Site iconSite icon Janayugom Online

യോഗ‑മൂല്യാധിഷ്ഠിത സമൂഹത്തിന്റെ പ്രായോഗിക ശാസ്‌ത്രം

ലോക മഹായുദ്ധകാലത്ത്‌ ഫാസിസ്റ്റുകളായ ഹിറ്റ്‌ലറും മുസോളിനിയും ഫാസിസ്റ്റ്‌ അഴിഞ്ഞാട്ടങ്ങള്‍ നടത്തുന്നതിന്‌ വേണ്ടി തങ്ങളുടെ സൈന്യങ്ങളില്‍ അച്ചടക്കം ഉണ്ടാക്കുന്നതിനും യോഗാഭ്യാസത്തെ ദുരുപയോഗം ചെയ്തിരുന്നു. അതിരുകടന്ന ദേശ സ്‌നേഹം ജന മനസുകളിലാകെ കുത്തിവയ്ക്കുന്നതിന്‌ ജര്‍മ്മനിയിലും ഇറ്റലിയിലും ആവിഷ്കരിച്ച ഫാസിസ്റ്റ്‌ ലക്ഷണങ്ങളാണ്‌ ഇന്ത്യയിലും ഈ അടുത്തകാലത്തായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്‌. ചരിത്രത്തിലെ ഏറ്റവും വലിയ പിശകുകളാണ്‌ ഫാസിസമെന്ന്‌ പില്‍ക്കാലത്ത്‌ ജര്‍മ്മനിക്കും ഇറ്റലിക്കും ബോധ്യമാവുകയുണ്ടായി.
ഏതെങ്കിലും മതങ്ങളുടെ വേലിക്കെട്ടുകളില്‍ തളച്ചിടേണ്ട ഒന്നാണ്‌ യോഗശാസ്‌ത്ര രീതികള്‍ എന്ന്‌ യോഗ സംഹിതകളോ പണ്ഡിതന്മാരോ അവകാശപ്പെടുന്നില്ല. സര്‍വ മതങ്ങളുടെയും മീതെയുള്ള മനുഷ്യമതമായാണ്‌ യോഗയെ രൂപകല്പനം ചെയ്തത്‌. മനുഷ്യ മനസുകളെ പാര്‍ശ്വവല്ക്കരിക്കുന്ന സ്വത്വബോധങ്ങള്‍ക്ക്‌ എത്രയോ കാലം മുമ്പെ ഉടലെടുത്തതാണ്‌ യോഗാരീതികള്‍. ദുരാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും തടവറകളില്‍നിന്നും യോഗയെ സ്വതന്ത്രമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ സമൂഹത്തിന്റെ ശുഭസൂചകങ്ങളാണ്‌.
മനുഷ്യ സ്‌നേഹമെന്ന ആശയ പന്ഥാവിലേക്ക്‌ യോഗയെ വളര്‍ത്തിയെടുക്കാന്‍ ജനകീയ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരേണ്ടിയിരിക്കുന്നു. സൗദി അറേബ്യയില്‍ യോഗ ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി ജനങ്ങള്‍ നടത്തിയ പോരാട്ടം വിജയം കണ്ടെത്തിയത്‌ യോഗാ പ്രസ്ഥാനത്തെ കൂടുതല്‍ വളര്‍ത്തി വലുതാക്കിയിരിക്കയാണ്‌. വിവിധ രാജ്യങ്ങളിലെ ജനവിഭാഗങ്ങള്‍ ജാതി-മത‑ഭാഷ‑ലിംഗ‑വര്‍ണ വ്യത്യാസമന്യേ തങ്ങളുടെ മാനസിക ശാരീരിക ആരോഗ്യ പൂര്‍ണതക്കുവേണ്ടി സ്വീകരിച്ചുവരുന്ന ഏക അഭ്യാസ രീതിയാണ്‌ യോഗശാസ്‌ത്രമെന്ന്‌ ഇതിനകം തെളിയിക്കപ്പെട്ടിരിക്കുന്നു.
