Site iconSite icon Janayugom Online

നിയമം എല്ലാവർക്കും ഒന്ന്; അനിൽ അംബാനിക്കെതിരായ ബാങ്കുകളുടെ നടപടി തുടരാമെന്ന് ബോംബെ ഹൈക്കോടതി

റിലയൻസ് കമ്മ്യൂണിക്കേഷൻസ് മുൻ മേധാവി അനിൽ അംബാനിക്കെതിരായ നടപടികൾ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ചീഫ് ജസ്റ്റിസ് ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അങ്കാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ബാങ്ക് ഓഫ് ബറോഡ ഉൾപ്പെടെയുള്ള ബാങ്കുകൾ നൽകിയ അപ്പീൽ പരിഗണിച്ച് നിർണ്ണായക വിധി പുറപ്പെടുവിച്ചത്. സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് നിയമവിരുദ്ധവും തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു. റിസർവ് ബാങ്കിന്റെ 2024ലെ മാസ്റ്റർ ഡയറക്ഷൻസ് പ്രകാരം തട്ടിപ്പുകാരനായി പ്രഖ്യാപിക്കുന്നത് തടഞ്ഞ ജസ്റ്റിസ് മിലിന്ദ് ജാദവിന്റെ 2025 ഡിസംബറിലെ ഉത്തരവാണ് ഇപ്പോൾ റദ്ദാക്കപ്പെട്ടത്. ഫൊറൻസിക് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയ വ്യക്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ആളല്ല എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ച് അന്ന് അംബാനിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. എന്നാൽ ഈ റിപ്പോർട്ടിലെ കണ്ടെത്തലുകളെ അംബാനി ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും റിപ്പോർട്ട് തയ്യാറാക്കിയ ബി ഡി ഒ സെബി അംഗീകരിച്ച സ്ഥാപനമാണെന്നും ബാങ്കുകൾ കോടതിയിൽ വാദിച്ചു.

ബാങ്ക് വായ്പകൾ വകമാറ്റിയതും കടക്കാർ എന്ന വ്യാജേന വ്യാജരേഖകൾ ഉണ്ടാക്കിയതും ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് 2020‑ലെ ഫൊറൻസിക് റിപ്പോർട്ടിലുള്ളത്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിലനിന്നാൽ അത് ആർ.ബി.ഐയുടെ ചട്ടങ്ങളെ അപ്രസക്തമാക്കുമെന്നും തട്ടിപ്പുകാർക്ക് രക്ഷപ്പെടാൻ പഴുതൊരുക്കുമെന്നും ബാങ്കുകൾ വാദിച്ചു. ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചതിന് പിന്നാലെ ഈ ഉത്തരവ് നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന് അംബാനിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരസിച്ചു. ഒരു നിയമവിരുദ്ധ ഉത്തരവ് തുടർന്നുപോകാൻ അനുവദിക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഈ വിധി വരുന്നതോടെ അനിൽ അംബാനിയെ തട്ടിപ്പുകാരനായി പ്രഖ്യാപിക്കുന്നതിനും അദ്ദേഹത്തിനെതിരെ തുടർനടപടികൾ സ്വീകരിക്കുന്നതിനും ബാങ്കുകൾക്ക് മുന്നിലുള്ള നിയമതടസ്സങ്ങൾ നീങ്ങിയിരിക്കുകയാണ്.

Exit mobile version