Site iconSite icon Janayugom Online

കത്തിനുമുണ്ടൊരു കഥപറയാൻ; ഇന്ന് ലോക തപാൽ ദിനം

ത്തുകളും കൊണ്ട് ഓടുന്ന അഞ്ചൽക്കാരന്റെ ചിത്രം പഴമക്കാരുടെ മനസ്സിൽ മായാതെ ഉണ്ട് . മണികെട്ടിയ വടിയും കത്തുകൾ നിറച്ച തുകൽ സഞ്ചിയുമായി അഞ്ചൽകാരൻ എത്തുമ്പോൾ മണികിലുക്കം കേട്ട് ആളുകൾ വഴിമാറിക്കൊടുക്കും . പ്രിയപ്പെട്ടവരുടെ കത്തുകൾക്കായി പോസ്റ്റ്മാന്റെ വരവും കാത്തിരിക്കുന്ന ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളും പഴംകഥ . വിവര സാങ്കേതിക വിദ്യയുടെ വരവോടെ ലോകം വിരൽ തുമ്പിലായി . വാട്ട്സാപ്പും ഈ മെയിലും ഫേസ്ബുക്കുമെല്ലാം സജീവമായ കാലത്ത് പ്രതാപം മങ്ങിയ പോസ്റ്റൽ സംവിധാനം ഒരു കാലത്ത് നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ ശക്തമായ സ്വാധീനമാണ് ചിലത്തിയത് . ഇന്ന് കത്തുകൾ മൊബൈൽ ഫോണുകൾക്ക് വഴിമാറി . വിവര സാങ്കേതിക വിദ്യ ലോകത്ത് വരുത്തിയ മാറ്റങ്ങൾ ചെറുതല്ല . മനുഷ്യൻ അവന്റെ ഏറ്റവും പ്രിയപെട്ടവരോട് പോലും സംവദിക്കാൻ മാർഗമില്ലാത്തിരുന്ന കാലത്താണ് സാങ്കേതിക വിദ്യയിൽ അത്ഭുതപരമായ കുതിച്ച് ചാട്ടം ഉണ്ടായത് . ഇതോടെ ലോകത്തിൽ എവിടെ ഉള്ളവരോട് പോലും ആശയ വിനിമയം നടത്താൻ കഴിയുന്ന തരത്തിലേക്ക് സാങ്കേതിക വിദ്യ വളർന്നു . ഇതിന്റെ ഭാഗമായി തപാൽ മേഖലയും വിവിധ പടവുകൾ താണ്ടി . കൊറോണ വൈറസിന്റെ വ്യാപനം കൂടിയായപ്പോൾ ജീവിതക്രമത്തെ മാറ്റിമറിച്ച് ഡിജിറ്റലിസവും വൈറലായി . എങ്കിലും ലോകത്തെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാൽ സംവിധാനം . രാജ്യാന്തര തപാല്‍ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഇന്ന് ലോക തപാല്‍ ദിനമായി ആചരിക്കുന്നത്. 1874 ലാണ് ഇതിനു തുടക്കം കുറിച്ചത്.

ഇന്ത്യൻ തപാൽ നിയമം

ഇന്ത്യൻ തപാൽ നിയമം നിലവിൽ വന്നത് 1898 ൽ ആണ് . തപാൽ മുദ്രകൾ , കവറുകൾ , ഇൻലൻഡുകൾ തുടങ്ങിയവ അച്ചടിച്ച് വിതരണം ചെയ്യുന്നത് കേന്ദ്ര സർക്കാരാണ് . അവയുടെ മൂല്യം നിശ്ചയിക്കുന്നതും കേന്ദ്ര സർക്കാരാണ് . 1863 ൽ ലോക രാഷ്ട്രങ്ങൾക്കിടയിൽ തപാൽ ബന്ധം ക്രമീകരിക്കുന്നതിന് വേണ്ടി ആദ്യത്തെ അന്താരാഷ്ട സമ്മേളനം പാരീസിൽ ചേർന്നു . 1774 ൽ കൽക്കട്ടയിലാണ് ആദ്യമായി ഇന്ത്യൻ തപാൽ വകുപ്പ് ആദ്യമായി നിലവിൽ വന്നത് .

