അഡാനി ഗ്രൂപ്പിന്റെ ഓഹരിവിപണിയിലെ തിരിമറിയും പെരുപ്പിച്ച കണക്കും ഒപ്പം കള്ളപ്പണവും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി വരികയാണ്. ഇന്നലെ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ജേർണലിസ്റ്റ് (ഐസിജെ) പുറത്തുവിട്ട വിവരങ്ങള്‍ ഇക്കൊല്ലം ഇതുവരെയുള്ള മൂന്നാമത്തെയും രണ്ടു ദിവസത്തിനിടെ രണ്ടാമത്തെയും റിപ്പോര്‍ട്ടാണ്. നിയമവിരുദ്ധമായി ഓഹരി മൂല്യം ഉയർത്തി ഗൗതം അഡാനി നടത്തിയ ഓഹരിത്തട്ടിപ്പുകളുടെ കൂടുതൽ തെളിവുകളാണ് ഐസിജെ പുറത്തുവിട്ടത്. എമർജിങ് ഇന്ത്യ ഫോക്കസ് ഫണ്ട്, ഇഎം റിസർജന്റ് ഫണ്ട് എന്നിവയിൽ നിക്ഷേപമെത്തിച്ച നാസിർ അലി ഷാബാൻ അഹ് ലി, ചാങ്ചുങ് ലിങ് എന്നിവര്‍ക്ക് അഡാനി കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. ഗൗതം അഡാനിയുടെ സഹോദരന്‍ വിനോദ് അഡാനിയുടെ വ്യവസായ പങ്കാളികളും സുഹൃത്തുക്കളും ചേർന്ന് അഡാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തിൽ തട്ടിപ്പിലൂടെ വർധനവുണ്ടാക്കിയെന്ന് വ്യക്തമാക്കുന്നതായിരുന്നു അന്വേഷണാത്മക പത്രപ്രവർത്തക കൂട്ടായ്മയായ ‘ഓർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട്’(ഒസിസിആർപി) രണ്ടുദിവസം മുമ്പ് പുറത്തുവിട്ട തെളിവുകള്‍. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഐസിജെ, അഡാനി ഗ്രൂപ്പുമായി വിദേശികൾ നേരിട്ട് ഇടപാടുകൾ നടത്തിയെന്നും അഡാനി കമ്പനിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് വിദേശികൾ അധികാരപത്രം നൽകിയിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.
യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് അഡാനി ഗ്രൂപ്പിന്റെ തട്ടിപ്പുകള്‍ പുറത്തുവിട്ടത് ജനുവരിയിലായിരുന്നു. വിപണിയിൽ ഓഹരികളുടെ വില പെരുപ്പിച്ച് കാണിക്കുകയാണെന്നും ഗ്രൂപ്പിന്റെ വിവിധ കമ്പനികളുടെ പ്രകടനം താഴേക്ക് പോവുമ്പോഴും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അഡാനി ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 88 ചോദ്യങ്ങളാണ് ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലുണ്ടായിരുന്നത്. ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം അഡാനിയില്‍ നിന്നുണ്ടായിട്ടില്ല. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അഡാനി ഗ്രൂപ്പ് ഓഹരികളുടെ വിലയിടിയുകയും പൊതുമേഖലയുടേതുള്‍പ്പെടെ നിക്ഷേപകരുടെ പണം നഷ്ടമാവുകയും ചെയ്തെങ്കിലും ഉറ്റചങ്ങാതിയായ മോഡിയുടെ സര്‍ക്കാര്‍ ഒരന്വേഷണത്തിനും തയ്യാറായില്ല. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം സ്തംഭിച്ചിട്ടും മോഡി പ്രതികരിച്ചില്ല. ഇന്ത്യക്കെതിരെയുള്ള അക്രമം എന്നായിരുന്നു സംഘ്പരിവാര്‍ ഭരണകൂടം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ പരിഹസിച്ചത്. അഡാനിക്കെതിരെ തെളിവുകൾ സഹിതം പുതിയ റിപ്പോർട്ട് വരുമ്പോഴും പ്രതിക്കൂട്ടിലാകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ്. കാരണം തിരിമറികളിലധികവും നടന്നതും മുന്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും മോഡിയുടെ ഭരണകാലത്തായിരുന്നു.
