Site iconSite icon Janayugom Online

കൊല്ലത്ത് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കയ്യേറിയ 4.4 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

നഗരമധ്യത്തില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കയ്യടക്കിവച്ചിരുന്ന 4.4 ഏക്കര്‍ ഭൂമി ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്തു. സെന്റിന് 10 ലക്ഷം രൂപ വിലവരുന്ന ഭൂമിയാണ് റവന്യു അധിക‍ൃതര്‍ ഏറ്റെടുത്തത്. കൊല്ലം വെസ്റ്റ് വില്ലേജ് പരിധിയില്‍ നഗരമധ്യത്തില്‍ തോപ്പ് പള്ളിക്ക് സമീപമാണ് ഈ നാല് ഏക്കര്‍ ഭൂമി. ബ്രിട്ടീഷ് പൗരന്മാര്‍ ഉപേക്ഷിച്ചുപോയ ഭൂമി പിന്നീട് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കൈവശംവച്ചിരിക്കുകയായിരുന്നു. അവകാശമുള്ള ഉടമസ്ഥനാല്‍ ഉപേക്ഷിക്കപ്പെട്ട ഭൂമിയാണിത് (അന്യം നില്‍പ്പ്). ഇത്തരത്തില്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്ന ജില്ലയിലെ ആദ്യത്തെ അന്യംനില്‍പ്പ് ഭൂമിയാണിത്. ഇതിന്റെ തണ്ടപ്പേര്‍ ബ്രിട്ടീഷ് പൗരന്മാരുടെ പേരിലായിരുന്നു. ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചിരുന്നതിനാല്‍ കയ്യേറ്റമുണ്ടായിരുന്നില്ല.

ഹാരിസണിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ കോടതി വ്യവഹാരങ്ങളിലേക്ക് നീങ്ങിയിരുന്നു. ജില്ലാ ഗവ. പ്ലീഡര്‍ സേതുനാഥിന്റെ നിയമോപദേശം തേടിയശേഷം ജില്ലാ കളക്ടര്‍ ഇന്നലെ ഉച്ചയ്ക്കാണ് ഭൂമി ഏറ്റെടുത്തതായുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കൊല്ലം വെസ്റ്റ് വില്ലേജ് ഓഫീസറെ റിസീവറായി നിയോഗിച്ചു. ഭൂമിയിലെ സ്ഥാവരജംഗമ വസ്തുക്കളുടെ വിശദമായ പട്ടിക തയ്യാറാക്കി ഗേറ്റ് പൂട്ടി സീല്‍ ചെയ്തു. ഭൂമിക്ക് 40 കോടി രൂപയാണ് വില കണക്കാക്കുന്നത്. കൊല്ലം തഹസില്‍ദാര്‍ ശശിധരന്‍പിള്ള, ഭൂരേഖ തഹസില്‍ദാര്‍ ശുഭന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സുരേഷ് ബാബു, ഡോണല്‍ ലാവോസ്, ദേവരാജന്‍, കൊല്ലം വെസ്റ്റ് വില്ലേജ് ഓഫീസര്‍ ബിജു എന്നിവര്‍ ഭൂമി ഏറ്റെടുക്കലിന് നേതൃത്വം നല്‍കി.

eng­lish sum­ma­ry; The gov­ern­ment has tak­en over 4.4 acres of land encroached by Har­ri­son Malay­alam Plan­ta­tion in Kollam

you may also like this video;

Exit mobile version