 

ആദ്യ തപാൽ വനിത ആനന്ദവല്ലി

കേരളത്തിലെ ആദ്യ തപാൽ വനിത മുഹമ്മ തോട്ടുമുഖത്തിൽ ആനന്ദവല്ലിയാണ് . 1967ലാണ് ജോലിക്ക് കയറിയത് . അന്ന് സ്ഥിരം ജീവനക്കാരിയല്ല .തപാൽ ഓഫിസിലെ പോസ്റ്റുമാന്റെ സഹായി . അദ്ദേഹം എത്തിച്ച് കൊടുക്കുന്ന തപാലുകൾ അതാത് പ്രദേശത്തെ വീടുകളിൽ എത്തിച്ച് കൊടുക്കുകയായിരുന്നു അന്നത്തെ ജോലി . ബി കോം പാസായ ആനന്ദവല്ലി ഈ ജോലിക്ക് പോകുന്നത് എന്തിന് എന്ന് ചോദിച്ച് നാട്ടുകാർ പിന്നാലെ കൂടിയപ്പോൾ സഹികെട്ട് രാജിവെച്ചു . മേലധികാരി ആ രാജി കത്ത് ചവറ്റുകുട്ടയിൽ എറിഞ്ഞ ശേഷം തപാൽ വിതരണ പരീക്ഷക്ക് ഇരിക്കാൻ നിർദേശം നൽകി . പരീക്ഷ പാസായ ആനന്ദവല്ലി കേരളത്തിലെ ആദ്യ തപാൽ വനിതയായി . അച്ഛൻ വാങ്ങി കൊടുത്ത സൈക്കിളിൽ ആയിരിന്നു യാത്ര . ജില്ലയിലെ വിവിധ പോസ്റ്റ് ഓഫിസുകളിൽ ക്ലർക്കായും പോസ്റ്റ് മിസ്‌ട്രസായും സേവനം അനുഷ്ഠിച്ച ശേഷം 1991 ൽ മുഹമ്മ പോസ്‌റ്റോഫീസിൽ നിന്ന് വിരമിച്ചു .

 

കേരളത്തിലെ ആദ്യ തപാൽ ഓഫിസ് ആലപ്പുഴയിൽ

കേരളത്തിലെ ആദ്യ തപാൽ ഓഫിസ് സ്ഥാപിച്ചത് ആലപ്പുഴയിൽ ആണ് . 1857ൽ ആണ് ഇത് സ്ഥാപിച്ചത് . എന്നാൽ അഞ്ചൽ സംവിധാനം നിലവിൽ വരുന്നതിന് എത്രയോ വർഷം മുൻപ് നാട്ടിൽ കത്തിടപാടുകൾ ആരംഭിച്ചിരുന്നു . 1848 വരെ രാജാക്കന്മാർ മാത്രമാണ് തപാൽ സംവിധാനം ഉപയോഗിച്ചിരുന്നത് . രാജ്യം സ്വാതന്ത്രമായതോടെ തിരുവിതാംകൂർ — കൊച്ചി അഞ്ചൽ ഇന്ത്യൻ തപാൽ വകുപ്പിൽ ലയിച്ചു .സ്വന്തമായി തപാൽ സംവിധാനം ആരംഭിച്ച ആദ്യ നാട്ടുരാജ്യം തിരുവിതാംകൂർ ആയിരിന്നു . കേരളത്തില്‍ പോസ്റ്റോഫിസിനെ നാലു വിഭാഗമാക്കി തിരിച്ചിട്ടുണ്ട്. 51 പോസ്റ്റോഫിസുകള്‍ അടങ്ങിയ ഹെഡ് പോസ്റ്റോഫിസുകള്‍, 1452 പോസ്റ്റോഫിസുകളടങ്ങിയ സബ് പോസ്റ്റോഫിസുകള്‍, 468 എണ്ണം കൂടിച്ചേര്‍ന്ന എക്സ്ട്രാ ഡിപ്പാർട്ടുമെന്റൽ സബ് പോസ്റ്റോഫിസുകള്‍, 3099 ഉള്‍പ്പെട്ട ബ്രാഞ്ച് ഓഫിസുകള്‍ എന്നിങ്ങനെയാണിത്. ഇന്ന് കേരളത്തില്‍ 4201 ഗ്രാമീണ പോസ്റ്റോഫിസുകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു പോസ്‌റ്റോഫീസിൽ പരിധിയില്‍ ഏതാണ്ട് 7.68 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം വരുന്നു. 6299 പേരാണ് ഒരു പോസ്റ്റോഫിസ് പരിധിയിലെ ജനസംഖ്യ.

