ആർജി കർ ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബംഗാൾ സെക്രട്ടറിയേറ്റിലേക്ക് വിദ്യാർത്ഥികൾ നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ആയിരകണക്കിന് സമരക്കാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. നിരവധി കേന്ദ്രങ്ങളിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ഇതിനെ തുടർന്ന് നിരവധി പൊലീസുകാർക്ക് പരിക്കേറ്റു.
മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഓഫിസ് വഴിയിലുള്ള ബാരിക്കേഡുകൾ പ്രതിഷേധക്കാർ തകർക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുമായി സംഘർഷമുണ്ടായി. വിദ്യാർത്ഥി സംഘടനയായ പശ്ചിമ ബംഗ ഛത്ര സമാജും സംഗ്രാമി ജൗത മഞ്ചയുമാണ് ‘നബന്ന അഭിജൻ’ സമരത്തിന് ആഹ്വാനം ചെയ്തത്. പൊലീസ് പ്രത്യേക രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശപ്രകാരം മാർച്ചിന് അനുമതി നിഷേധിച്ചിരുന്നു. സമരത്തിന് മുൻപായി നാല് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു.