Site iconSite icon Janayugom Online

നിര്‍മ്മാണ മേഖല തകര്‍ന്നു; 5.4 ദശലക്ഷം തൊഴില്‍ നഷ്ടം

രാജ്യത്തെ അനൗപചാരിക നിര്‍മ്മാണ മേഖലയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ തൊഴില്‍ നഷ്ടമായത് 5.4 ദശലക്ഷം പേര്‍ക്ക്. രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ മേഖലയിലാണ് വ്യാപകമായ തോതില്‍ തൊഴിനഷ്ടം ഉണ്ടായിരിക്കുന്നതെന്ന് ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ (എന്‍എസ്ഒ) റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖല സംരഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ എണ്ണം 15 ശതമാനം കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

2015ല്‍ 36.04 ദശലക്ഷം തൊഴിലാളികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2022–23 ല്‍ 30.6 ശതമാനമായി ഇടിഞ്ഞു. ചെറുകിട നിര്‍മ്മാണ യുണിറ്റുകള്‍, ഏക ഉടമാ സ്ഥാപനം, പങ്കാളിത്ത വ്യവസായ സ്ഥാപനം അനൗപചാരിക മേഖല എന്നീ തൊഴില്‍ മേഖലകളിലാണ് തൊഴില്‍ശോഷണം വ്യാപകമായത്. ഇത്തരം സ്ഥാപനങ്ങള്‍ പ്രത്യേക നിയമ യൂണിറ്റുകളുമായി സംയോജിപ്പിക്കാതെയാണ് പ്രവര്‍ത്തിച്ച് വന്നിരുന്നത്. 

2015–16 ജൂണ്‍— ജൂലൈ മാസത്തെ കണക്കനുസരിച്ച് 23.05 ലക്ഷം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. 2022 ല്‍ ഇതിന്റെ നിരക്ക് 22.5 ആയി ഇടിഞ്ഞതായി എന്‍എസ്ഒ ചൂണ്ടിക്കാട്ടുന്നു. അണ്‍ ഇന്‍കോര്‍പ്പറേറ്റഡ് സെക്ടര്‍ എന്റര്‍പ്രൈസസ് വാര്‍ഷിക സര്‍വേ (എഎസ് യുഎസ് ഇ) റിപ്പോര്‍ട്ട് അനുസരിച്ച് 2015–16 ഉണ്ടായിരുന്ന സ്ഥാപനങ്ങളില്‍ 9.3 ശതമാനം അപ്രത്യക്ഷമായി. ഇതിന്റെ ഫലമായാണ് മേഖലയില്‍ തൊഴില്‍നഷ്ടം സംഭവിച്ചത്. 2015–16ലെ ഉല്പാദന മേഖലയിലെ 19.7 ലക്ഷം യൂണിറ്റുകള്‍ 2022–23ല്‍ 17.82 ആയി കുറഞ്ഞു. അസംസ്കൃത വസ്തുക്കളുടെ ക്ഷാമം, വൈദ്യുതി തട‌സ്സം, ഉല്പന്ന വൈവിധ്യത്തിന്റെ അപര്യാപ്തത, വിപണിയിലെ കടുത്ത മത്സരം എന്നിവയാണ് അനൗപചാരിക നിര്‍മ്മാണ മേഖലയുടെ തകര്‍ച്ചയ്ക്ക് ആക്കം വര്‍ധിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Summary:The man­u­fac­tur­ing sec­tor col­lapsed; 5.4 mil­lion job losses

You may also like this video

Exit mobile version