തപാൽപെട്ടിക്കും ഓർമ്മകളേറെ

പോസ്റ്റ് ഓഫിസിന് മുന്നിൽ തൂക്കി ഇട്ടിരിക്കുന്ന ചുവന്ന നിറമുള്ള തപാൽ പെട്ടിക്കും ഓർമ്മകളേറെ . പതിനേഴാം നൂറ്റാണ്ടിൽ പാരിസിലാണ് തപാൽപെട്ടി ആരംഭിച്ചത് . പല രാജ്യങ്ങളിലും പല നിറത്തിലാണ് പെട്ടികൾ . ഇന്ത്യയടക്കമുള്ള മുന്‍ ബ്രിട്ടീഷ് കോളനികളിലും തപാല്‍പെട്ടികളുടെ നിറം ചുവപ്പുതന്നെയായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ട് പോയിട്ട് പതിറ്റാണ്ടുകൾ ആയിട്ടും ഇന്നും ആ രീതിതന്നെ തുടരുന്നു. ഇന്ത്യയില്‍ എല്ലായിടത്തും തപാലിന്റെയും തപാലുമായി ബന്ധപ്പെട്ട ഓഫിസുകളുടെയും ഔദ്യോഗിക നിറം ചുവപ്പുതന്നെയാണ്. മഞ്ഞ നിറത്തിലുള്ള തപാൽപെട്ടിയാണ് ഫ്രാന്‍സ്, ഓസ്ട്രിയ, ജര്‍മനി, ഗ്രീസ്, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിൽ . അമേരിക്കയില്‍ നീലനിറത്തിലുള്ള പെട്ടികള്‍ കാണാം. സൗദിഅറേബ്യയില്‍ മഞ്ഞയും നീലയും നിറത്തിലുളള പെട്ടികളാണ് ഉപയോഗിക്കുന്നത്. സൗദിയില്‍മാത്രം വിതരണം ചെയ്യാനുള്ളവക്ക് ഒരു നിറവും രാജ്യത്തിനു വെളിയിലേക്ക് പോകാനുള്ള കത്തുകളിടാന്‍ മറ്റൊരു നിറവുമാണ് ഉപയോഗിക്കുന്നത്. സിങ്കപ്പൂരില്‍ വെളുത്ത തപാൽ പെട്ടികള്‍ കാണാം.

കേരളവും തപാൽ സ്റ്റാമ്പും

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പ് പുറത്തിറങ്ങിയത് 1947 നവംബർ 21ന് ആയിരിന്നു . ദേശിയ പതാകയായിരിന്നു അതിലെ ചിത്രം . 1948 ൽ ഗാന്ധിജിയുടെയും 1964 ൽ ജവഹർലാൽ നെഹ്‌റുവിന്റെയും ചിത്രങ്ങളുള്ള സ്റ്റാമ്പ് പുറത്തിറങ്ങി . തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ മലയാളി ശ്രീനാരായണ ഗുരു ആയിരിന്നു . ഇന്ത്യൻ സ്റ്റാമ്പിൽ ആദ്യം പ്രത്യക്ഷപ്പെട്ട മലയാളി വനിത അൽഫോൻസമ്മയായിരിന്നു . മഹാകവി ഉള്ളൂർ എസ് പരമേശ്വര അയ്യരും ജ്ഞാനപീഠ ജേതാക്കളായ തകഴി ശിവശങ്കര പിള്ളയും എസ് കെ പൊറ്റക്കാടും ജി ശങ്കരകുറുപ്പും സംസ്ഥാന മൃഗമായ ആനയും പക്ഷിയായ മലമുഴക്കി വേഴാമ്പലും പുഷ്പ്പമായ കണിക്കൊന്നയുമെല്ലാം സ്റ്റാമ്പിന്റെ ഭാഗമായി .

