Site iconSite icon Janayugom Online

റെക്കോഡിന്റെ ‘റൂട്ട് ’ സച്ചിനിലേക്ക്

sACHINsACHIN

ടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടയിലും സെഞ്ചുറികളുടെ എണ്ണത്തിലും സച്ചിന്റെ റെക്കോഡിലേക്ക് കണ്ണുംനട്ട് കുതിക്കുകയാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട്. ലോർട്സിൽ ശ്രീലങ്കയ്ക്ക് എതിരെ രണ്ടാം ടെസ്റ്റിൽ നേടിയ സെഞ്ചുറി റൂട്ടിന്റെ 33-ാമത്തെതായിരുന്നു. ഇതോടെ ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവും അധികം ടെസ്റ്റ് സെഞ്ചുറികൾ നേടിയതാരം എന്ന അലസ്റ്റർ കുക്കിന്റെ റെക്കോഡിനൊപ്പം എത്തുവാനും റൂട്ടിന് സാധിച്ചു.
നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നവരിൽ ഏറ്റവും അധികം ടെസ്റ്റ് സെഞ്ചുറികളും റൂട്ടിന്റെ പേരിൽ തന്നെയാണ്. 32 സെഞ്ചുറികൾ വീതമുള്ള ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെയും ന്യുസിലന്‍ഡ് താരം കെയിൻ വില്യംസിനെയും റൂട്ട് മറികടന്നിട്ടുണ്ട്. ഫാബുലസ് ഫോർ എന്ന് അറിയപ്പെടുന്ന വില്യംസൻ, സ്മിത്ത്, കോലി, റൂട്ട് സഖ്യത്തിലും സെഞ്ചുറി കരുത്തിൽ മുന്നിൽ റൂട്ട തന്നൊണ്. ഈ നാല് പേരിൽ കോലി 29 ടെസ്റ്റ് സെഞ്ചുറിയുമായി മറ്റ് മൂന്ന് പേരെക്കാളും പിന്നിലുമാണ്. 

2021 മുതൽ നാളിതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ റൂട്ടിന്റെ ആധിപത്യമാണെന്ന് കാണാം. ഇക്കാലയളവിൽ ടെസ്റ്റിൽ നിന്ന് റൂട്ട് 16 സെഞ്ചുറികൾ അടിച്ച് കൂട്ടിയപ്പോൾ കോലിക്ക് രണ്ട് തവണ മാത്രമാണ് മൂന്നക്കം കാണാൻ സാധിച്ചത്. റൂട്ടിന് ഇനി തൊട്ടുമുമ്പിലുള്ളത് മറ്റൊരു നാഴികകല്ലാണ്. ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് റണ്‍സ് എന്ന നാഴികകല്ല് പിന്നിടാൻ 198 റൺസ് മാത്രം മതി റൂട്ടിന്. അലസ്റ്റർ കുക്കിന് (12,472) തൊട്ടരുകിൽ തന്നെയുണ്ട് താരം.
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറികൾ അടിച്ചുകൂട്ടുന്ന റൂട്ടിന് മുന്നിൽ ഇനിയുള്ളത് സാക്ഷാൽ ബ്രയൻ ലാറയാണ്. സെഞ്ചുറി കണക്ക് 34ൽ എത്തിച്ചാൽ ലാറ, ജയവർധന, യൂനിസ് ഖാൻ എന്നിവരുടെ നേട്ടത്തിനൊപ്പം റൂട്ട് എത്തും. മൂന്ന് സെഞ്ചുറികൾ കൂടി നേടിയാൽ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം രാഹുൽ ദ്രാവിഡിന്റെ ടെസ്റ്റ് സെഞ്ചുറി റെക്കോഡും റൂട്ട് മറികടക്കും. 36 സെഞ്ചുറികൾ ദ്രാവിഡ് സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. കുമാർ സംഗക്കാര (38), റിക്കി പോണ്ടിങ് (41), ജ്വാകിസ് കാലിസ് (45) സച്ചിൻ ടെണ്ടുൽക്കർ (51) എന്നിവരാണ് റൂട്ടിന് മുന്നിലുള്ളത്. 

33 വയസ് മാത്രമാണ് റൂട്ടിന്റെ പ്രായം. കുറഞ്ഞത് നാല് വർഷമെങ്കിലും നിലവിലെ ഫോം അനുസരിച്ച് റൂട്ടിന് കളിക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 3647 റൺസ് മാത്രം മതി ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരൻ എന്ന റെക്കോഡ് ബാറ്റിങ് ഇതിഹാസം സച്ചിനിൽ നിന്ന് റൂട്ടിന് സ്വന്തമാക്കാൻ. 12274 റൺസുമായി ടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ ഇപ്പോൾ ഏഴാം സ്ഥാനത്താണ് റൂട്ട്. സച്ചിന് പുറമേ അലസ്റ്റർ കുക്ക്, സങ്കക്കാര, രാഹുൽ ദ്രാവിഡ്, ജ്വാകിസ് കാലിസ്, റിക്കി പോണ്ടിങ് എന്നിവരാണ് റൂട്ടിന് മുന്നിലുള്ളത്. രണ്ടോ മൂന്നോ ടെസ്റ്റിനുള്ളിൽ തന്നെ ഏഴിൽ നിന്ന് റൂട്ടിന് ആദ്യ അഞ്ചിൽ എത്താൻ സാധിക്കും. ടെസ്റ്റിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് സെഞ്ചുറി കണക്കിലും ആദ്യ മൂന്നിൽ തന്നെ ജോ റൂട്ട് ഉണ്ടാകുമെന്നാണ് കായിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിക്കുന്ന റൂട്ടിന് എല്ലാംകൊണ്ടും സാഹചര്യം അനുകൂലമാണ്. 

Exit mobile version