ടെലിവിഷനും സമൂഹമാധ്യമങ്ങളും മനുഷ്യരുടെ സങ്കല്പത്തിൽ പോലും ഇല്ലാതിരുന്ന കാലം. മാനസികോല്ലാസത്തിന് ആകെയൊരു ആശ്രയം റേഡിയോ മാത്രം. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ട് നിന്നും ആകാശവാണി പ്രക്ഷേപണം ആരംഭിച്ചെങ്കിലും പരിപാടികളുടെ വ്യത്യസ്തതകൊണ്ട് ലോകമെമ്പാടുമുള്ള മലയാളികൾ ഏറെ കാതോർത്തത് വൈകുന്നേരങ്ങളിൽ അരമണിക്കൂർ മാത്രമുള്ള സിലോൺ റേഡിയോ പ്രക്ഷേപണത്തിനായിരുന്നു. സിലോൺ റേഡിയോയുടെ ഏഷ്യാ സർവീസ് പ്രക്ഷേപണം ഏഷ്യയും കടന്ന് ലോകമെമ്പാടും എത്തിയ നാളുകൾ. ഗൃഹാതുര സ്മരണകളോടെ അതിർത്തിയിൽ കഴിയുന്ന സൈനികരും യുഎസിലും ജപ്പാനിലുമടക്കം വിദേശങ്ങളിൽ കഴിയുന്ന മലയാളികളും അന്ന് കേൾക്കാൻ തപസിരുന്ന ശബ്ദത്തിനുടമയായിരുന്നു ഇന്ന് കോയമ്പത്തൂരിൽ വിടപറഞ്ഞ സരോജിനി ശിവലിംഗം. യേശുദാസിന്റെയും ജയചന്ദ്രന്റെയും ബ്രഹ്മാനന്ദന്റെയും മാധുരിയുടെയും പി സുശീലയുടെയും ശബ്ദത്തിനൊപ്പം ശ്രോതാക്കളെ കൂടെ നിർത്തിയ മാന്ത്രിക ശബ്ദത്തിലായിരുന്നു സിലോൺ റേഡിയോയിലൂടെ സരോജിനി ശിവലിംഗം പരിപാടികൾ അവതരിപ്പിച്ചിരുന്നത്. മലയാളത്തിലെ ആദ്യ റേഡിയോ ജോക്കി എന്ന വിശേഷണവും അവർക്ക് സ്വന്തം.
ബ്രിട്ടീഷ് കോളനിയായിരുന്ന ശ്രീലങ്കയിൽ ഏഷ്യയിലെ ആദ്യത്തെ റേഡിയോ നിലയം 1925 ൽ സ്ഥാപിതമായതുപോലെ വിസ്മയാവഹമാണ് സരോജിനി ശിവലിംഗത്തിന്റെ കൊളംബോ ജീവിതവും. പാലക്കാട് ജില്ലയിലെ കൊടുവായൂരിന് സമീപമുള്ള ഏത്തന്നൂർ എന്ന ചെറുഗ്രാമത്തിലാണ് സരോജിനി വളർന്നത്. അച്ഛൻ പൂനാത്ത് ദാമോദരൻനായർ. അമ്മ വിശാലാക്ഷി അമ്മ. ശ്രീലങ്കക്കാരനായ ആർ ആർ ശിവലിംഗത്തെ വിവാഹം ചെയ്തതോടെയാണ് സരോജിനിയുടെ പേരിനൊപ്പം ശിവലിംഗം കൂടിചേർന്നത്. അച്ഛൻ ഡിഫൻസ് സർവീസിൽ ആയിരുന്നതിനാൽ കുട്ടിക്കാലം ഉത്തരേന്ത്യൻ ഗ്രാമങ്ങളിലായിരുന്നു. ജനിച്ചത് മീററ്റിൽ. പ്രാഥമിക വിദ്യാഭ്യാസം കൊൽക്കത്തയിൽ. സ്കൂൾ ഫൈനൽ എത്തിയപ്പോൾ പാലക്കാടെത്തി. കോളജ് വിദ്യാഭ്യാസം കോയമ്പത്തൂരിലും ചെന്നെയിലും. മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിഎ ഓണേഴ്സിന് പഠിക്കുമ്പോഴാണ് ആർ ആർ ശിവലിംഗത്തെ പരിചയപ്പെടുന്നത്.
സിലോണിൽ നിന്ന് സ്കോളർഷിപ്പോടെ ഇന്ത്യയിൽ പഠിക്കാൻ എത്തിയതായിരുന്നു ശിവലിംഗം. സൗഹൃദം പതിയെ പ്രണയമായി വളർന്നു. വീട്ടുകാർ ആദ്യം എതിർത്തെങ്കിലും സരോജിനിയുടെ വാശി വിജയിച്ചു. വിവാഹശേഷം ശ്രീലങ്കയിലെത്തിയ സരോജിനി തമിഴും സിംഹളഭാഷയുമെല്ലാം പെട്ടെന്ന് പഠിച്ചു. ശ്രീലങ്കയിലെ ഹാറ്റൺ നഗരത്തിലെ ഒരു പ്രശസ്ത വിദ്യാലയത്തിലെ പ്രിൻസിപ്പൽ ആയിരുന്നു അന്ന് ശിവലിംഗം. പിന്നീടദ്ദേഹം കൊളംബോയിലെ തിരക്കുള്ള അഭിഭാഷകനായി മാറി. മുൻ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെ ഉൾപ്പെടെയുള്ള പ്രമുഖരുമായി അടുത്ത ബന്ധവുമുണ്ടായിരുന്നു.