‘2010–13 കാലയളവിൽ അഡാനി ഗ്രൂപ്പിന്റെ മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും രണ്ട് ഊർജ നിലയങ്ങൾക്കായി ചൈനയിൽ നിന്നും കൊറിയയിൽ നിന്നും ഉപകരണങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. അഡാനിയുടെ തന്നെ തുറമുഖങ്ങളിലൂടെ ഇറക്കുമതി ചെയ്ത ഉപകരണങ്ങളുടെ ഒറിജിനൽ ഇൻവോയ്സ് ഇവിടെ നൽകാതെ ഷാർജയിൽ വിനോദ് അഡാനിയുടെ പേരിലുള്ള ‘ഇലക്ട്രിജൻ ഇൻഫ്ര എഫ്ഇസെഡ്ഇ’ എന്ന കമ്പനിയിലേക്കാണ് പോയത്. ബില്‍ത്തുക ഇരട്ടിയാക്കിയ ശേഷം ആ കമ്പനിയുടെ പേരിലുള്ള മറ്റൊരു ഇൻവോയ്സ് ഗൗതം അഡാനിയുടെ ഇന്ത്യന്‍ കമ്പനിക്ക് നൽകി. ബില്ലില്‍ കൂട്ടിയെഴുതിയ തുക ഇന്ത്യയിലെ അഡാനി കമ്പനി, ഷാർജയിലെ അഡാനി കമ്പനിക്ക് നൽകി. ഇതില്‍ നിന്ന് യഥാർത്ഥ ബിൽ തുക മാത്രം ചൈനീസ്, കൊറിയന്‍ കമ്പനികള്‍ക്ക് നല്‍കുകയും ബാക്കി തുക യുഎഇ കമ്പനി കൈവശം വയ്ക്കുകയും ചെയ്തു‘വെന്നാണ് ഒസിസിആർപി പുറത്തുവിട്ടത്. ഹിൻഡൻബർഗ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിയെന്ന് തെളിയിക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍.
ഇതുകൂടി വായിക്കൂ: അഡാനിക്ക് വീണ്ടും ആഘാതം
ഏകദേശം 6300 കോടിയോളം രൂപ ഇത്തരത്തിൽ കടത്തിയത് 2013ൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ് (ഡിആർഐ) കണ്ടെത്തിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. യുഎഇയിൽ നിന്ന് ഈ തുക പിന്നീട് വിനോദ് അഡാനിയുടെ മൗറീഷ്യന്‍ കമ്പനിയിലേക്ക് മാറ്റി. ഈ കമ്പനി വിനോദ് അഡാനിയുടെ തന്നെ മറ്റൊരു കമ്പനിക്ക് 100 ദശലക്ഷം ഡോളർ വായ്പ നൽകി. ആ തുകയാകട്ടെ ബർമുഡയിലെ ‘ഗ്ലോബൽ ഓപ്പർചുണിറ്റീസ് ഫണ്ടി’ലേക്ക് മാറ്റി. പിന്നീട് അതേ തുക തിരിച്ച് മൗറീഷ്യസിലേക്കു തന്നെ എത്തിക്കുകയും ‘എമർജിങ് ഇന്ത്യ ഫോക്കസ് ഫണ്ട്, ഇഎം റീസർജന്റ് ഫണ്ട് എന്നിവയിൽ നിക്ഷേപിക്കുകയുമായിരുന്നു. വിനോദ് അഡാനിയുടെ യുഎഇ പങ്കാളി നാസിർ അലി ഷാബാൻ അഹ് ലി തായ്‌വാന്‍ പങ്കാളി ചാങ്ചുങ് ലിങ്ങുമായിരുന്നു ഈ രണ്ട് ഫണ്ടിലും കൂടുതൽ പണമിറക്കിയത്. 2013–18 കാലത്ത് രണ്ട് ഫണ്ടുകളും നാല് അഡാനി കമ്പനികളിലെ ഓഹരികൾ വാങ്ങിക്കൂട്ടിയെന്നും സിംഗപ്പൂർ, സൈപ്രസ്, ബഹാമസ്, കീമെൻ ദ്വീപുകൾ, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ തുടങ്ങിയ രാജ്യങ്ങളിലും ദുരൂഹമായ നിരവധി കമ്പനികൾ വിനോദ് അഡാനിക്കുണ്ടെന്നുമാണ് റിപ്പോർട്ടർമാർ ചൂണ്ടിക്കാട്ടിയത്.