കൃത്യത ഉറപ്പാക്കാൻ പിൻകോഡ്

തപാൽ സംവിധാനത്തിന്റെ കൃത്യതയും വേഗവും ഉറപ്പാക്കാനാണ് പോസ്റ്റൽ ഇൻഡക്സ് നമ്പർ (പിൻ ) ഉപയോഗിക്കുന്നത് . 1972ലാണ് ഇന്ത്യൻ തപാൽ വകുപ്പ് ഈ സംവിധാനം ഏർപ്പെടുത്തിയത് . ആറക്ക നമ്പറുകളാണ് ഇതിനുള്ളത് . ആദ്യത്തെ നമ്പർ സംസ്ഥാനത്തെയും രണ്ടും മൂന്നും നമ്പർ ഉപ മേഖലകളെയും സൂചിപ്പിക്കുന്നു . എല്ലാ പോസ്റ്റോഫീസുകൾക്കും ഒരു 6 അക്ക കോഡ് നമ്പർ ഉണ്ടാകും . രാജ്യത്ത് 9 പോസ്റ്റൽ മേഖലകളാണുള്ളത് . അതിൽ കേരളത്തിലും തമിഴ് നാട്ടിലുമാണ് 6 ൽ തുടങ്ങുന്ന പിൻകോഡ് ഉള്ളത് .

രാജ്യത്ത് ഒന്നര ലക്ഷത്തിലധികം പോസ്റ്റ് ഓഫിസുകൾ

കത്തെഴുതുന്ന നമ്മുടെ ശീലത്തിന് മാറ്റം വന്നെങ്കിലും പോസ്റ്റ് ഓഫിസുമായി മലയാളികൾക്കുള്ള ബന്ധം ഒഴിവാക്കാനാവില്ല . ചരിത്രാതീത കാലത്ത് തന്നെ തപാൽ സംവിധാനം ഉണ്ടായിരിന്നു എങ്കിലും പോസ്റ്റ് ഓഫിസ് ഉണ്ടായിരുന്നില്ല . ഇന്ത്യയിൽ പോസ്റ്റ് ഓഫിസ് ആരംഭിച്ചത് ബ്രീട്ടീഷ്കാരാണ് .1764 ൽ കൊൽക്കത്തയിലായിരിന്നു അത് . ഇന്ത്യക്കാർക്കവിടെ പ്രവേശനമുണ്ടായിരുന്നില്ല . ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ 23,344 പോസ്റ്റോഫീസുകളാണ് ഉണ്ടായിരുന്നത് . ഇന്നത് ഒന്നര ലക്ഷത്തിലധികമായി വർധിച്ചു .

