്മനിയുടെ മെർലിൻ ഹമ്മൽ വ്യക്തിഗത മികച്ച പ്രകടനം (82.77 മീറ്റർ) പുറത്തെടുത്ത് വെള്ളി നേടി. ഹംഗറിയുടെ ബെൻസ് ഹലാസ് (82.69 മീറ്റർ) വെങ്കലവും സ്വന്തമാക്കി. 

Exit mobile version