ഇത്രയും പണം അഡാനിക്ക് എങ്ങനെ വിദേശത്ത് ലഭിച്ചുവെന്നത് ദുരൂഹമാണ്. കയറ്റുമതി അണ്ടര്‍ ഇന്‍വോയ്‌സ് ചെയ്തും, ഇറക്കുമതി ഓവര്‍ ഇന്‍വോയ്‌സ് ചെയ്തും ഉണ്ടാക്കുന്ന കള്ളപ്പണം വിദേശത്താണ് കോര്‍പറേറ്റുകള്‍ സൂക്ഷിക്കുക. പിന്നീട് പണം വെളുപ്പിച്ച് ഇന്ത്യയില്‍ എത്തിക്കുന്നതിനുവേണ്ടിയാണ് നികുതിയും കണക്കുകളുമൊന്നും ആവശ്യപ്പെടാത്ത മൗറീഷ്യസ് പോലുള്ള കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തുന്നത്. ഓഹരി വിപണിയിലെ തട്ടിപ്പിനും കൃത്രിമത്വത്തിനുമെതിരെ റെഗുലേറ്ററി അധികാരികൾ ഒരു നടപടിയും സ്വീകരിക്കാത്തതിന് കാരണം പ്രധാനമന്ത്രിയുമായി അഡാനി ഗ്രൂപ്പിനുള്ള ബന്ധമാണെന്നത് സുവ്യക്തമാണ്. കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും തെളിവുകൾ മൂടിവയ്ക്കുന്നില്ല എന്നും ഉറപ്പുവരുത്താൻ സുപ്രീം കോടതി ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു കഴിഞ്ഞു.
ഈ ഇടപാടുകള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ രണ്ട് തരത്തിലുള്ള നിയമലംഘനമാണ് പുറത്തുവരിക. കമ്പനി നിയമമനുസരിച്ച് 75 ശതമാനം ഓഹരി പ്രമോട്ടർമാർ കയ്യിൽ വയ്ക്കുകയും 25 ശതമാനം ജനങ്ങൾക്ക് നൽകുകയും ചെയ്യണം. പുറമേ നല്‍കേണ്ട 25 ശതമാനം ഓഹരികളിലേക്കും അഡാനിയുടെ കടലാസു കമ്പനികളിലൂടെ പ്രമോട്ടർമാർക്ക് കൂടുതൽ പങ്കാളിത്തം ഉണ്ടായിരിക്കുകയാണ്. രണ്ടാമതായി ഇത്തരം കടലാസു കമ്പനികൾ വഴി ഓഹരി വാങ്ങി, വിപണി വില ഉയർത്തുകയും പ്രമോട്ടർമാരായ അഡാനി ഗ്രൂപ്പിന് തന്നെ അതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യുന്നു. ഇത്തരം തിരിമറികള്‍ നേരത്തേ കണ്ടെത്തിയ ഡിആര്‍ഐ അന്വേഷണം നടത്തുകയും വിവരം സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യെ അറിയിക്കുകയും ചെയ്തെങ്കിലും നടപടിയെടുത്തില്ലെന്നും വെളിപ്പെടുത്തലുണ്ട്.
ഓഹരിവിപണിയിലെ അഡാനി ഗ്രൂപ്പിന്റെ വഴിവിട്ട ഇടപെടലുകളെക്കുറിച്ച് 2014ലാണ് അന്വേഷണം നടന്നത്. വിദേശ കമ്പനികള്‍ വഴി അഡാനി ഗ്രൂപ്പ് സ്വന്തം ഓഹരികള്‍ വാങ്ങിയതിനെക്കുറിച്ച് ഡിആര്‍ഐ, സെബിയെ ധരിപ്പിച്ചതും ഇക്കാലത്താണ്. അതേവര്‍ഷം നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതോടെ ഡിആര്‍ഐ വിധിനിര്‍ണയ അതോറിട്ടി കേസ് അവസാനിപ്പിക്കുകയായിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുപ്രീം കോടതി ഇടപെടലിനു ശേഷം സെബി അന്വേഷണം തുടങ്ങിയെങ്കിലും നിഷ്പക്ഷതയില്‍ സംശയമുയര്‍ന്നിട്ടുണ്ട്. രേഖകൾ കണ്ടെത്താൻ ശ്രമിക്കുകയാണ് എന്നാണ് സെബി അന്വേഷണ സംഘം ഇപ്പോഴും പറയുന്നത്. അന്തിമ റിപ്പോര്‍ട്ടിന് പലതവണ സമയം നീട്ടി ചോദിക്കുകയാണ് ഏജന്‍സി. 2011 മുതല്‍ 17വരെ സെബി ചെയര്‍മാനായിരുന്ന യു കെ സിന്‍ഹ, അഡാനി ഗ്രൂപ്പ് മാധ്യമ സ്ഥാപനത്തിന്റെ തലപ്പത്തെത്തിയതും ഈ ഇടപാടുകളും ചേര്‍ത്തുവായിക്കാവുന്നതാണ്.