അഞ്ചൽപെട്ടിക്ക് ചരിത്രമേറെ

തിരുവിതാംകൂര്‍ സര്‍ക്കാര്‍ ആരംഭിച്ചതാണ് അഞ്ചല്‍ സംവിധാനം. 1750 ന് ശേഷമാണ് ഇത് നടപ്പാക്കിയത് എന്ന് കരുതപ്പെടുന്നു. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ഭരണകാലത്ത് ഈ രീതിയെ പരിഷ്‌കരിച്ചു . ഇതിന്റെ നടത്തിപ്പുകാരനെ അഞ്ചലോട്ടക്കാരന്‍ എന്നാണ് വിളിച്ചിരുന്നത്. ആദ്യകാലത്ത് ഈ രീതി കൊട്ടാരാവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. നാട്ടുകാര്‍ക്കും കൂടി ഉപയോഗപ്രദമാകുന്ന തരത്തില്‍ കത്തുകള്‍ വിതരണം ചെയ്യാന്‍ അഞ്ചല്‍പെട്ടികള്‍ ഉപയോഗിച്ചു തുടങ്ങിയത് 1860കളിലാണ്. 1791ലാണ് കൊച്ചിയില്‍ അഞ്ചല്‍ സംവിധാനം നടപ്പാക്കിയത്. തിരുവിതാംകൂറിനെ അനുകരിച്ചായിരുന്നു ഇത്. കേണല്‍ ജോണ്‍ മണ്‍റോയാണ് തിരുവിതാംകൂറില്‍ അഞ്ചല്‍ സംവിധാനം നടപ്പാക്കിയത് എന്ന് പറയപ്പെടുന്നു. കൊട്ടാരസംബന്ധമായ കത്തിടപാടുകൾക്കും ക്ഷേത്രത്തിലേക്കാവശ്യമായ പുഷ്പങ്ങളും, പച്ചക്കറികളും, യഥാസമയം എത്തിക്കുന്നതിനും ദിവാന്റെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴിലാണ് ആദ്യകാലത്ത് അഞ്ചല്‍ സമ്പ്രദായം നടപ്പാക്കിയിരുന്നത് . കാസ്റ്റ് അയണിലാണ് അഞ്ചല്‍പെട്ടികള്‍ നിര്‍മ്മിക്കുന്നത്. ഈ പെട്ടികള്‍ക്ക് 6 മുഖങ്ങളാണുള്ളത്. ഏതാണ്ട് മൂന്നരയടി ഉയരവും 54 ഇഞ്ച് ചുറ്റളവും ഉണ്ട്.

ഇന്ത്യയിൽ  8 പോസ്റ്റല്‍ സോണുകൾ

47ഇന്ത്യയിൽ 8 പോസ്റ്റൽ സോണുകളാണുള്ളത് . ഇതിന്റെ ആദ്യ അക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പിൻകോഡുകൾ ആരംഭിക്കുന്നത് .

(നോര്‍ത്തേണ്‍) 1- ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ചണ്ഡിഗഢ്, ഹിമാചല്‍പ്രദേശ്, ജമ്മു കശ്മീര്‍.

(നോര്‍ത്തേണ്‍) 2‑ഉത്തര്‍ പ്രദേശ്, ഉത്തരഖണ്ഡ്.

(നോര്‍ത്തേണ്‍) 3- രാജസ്ഥാന്‍, ഗുജറാത്ത്, ദാമന്‍-ദിയു, ദാദ്ര‑നാഗര്‍ഹവേലി (കേന്ദ്ര ഭരണപ്രദേശങ്ങള്‍).

(വെസ്റ്റേണ്‍) 4- മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ്.

(സതേണ്‍) 5- ആന്ധ്രപ്രദേശ്, കര്‍ണാടക.

(സതേണ്‍) 6- കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ്, പോണ്ടിച്ചേരി.

(ഈസ്റ്റേണ്‍) 7- പശ്ചിമബംഗാള്‍, ഒഡിഷ, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര, ആന്റമാൻ നികോബാര്‍ ദ്വീപുകള്‍, അസം, സിക്കിം.

(ഈസ്റ്റേണ്‍) 8- ബിഹാര്‍. ഝാര്‍ഖണ്ഡ്

ഇവക്ക് പുറമെ 9 ആരംഭിക്കുന്നൊരു സോണ്‍കൂടിയുണ്ട്. ഇത് സൈന്യത്തിന്റെ തപാലുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. നാവിക‑വ്യോമ‑കര സേനകള്‍ക്കുള്ള എഴുത്തു കുത്തുകള്‍ ഒമ്പതില്‍ തുടങ്ങുന്നു. 9 തിൽ തുടങ്ങുന്ന മറ്റൊരു ശൃംഖലയാണ്.എഫ് ആർ ഒ (ഫീൽഡ് പോസ്റ്റ് ഓഫിസ് )

Exit mobile version