സിലോൺ റേഡിയോയുടെ മലയാളം സർവീസിൽ അന്ന് ആകെയുണ്ടായിരുന്നത് തൃശൂർ കാക്കശേരി സ്വദേശിയായ കരുണാകരൻ മാത്രമായിരുന്നു. പുതിയൊരാളെ അവർ തേടുന്ന സമയം. സരോജിനിയും അപേക്ഷിച്ചു. നിയമനവും കിട്ടി. 1971 ഡിസംബറിലായിരുന്നു അത്. നെഹ്രു മന്ത്രിസഭയുടെ ഒരു ഘട്ടത്തിൽ ചലച്ചിത്ര ഗാനങ്ങൾക്ക് ആകാശവാണിയിൽ നിയന്ത്രണം ഏർപ്പെടുത്തിയ കാലം കൂടിയായിരുന്നു അത്. സ്വാഭാവികമായി സിലോൺ റേഡിയോ ശ്രോതാക്കളുടെ ഹരമായി. ശക്തിയേറിയ ട്രാൻസ്മിറ്റർ വഴിയായിരുന്നതിനാൽ റേഡിയോ സിലോൺ ലോകത്തിന്റെ മുക്കിലും മൂലയിലുമെത്തി.
1953ൽ എവറസ്റ്റ് കീഴടക്കിയ ടെൻസിങ്ങും ഹിലാരിയും അവരുടെ റേഡിയോ ട്യൂൺ ചെയ്തപ്പോൾ ആദ്യം കേട്ടത് റേഡിയോ സിലോൺ ആണെന്നത് യാദൃച്ഛികതയല്ല. അത്ര വിപുലമായിരുന്നു അക്കാലത്തും സിലോൺ റേഡിയോയുടെ ബ്രോഡ്കാസ്റ്റിങ് നെറ്റ് വർക്ക്. ആകെ 12 വർഷമേ സിലോൺ റേഡിയോയിൽ അവതാരകയായി പ്രവർത്തിച്ചിട്ടുള്ളൂ എങ്കിലും പറഞ്ഞാൽ തീരാത്തത്ര ഓർമ്മകളും അനുഭവങ്ങളുമാണ് സരോജിനിക്കുള്ളത്.
സിലോൺ റേഡിയോയിലൂടെ സരോജിനിയെ കേട്ട് പരിചയപ്പെട്ട യേശുദാസ് ഒരിക്കൽ കൊളംബോയിൽ റേഡിയോ നിലയത്തിൽ സരോജിനിയെ കാണാൻ ചെന്നു. നിർഭാഗ്യവശാൽ അന്നവർ അവധിയായിരുന്നു. ഫോണിലൂടെ ദാസുമായി സംസാരിച്ചെങ്കിലും നേരിൽ കാണണമെന്ന മോഹം മരണം വരെയും സഫലീകരിച്ചില്ല. തമിഴ് വിഭാഗത്തിന് കീഴിലായിരുന്നു അന്ന് മലയാള പ്രക്ഷേപണം. ശരവണമുത്തു, മയിൽവാഹനം എന്നിവർക്കായിരുന്നു തമിഴ് സെക്ഷന്റെ ചുമതല. ബിബിസിയെ അനുകരിച്ചാണ് ശ്രോതാക്കളുമായി സല്ലപിച്ചുള്ള പരിപാടികൾക്ക് രൂപം നൽകിയത്. യേശുദാസിന് പുറമേ ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ, ജോളി എബ്രഹാം, കെ ജെ ജോയ്, പൂവച്ചൽ ഖാദർ, ഭരണിക്കാവ് ശിവകുമാർ എന്നിങ്ങനെ സംഗീത രംഗത്തെ പല പ്രമുഖരുമായും അക്കാലത്ത് സൗഹൃദമുണ്ടാക്കി.
സിലോൺ റേഡിയോ നിലയം ചെന്നെയിൽ ഒരു റെക്കോഡിങ് സ്റ്റുഡിയോ ആരംഭിച്ചിരുന്നു. മലയാള പരിപാടികളിൽ ഭൂരിഭാഗവും അവിടെയാണ് റെക്കോഡ് ചെയ്തിരുന്നത്. ഗായകനും സംഗീത സംവിധായകനുമായ ജെ എം രാജുവിന്റെ ‘വാനമുദം’ പരിപാടി അക്കൂട്ടത്തിൽ വലിയ ജനപ്രിയത നേടിയിരുന്നു. ശ്രീലങ്കയിൽ തമിഴ്-സിംഹള കലാപവും എൽടിടിഇ പ്രക്ഷോഭവും രൂക്ഷമായ ഘട്ടത്തിലാണ് ഔദ്യോഗിക വിടപറയലിന് പോലും നിൽക്കാതെ 1983 ജൂലൈ 25ന് സരോജിനി ശിവലിംഗം ലങ്കയിൽ നിന്നും പാലക്കാട്ടേക്ക് മടങ്ങിയത്. പിന്നീട് സിലോണിലേക്ക് പോയിട്ടുമില്ല. മൂത്ത മകൻ ദാമോദരനും രണ്ടാമൻ ശ്രീധരനും ശ്രീലങ്കക്കാരെയാണ് വിവാഹം ചെയ്തത്.
ഇളയ മകൾ രോഹിണി കോയമ്പത്തൂരിലാണ്. 1999ൽ ഭർത്താവ് ശിവലിംഗം മരിച്ച ശേഷം കോയമ്പത്തൂരിലേക്ക് താമസം മാറ്റിയ സരോജിനി മരുതം നഗറിലെ വീട്ടിലായിരുന്നു അവസാന നാളുകൾ ചെലവഴിച്ചത്.