അരാജകത്വ രഹിത സാമൂഹ്യ സൃഷ്‌ടിക്കുതകുന്ന പ്രായോഗിക ശരീര‑മനശാസ്‌ത്ര സമീപനം യോഗയിലുണ്ട്‌. അതുകൊണ്ടാണ്‌ മനശാസ്‌ത്ര മേഖലയിലും, വിദ്യാഭ്യാസ മേഖലയിലും യോഗയെ വിപുലമായി ഉപയോഗപ്പെടുത്തുന്നത്‌. ഐക്യം എന്ന ആശയമാണ്‌ യോഗശാസ്‌ത്രം മുന്നോട്ടു വയ്ക്കുന്നത്‌. ഇളം തലമുറയെ ബാധിക്കുന്ന അരാജകത്വ വിധ്വംസക പ്രവര്‍ത്തനങ്ങളെ പിഴുതെറിയാനുള്ള കരുത്ത്‌ സമൂഹം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. യോഗ ശാസ്‌ത്രം ഉയര്‍ത്തിപ്പിടിക്കുന്ന അരാജകത്വ വിരുദ്ധ ആശയങ്ങള്‍ക്ക്‌ കരുത്തു പകരുന്നതിന്‌ പൊതു സാമൂഹ്യ പ്രസ്ഥാനങ്ങള്‍ക്ക്‌ സാധിക്കേണ്ടതുണ്ട്‌. യുനസ്‌കോ ലക്ഷ്യമിടുന്ന ജനകീയ ആരോഗ്യ വിദ്യാഭ്യാസ പദ്ധതി ഇത്തരം യോഗാ സമ്പ്രദായങ്ങളാണ്‌. ലോകത്തിന്റെ സാംസ്കാരിക പൈതൃകാസ്ഥാനമായി ഇന്ത്യയെ തിരഞ്ഞെടുത്തത്‌ അഭിമാനകരമാണ്‌. യോഗ ഒരു ക്ലാസിക്‌ ദര്‍ശനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
അഹങ്കാരത്തെ അകറ്റി മനസിനെയും ബുദ്ധിയെയും ഒന്നായി ചേര്‍ക്കുന്ന അവസ്ഥയാണ്‌ യോഗ ഉയര്‍ത്തിപ്പിടിക്കുന്നത്‌. സമാധാനവും സമ്പൂര്‍ണ സ്വാസ്ഥ്യവുമാണ്‌ യോഗയുടെ ലക്ഷ്യം. സമചിത്തതാ ഭാവമാണ്‌ യോഗയുടെ ലക്ഷണം. സന്തോഷം കൊണ്ട്‌ ഉന്മത്തനാകുകയോ ദുഃഖംകൊണ്ട്‌ വിഷാദ കലുഷിതമാകുകയോ ചെയ്യാത്ത അവസ്ഥയാണിത്‌. ശരീരത്തെയും മനസിനെയും സുശക്തമാക്കുന്നതിനും പലവിധത്തിലുള്ള ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങളില്‍നിന്ന്‌ രക്ഷപ്പെടുന്നതിനും രൂപം കൊടുത്ത രീതിശാസ്‌ത്രമാണ്‌ ഋഷി സ്വാത്മാരാമന്റെ ഹഠയോഗ പ്രദീപിക എന്ന മൂല ഗ്രന്ഥം. മനുഷ്യനെ അവന്റെ ജീവിതത്തില്‍ ചില നിയന്ത്രണങ്ങള്‍ ശീലിക്കാന്‍ പ്രേരിപ്പിക്കുകയും അതുവഴി ശരീരത്തെയും മനസിനെയും അഭ്യുന്നതിയിലേക്ക്‌ നയിക്കുന്നതിനും വേണ്ടിയാണ്‌ യോഗശാസ്ത്ര പിതാവായ പതഞ്‌ജലി അഷ്‌ടാംഗയോഗ എന്ന ഗ്രന്ഥം രചിച്ചത്‌. പ്രകൃതിയോടും പ്രകൃതിയിലെ ജീവജാലങ്ങളോടും ഇണങ്ങുന്ന ദര്‍ശനങ്ങളാണ്‌ പതഞ്‌ജലി മഹര്‍ഷി സമൂഹത്തിന്‌ മുന്നില്‍ തുറന്ന്‌ കാട്ടിയത്‌. മനുഷ്യ മനസിനകത്തും ശരീരത്തിനകത്തും ആന്തരിക സൗന്ദര്യവല്ക്കരണം നടത്തിയ ശില്‌പിയാണ്‌ പതഞ്ജലി. സോഷ്യല്‍ എന്‍ജിനീയറിങ് എന്ന ആധുനിക കാഴ്ചപ്പാടിന്റെ ആദ്യ രൂപമാണ്‌ യോഗ എന്ന്‌ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്‌. മനുഷ്യന്‍ മനുഷ്യനോടും പ്രകൃതിയോടും കാണിക്കുന്ന ചൂഷണം മനുഷ്യരാശിയുടെ നിലനില്പിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിന്‌ ആവിഷ്കരിച്ച ചിന്താ പദ്ധതിയാണ്‌ അഷ്‌ടാംഗയോഗ. യമം, നിയമം, ആസനം, പ്രാണായാമം പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണിവ. ഇതില്‍ യമം, നിയമം, ആസനം, പ്രാണായാമം എന്നിവ ബാഹ്യ ലോകവുമായി ഇണങ്ങി ജീവിക്കുന്നതിന്‌ മനുഷ്യനെ പ്രേരിപ്പിക്കുന്ന ബഹിരംഗ യോഗയാണ്‌. തന്റെ ഉള്ളിലുള്ള കഴിവുകള്‍ കണ്ടെത്താനും സ്വയം വികസിക്കുവാനും സഹായിക്കുന്ന അന്തരംഗ യോഗയാണ്‌ പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവ. തെറ്റില്‍നിന്ന്‌ ശരിയിലേക്ക്‌ മനുഷ്യനെ നയിക്കാനും ഹിംസാത്മകവും മോഷണാത്മകവുമായ ചിന്തകളെ അകറ്റി ക്ഷമയോടും അനുകമ്പയോടും സഹജീവികളോട്‌ പെരുമാറാന്‍ പ്രേരിപ്പിക്കുന്നതാണ്‌ യമദര്‍ശനങ്ങള്‍. കഠിനാധ്വാനത്തിലൂടെ ജീവിത വിജയം കണ്ടെത്തി സന്തോഷപ്രദമായ ജീവിതം നയിക്കുവാന്‍ കല്‌പിക്കുന്നതാണ്‌ നിയമ ദര്‍ശനം. സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളില്‍ ശരീരാഭ്യാസംകൊണ്ട്‌ മനസിനെ കീഴടക്കുന്ന രീതിയാണ്‌ യോഗാസനങ്ങള്‍. “ശരീരമാദ്യം ഖലു ധര്‍മ്മസാധന” എന്നാണാചാര്യ വചനം. മനസിനെ മനസുകൊണ്ട്‌ കീഴടക്കാന്‍ പ്രയാസമാണെന്നും അഭ്യാസം കൊണ്ടും വൈരാഗ്യംകൊണ്ടും കീഴടക്കാമെന്നും ശാന്തമാക്കാമെന്നുമുള്ള കണ്ടെത്തലാണിത്‌. യോഗാഭ്യാസംകൊണ്ട്‌ അച്ചടക്കബോധവും ധാര്‍മ്മിക ബോധവും ഉള്‍ത്തിരിയുന്നവര്‍ക്ക്‌ സമൂഹത്തില്‍നിന്ന്‌ വഴിതെറ്റിപോകുന്ന തലമുറയെ രക്ഷിച്ചെടുക്കാന്‍ സാധിക്കും.