പ്ലാസ്റ്റിക് സാമഗ്രികളുടെ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്‌തുക്കളുടെ ചെറുകിട ഇറക്കുമതിക്കാരനായിരുന്ന ഗൗതം അഡാനിയുടെ സാമ്രാജ്യം ഗുജറാത്തിൽ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായ ശേഷമാണ് കുതിച്ചുകയറിയത്. 2014ൽ മോഡി പ്രധാനമന്ത്രിയാകുമ്പോൾ അഡാനിയുടെ ആസ്തിമൂല്യം 50,000 കോടി രൂപയായിരുന്നു. 2022ൽ ഇത് 10.33 ലക്ഷം കോടിയായി. പാപ്പർ കേസുകളിലായിരുന്ന കമ്പനികളുടെ ആസ്തികളാണ് അഡാനി ഏറ്റെടുത്തത്. അതിനുള്ള പണം എവിടെനിന്ന് കിട്ടുന്നുവെന്നതില്‍ ഒരന്വേഷണവും നടന്നില്ല. പ്രതിപക്ഷ സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളിലുള്‍പ്പെടെ ഉയരുന്ന അഞ്ച്, പത്ത് ലക്ഷത്തിന്റെ അഴിമതി ആരോപണങ്ങളില്‍ പോലും അന്വേഷണത്തിനെത്തുന്ന എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അഡാനി വിഷയത്തില്‍ ഒരേസമയം അന്ധരും ബധിരരുമാകുന്നത് മോഡി സര്‍ക്കാരിന്റെ നിലപാട് തന്നെയാണ്.
ഇതുകൂടി വായിക്കൂ: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അഡാനിക്കായി അട്ടിമറി
2018ൽ അഡാനി ഗ്രൂപ്പിന്റെ ലാഭം 3455 കോടി രൂപയായിരുന്നു. എന്നാല്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചത് 1,67,000 കോടി രൂപയുടെ പദ്ധതികള്‍. മൂല്യം പെരുപ്പിച്ചു കാട്ടിയ ഓഹരികൾ പണയംവച്ച് ബാങ്ക് വായ്‌പകൾ എടുത്തു. അതിന് കേന്ദ്ര സർക്കാർ യഥേഷ്ടം സഹായം നല്‍കി. അഡാനി പവറിനെ പാപ്പർ നടപടികളിൽനിന്ന് രക്ഷിച്ചതും ഭരണകൂടമാണ്. ശ്രീലങ്കയിൽ അഡാനിക്ക് പദ്ധതി ലഭിക്കാൻ ഗോതബായ രജപക്സെയോട് നരേന്ദ്ര മോഡി ശുപാർശ ചെയ്‌തുവെന്നും റിപ്പോർട്ടുണ്ടായി. വിമാനത്താവളങ്ങളുടെ നടത്തിപ്പ് അഡാനിക്ക് നൽകാൻ ചട്ടങ്ങൾ പോലും മാറ്റി. കൽക്കരി ഇറക്കുമതിയിലെ ക്രമക്കേട് സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ അന്വേഷണവും ഇരുട്ടറയിലായി.
പുതിയ സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ സെബി എന്തു നിലപാടറിയിക്കും എന്നത് വളരെ പ്രധാനമാണ്. പ്രധാനമന്ത്രി മോഡി ഇക്കാര്യത്തില്‍ എന്തുപറയുമെന്നതും രാജ്യം ഉറ്റുനോക്കുകയാണ്. മോഡിയുടെ കാഴ്ചപ്പാടില്‍ രാജ്യത്തെ ചാമ്പ്യന്‍ ഇന്‍വെസ്റ്റര്‍മാരില്‍ ഒരാളാണ് ഗൗതം അഡാനി. രാജ്യം ആഗോള സാമ്പത്തിക ശക്തിയാകണമെങ്കില്‍ ഇത്തരം ആഗോള ഭീമന്മാര്‍ ഇവിടെ ഉണ്ടാകണമെന്നതാണ് മോഡിയുടെ വികസന കാഴ്ചപ്പാട്. സഹോദരതുല്യം വളര്‍ത്തുന്ന ഒരു ആഗോള ഭീമന്റെ വെട്ടിപ്പുകളെക്കുറിച്ച് വിശദീകരിക്കാനുള്ള ധാര്‍മ്മികബാധ്യത നരേന്ദ്രമോഡിക്കുണ്ട്. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് പാര്‍ലമെന്റിനകത്തോ പുറത്തോ വായതുറക്കാതിരുന്ന അദ്ദേഹം ഇനിയെന്ത് നിലപാടെടുക്കും എന്ന് കണ്ടറിയണം. സങ്കുചിതമായ രാഷ്ട്രീയ നിലപാടോടെ വിളിച്ചുചേര്‍ക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനം മോഡിയുടെ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉരകല്ലാകാനാണ് സാധ്യത. ഇന്ത്യ സഖ്യം അതിനുള്ള ശക്തിയാര്‍ജിച്ചുകഴിഞ്ഞിട്ടുണ്ടല്ലോ.