ജിജോ ആന്റണിയുടെ സംവിധാനത്തിൽ മത്സ്യത്തൊഴിലാളികളുടെ കഥ പറഞ്ഞ കടലിന്റെ സൗന്ദര്യം പ്രേക്ഷകരിലേക്കെത്തിച്ച ‘അടിത്തട്ട്’ ചിത്രത്തിന്റെ ഛായാഗ്രാഹകൻ പാപ്പിനു തന്റെ അനുവഭവങ്ങൾ പങ്ക് വയ്ക്കുന്നു
കടലിലെ ഷൂട്ട്
പറയാതിരിക്കാൻ കഴിയില്ല സിനിമാ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ് അടിത്തട്ടിലെ ഷൂട്ടിങ് സമയത്ത് ലഭിച്ചത്. വളരെ കഷ്ടപ്പെട്ടും അതിലുപരി നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ചുമാണ് ചിത്രം ഷൂട്ട് ചെയ്തത്. അത്രമാത്രം സഹകരണമായിരുന്നു സംവിധായകൻ ജിജോ ആന്റണിയും മറ്റ് എല്ലാവരും. ജിജോയുമായുള്ള എന്റെ മൂന്നാമത്തെ ചിത്രമാണ് അടിത്തട്ട്. അദ്ദേഹവുമായുള്ള സൗഹൃദം ആ ഒരു കോമ്പോ ചിത്രം മികച്ചതാക്കാൻ എനിക്ക് കഴിഞ്ഞു. മിക്ക ദിവസങ്ങളും വൈകിട്ട് ആറ് മുതലാണ് ഷൂട്ടിങിനായി കടലിലേക്ക് ഇറങ്ങുക. പിറ്റേന്ന് രാവിലെ തിരിച്ചെത്തും. ആദ്യമായി കടലിൽ പോകുന്ന സമയത്ത് എല്ലാവർക്കും ചെറിയ അസ്വസ്ഥകൾ ഉണ്ടായിരുന്നു. പലരും ഛര്‍ദ്ദിക്കുന്ന അവസ്ഥവരെ ഉണ്ടായി. ഷൂട്ടിങ് നടക്കില്ല എന്നുവരെ ചിന്തിച്ച നിമിഷങ്ങളുണ്ട്. പിന്നീട് കടലിന്റെ താളത്തിനനുസരിച്ച് ഞങ്ങളും ചേർന്നതോടെ ചിത്രം പൂർത്തിയാക്കി.
വെല്ലുവിളികൾ
വലിയ തിരമാലകൾക്കിടയിൽ ഷൂട്ട് ചെയ്യുകയെന്നത് സത്യത്തിൽ വലിയ ടാസ്ക് തന്നെയായിരുന്നു. പത്ത് കിലോയിലധികം ഭാരം വരുന്ന ക്യാമറ, ഷോൾഡറിൽ വച്ചാണ് ഷൂട്ട് ചെയ്തത്. ആ സമയത്ത് പലരും എന്നെ സഹായിച്ചിട്ടുണ്ട്. അപ്രതീഷിതമായി മഴയെത്തുന്നതോടെ കടലിന്റെ ഭാവം തന്നെ മാറും. അയ്യോ, അതൊന്നും ഓർക്കാൻ വയ്യ.
അടിത്തട്ടിലെ ഛായാഗ്രാഹണം
മലയാള സിനിമകളിൽ കടലുകളുടെ രംഗങ്ങൾ ഉണ്ടെങ്കിലും കടലിൽ മുഴുവനായും ചിത്രീകരിച്ച ചിത്രം ‘അടിത്തട്ട്’ പ്രേക്ഷകർക്ക് പുതിയൊരു അനുഭവം നൽകി. കടലിന്റെ സൗന്ദര്യം പൂർണമെന്ന് പറയില്ല. എങ്കിലും സംവിധായകൻ ഉദ്ദേശിച്ച കാര്യങ്ങൾ ഒരോ രംഗത്തിലൂടെയും പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞുവെന്നാണ് എന്റെ വിശ്വാസം. അത് തന്നെയാവാം ഒരുപക്ഷെ പ്രേക്ഷക ശ്രദ്ധനേടാനുള്ള കാരണവും.
സിനിമ ജീവിതം
തുടക്കം സ്റ്റിൽ ഫോട്ടോഗ്രാഫറായാണ്. പ്രമുഖ മാഗസിനുകൾക്ക് കവർ പേജ് ചിത്രങ്ങൾ, പരസ്യ ചിത്രങ്ങൾ എന്നിവയിലായിരുന്നു കൂടുതൽ ശ്രദ്ധ. ആ കാലഘട്ടങ്ങളിലും എന്റെ നാടായ വയനാട് വൈത്തിരിയിൽ നിന്ന് കൊച്ചിയിലേക്ക് യാത്രചെയ്യുമ്പോ സിനിമയെന്ന വലിയ സ്വപ്നം മനസ്സിലുണ്ടായിരുന്നു. പിന്നീട് സമീർ താഹിറിന്റെ കൂടെ നിദ്ര എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഛായഗ്രാഹകനായി. സ്റ്റിൽ ഫോട്ടോഗ്രാഫിയിൽ ഗുരു തുല്യനായ അനീഷ് ഉപാസനയുടെ കൂടെയായിരുന്നു ഞാൻ അസിസ്റ്റ് ചെയ്തിരുന്നത്. 2013 ല്‍ അദ്ദേഹം സംവിധാനം ചെയ്ത ‘മാറ്റിനി‘യെന്ന ചിത്രത്തിൽ സ്വതന്ത്ര ഛായാഗ്രാഹകനായി. അത് തന്നെയായിരുന്നു എന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവട്. എന്റെ ക്യാമറ കണ്ണുകളിലൂടെ നിലവിൽ പത്തോളം സിനിമകൾ ചെയ്യാൻ സാധിച്ചു.
പുതിയ ലക്ഷ്യം
നല്ല സിനിമകളുടെ ഭാഗമാകുകയെന്നതാണ് ലക്ഷ്യം. ചിത്രത്തിന്റെ കഥ എന്താണോ അതിന്റെ കൂടെ സഞ്ചരിച്ച് ഒരോ രംഗങ്ങളും പ്രേക്ഷകരിലേക്ക് വളരെ നന്നായി തന്നെ എത്തിക്കുക. സ്വന്തം സംവിധാനത്തിലൊരു സിനിമ അതാണ് സ്വപ്നം
അടുത്ത സിനിമ
മൂന്നോളം സിനിമകൾ ഇപ്പോള്‍ ചർച്ചയിലാണ്. ജിജോ ആന്റണിയുടെ സംവിധാനത്തിലുള്ള ചിത്രത്തിൽ അടുത്ത മാസം ജോയിൻ ചെയ്യും ചിത്രത്തിന്റെ പേര് പുറത്ത് വന്നിട്ടില്ല.