ശരീരത്തിലെ മര്‍മ്മപ്രധാനങ്ങളായ ഭാഗങ്ങളെ ഉത്തേജിപ്പിച്ച്‌ അവയെ പ്രവര്‍ത്തന ക്ഷമമാക്കി നിര്‍ത്തുന്നതിനും ദൃഢീകരിക്കുന്നതിനും ആസനങ്ങളുപകരിക്കുന്നു. ആസനാഭ്യാസങ്ങള്‍കൊണ്ട്‌ മാറാത്ത രോഗങ്ങളില്ല എന്നാണ്‌ ഹഠയോഗ പ്രദീപിക വെളിപ്പെടുത്തുന്നത്‌. മനുഷ്യശക്തി പാഴാക്കാതെ ശരീര അന്തര്‍ഭാഗത്തുള്ള എല്ലാ അവയവങ്ങളെയും ഇന്ദ്രിയങ്ങളെയും നാഡിവ്യൂഹങ്ങളെയും പോഷക രക്തവും വ്യായാമവും നല്‍കി അവയുടെ ക്രമീകൃത പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കാനും ചുരുങ്ങിയ സമയംകൊണ്ട്‌ ചെയ്യാവുന്ന രീതികളാണ്‌ യോഗശാസ്‌ത്രം അവലംബിക്കുന്നത്‌. ശരീരത്തിന്റെ ലഘുത്വവും പ്രവര്‍ത്തി ചെയ്യുവാനുള്ള ശേഷിയും സാമര്‍ത്ഥ്യവും ദുര്‍മ്മേദസില്‍നിന്നുള്ള സ്വാതന്ത്യ്രവും സ്വായത്തമാക്കാന്‍ കഴിയുമെന്ന്‌ പ്രായോഗക അനുഭവങ്ങളിലൂടെ ജനങ്ങള്‍ക്ക്‌ ബോധ്യമായിക്കൊണ്ടിരിക്കുകയാണ്‌. ഇതര വ്യായാമങ്ങളില്‍നിന്നും വ്യത്യസ്തമായി കുറഞ്ഞ കലോറി വ്യയം ചെയ്ത് ഉയര്‍ന്ന ഓക്‌സിജ ശേഖരണം നടത്തുകവഴി കൂടുതല്‍ ഊര്‍ജ സംഭരണത്തിന്‌ ഉതകുന്നവയാണിവ. ഇത്തരം മൂല്യാധിഷ്ഠിത യോഗാ വ്യായാമ രീതികള്‍ യോഗയുടെ അന്തര്‍ദേശീയ വിനിമയ നിരക്ക്‌ കൂട്ടുകയും രാജ്യാന്തരങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ സുഖപ്രദമായ നിലനില്പിന്‌ ചില വ്യവസ്ഥകളുടെയും (അവയവങ്ങളുടെ) ഗ്രന്ഥികളുടെയും പ്രവര്‍ത്തനവും പരസ്‌പര സഹകരണവും ആവശ്യമാണെന്നിരിക്കെ അത്തരം അവയവങ്ങളുടെയും ഗ്രന്ഥികളുടെയും പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിച്ച്‌ സമ്പൂര്‍ണ ആരോഗ്യത്തിലേക്ക്‌ മനസിനെയും ശരീരത്തെയും നയിക്കുന്നതിന്‌ യോഗ സഹായിക്കുന്നു. ചില പ്രധാന ആസനങ്ങള്‍ വഴി ശരീരത്തിലെ പ്രധാന ഗ്രന്ഥിയായ അമൃത ഗ്രന്ഥിയെ പ്രവര്‍ത്തന ക്ഷമമാക്കാനും അവ പുറപ്പെടുവിക്കുന്ന നിര്‍ണായകമായ ഹോര്‍മ്മോണുകളെ സമീകരിക്കുവാനും തദ്വാരാ മറ്റെല്ലാ ഹോര്‍മോണുകളെയും സമതുലിതമാക്കുവാനും കഴിയുമെന്ന്‌ ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്‌. അമേരിക്കയിലെ ലോക പ്രശസ്‌ത ഡോക്‌ടറായ തിമോത്തി മെക്കാള്‍ തന്റെ ക്ലിനിക്കില്‍ മരുന്നിന്‌ പകരം യോഗ ചികിത്സയാണ്‌ ആദ്യമായി രോഗികള്‍ക്ക്‌ നല്‍കുന്നത്‌. ശ്വസന വ്യവസ്ഥയും രക്ത ചംക്രമമ വ്യവസ്ഥയും തമ്മിലുള്ള ആരോഗ്യധൃഢമായ ബന്ധം നാഢീ വ്യവസ്ഥയും മനസുംതമ്മിലുള്ള ഐക്യത്തിലേക്ക്‌ നയിക്കുമെന്നും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്‌.
