Site iconSite icon Janayugom Online

പൊന്നിൻ നിറമുള്ളവൾ പൊന്നമ്മയായി

ജനിച്ചുവീണപ്പോൾ സാധാരണ കുട്ടികളിൽ നിന്നും വ്യത്യസ്തമായി തങ്കത്തേക്കാൾ നിറമായിരുന്ന കുട്ടിക്ക് എന്ത് പേരിടണമെന്ന് കുട്ടിയുടെ അമ്മയ്ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. പല പേരുകളും വീട്ടിൽ പലരും പറഞ്ഞെങ്കിലും പൊന്നിന്റെ നിറമുള്ള മകൾക്ക് പൊന്നമ്മ എന്ന പേര് മതി എന്നായിരുന്നു അമ്മ ഗൗരിയുടെ ആഗ്രഹം.
ഭർത്താവ് ടി പി ദാമോദരനും എതിരഭിപ്രായമില്ലായിരുന്നു. അങ്ങിനെയാണ് പൊന്നമ്മ എന്ന പേര് മലയാള സിനിമയുടെ പ്രീയപ്പെട്ട അമ്മയായ കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചത്. ചെറുപ്പത്തിലേ സംഗീതത്തോട് ഏറെ താല്പര്യം പ്രകടിപ്പിച്ച കുഞ്ഞു മനസ് തിരിച്ചറിഞ്ഞ പൊന്നമ്മയുടെ അച്ചൻ ദാമോദരൻ ഒരു സംഗീതജ്ഞാനി കൂടിയായതിനാൽ മകളുടെ ആവശ്യപ്രകാരം അഞ്ചാം വയസിൽ വീണ വാങ്ങി നൽകുകയും സംഗീതം അഭ്യസിക്കാൻ ചേർക്കുകയും ചെയ്തു. പൊൻകുന്നത്ത് താമസിച്ചിരുന്ന ഇവർ മകൾക്ക് സംഗീതം കൂടുതൽ പഠിക്കാനുള്ള സൗകര്യത്തിനായി പിന്നെ ചങ്ങനാശേരിയിലേക്ക് താമസം മാറുകയുമുണ്ടായി. വിവിധ ഇടങ്ങളിൽ സംഗീതം പഠിച്ച ശേഷം പതിനൊന്നാം വയസിൽ കവിയൂർ എൻഎസ്എസ് സ്കൂൾ മൈതാനത്ത് തിങ്ങിനിറഞ്ഞ സദസ് മുമ്പാകെ അരങ്ങേറ്റം നടത്തി. യാതൊരു സഭാകമ്പവുമില്ലാതെ കുറഞ്ഞ കാലംകൊണ്ട് സ്വായത്തമാക്കിയ സംഗീതത്തിന്റെ അരങ്ങേറ്റം പൊന്നമ്മയിലെ പ്രതിഭ തെളിയിക്കുന്നതായിരുന്നു. അരങ്ങേറ്റത്തിന് സാക്ഷിയായവർ അഭിനന്ദനങ്ങളും ആശംസകളും കൊണ്ട് വീർപ്പുമുട്ടിച്ചു. 

ആ ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികളിൽ ഒരാളാണ്‌ പ്രശസ്തയായ ഗായിക കവിയൂർ രേവമ്മയെപോലെ ഇനി മുതൽ പൊന്നമ്മയും ഈ നാടിന്റെ പേരുചേർത്ത് കവിയൂർ പൊന്നമ്മ എന്ന പേരിൽ അറിയപ്പെടണമെന്ന് അഭിപ്രായപ്പെട്ടത്. 

കൊച്ചു കുട്ടിയാണെങ്കിലും ആ അഭിപ്രായം മനസിൽ വലിയ മതിപ്പ് സൃഷ്ടിച്ചുവെന്നും പിന്നീട് കവിയൂർ പൊന്നമ്മ എന്ന് തന്നെയാണ് പേര് ഉപയോഗിച്ചതെന്നും കവിയൂർ പൊന്നമ്മ വെളിപ്പെടുത്തിയിട്ടുണ്ട്. നാടകത്തിൽ നിന്നും സിനിമയിൽ എത്തിയപ്പോൾ പേര് മാറ്റുന്നതിനെക്കുറിച്ച് അഭിപ്രായമുയർന്നു.
ആറന്മുള പൊന്നമ്മ എന്ന നടി ഉള്ളതുകൊണ്ടും പേര് കേട്ടാൽ പ്രായം തോന്നും എന്നൊക്കെ പറഞ്ഞാണ് സംവിധായകൻ പേര് മാറ്റാമെന്ന് നിർദേശിച്ചത്. പക്ഷെ ഒരു നിമിഷം പോലും സമയമെടുക്കാതെ താൻ പേര് മാറ്റാനില്ലെന്ന് ദൃഢനിശ്ചയത്തോടെ പ്രതികരിച്ച കലാകാരിയുമാണ് കവിയൂർ പൊന്നമ്മ.

Exit mobile version