“പ്രകര്‍ഷേണ അനീതി ഇതിപ്രാണ” എന്നാണ്‌ പ്രാണായാമത്തെക്കുറിച്ചുള്ള ആചാര്യ വചനം. ശരീരത്തിലെ കഫവും പിത്തവും ധാതുക്കളും മാലിന്യങ്ങളുമെല്ലാം സ്വന്തം നിലത്ത്‌ ചലനമറ്റവയാണെന്നും കാറ്റത്ത്‌ മേഘമെന്നതുപോലെ ഇവ വായുവിനാല്‍ ചലിക്കപ്പെടുമെന്നുമാണ്‌ പ്രസ്ഥാവം. വായു സ്വന്തം നിലക്ക്‌ പ്രവര്‍ത്തിക്കുകയും മറ്റുള്ളവയെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക. ശരീരത്തില്‍ വായു ഉണ്ടെങ്കിലേ ജീവന്‍ നിലനില്‍ക്കുകയുള്ളൂ. ശ്വാസത്തിന്റെ തിരോധാനമാണ്‌ മരണം. ആയതിനാല്‍ വായുവിനെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന പ്രാണവായുവിന്റെ ശക്തികൊണ്ട്‌ കഴുത്തിലെ ഉദാന വായുവിനെയും നാഭിയിലെ സമാന വായുവിനെയും ഗുദത്തിലെ അപാന വായുവിനെയും ശരീരമാകെ സ്ഥിതിചെയ്യുന്ന വ്യാന വായുവിനെയും നിയന്ത്രിക്കാന്‍ കഴിവുള്ളതാണെന്ന്‌ ആയുര്‍വേദ ശാസ്‌ത്രത്തില്‍ പ്രതിപാദിക്കുന്നു. ഇതിന്‌ പുറമെ ഉപ വായുക്കളായ കൂര്‍മ്മവായു കണ്ണുകള്‍ അടക്കുന്നതിനും കൃകര വായു തുമ്മല്‍ ഉണ്ടാക്കുന്നതിനും നാഗ വായു ഏമ്പക്കം ഇടുന്നതിനും ദേവദത്ത വായു കോട്ടുവായു ഇടുന്നതിനും സഹായിക്കുന്നവയാണ്‌. ഇത്തരം വായുക്കളെക്കുറിച്ച്‌ വിശദീകരിക്കുന്ന ആയുര്‍വേദത്തിലെ പ്രതിപാദ്യ വിഷയങ്ങളിലൊന്നാണ്‌ യോഗ ശാസ്‌ത്രം. ആയുര്‍വേദ ചികിത്സകന്‍ ഒരു യോഗിയായിരിക്കണമെന്ന്‌ ചരകാചാര്യന്‍ തന്റെ ചരക സംഹിതയില്‍ വിശദീകരിക്കുന്നുണ്ട്‌.
ആഗ്രഹം വികാരം വിചാരം ഇവയില്‍നിന്ന്‌ മനസിനെ പിന്തിരിപ്പിച്ച്‌ നിര്‍ത്തുന്ന പ്രത്യാഹാര ദര്‍ശനങ്ങള്‍ സര്‍വേന്ദ്രീയ നിയന്ത്രമ രീതിയാണ്‌. ഏതെങ്കിലും വസ്‌തുവിലോ ബിന്ദുവിലോ മനസിനെ കേന്ദ്രീകരിച്ച്‌ നിലകൊള്ളുന്ന അവസ്ഥയാണ്‌ ധാരണ. വിഷയവും മനസും ഒന്നായിത്തീരുന്ന ലയനമാണ്‌ ധ്യാനം. ഇത്തരം ലയനത്തെ തുടര്‍ന്ന്‌ ലഭിക്കുന്ന ആത്യന്തിക മാനസിക സന്തുലിതാവസ്ഥയാണ്‌ സമാധി. ശരീരത്തിന്റെ പൂര്‍ണ ആരോഗ്യത്തില്‍നിന്ന്‌ ഉരുത്തിരിയുന്ന മാനസിക ശാരീരിക സന്തുലിതാവസ്ഥയാണ്‌ പൂര്‍ണ വ്യക്തിത്വ വികാസം.

 

Exit mobile version